കൊവിഡ് വ്യാപനം ശക്തം; ബഹ്റൈനില്‍ രണ്ടാഴ്ചത്തേക്ക് കൂടിച്ചേരലുകള്‍ പാടില്ലെന്ന് അധികൃതര്‍
മനാമ: ബഹ്റൈനില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയെന്നത് ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈനില്‍ ഈയിടെയായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടികളിലും സംഗമങ്ങളിലും പെങ്കടുത്തതുവഴിയാണ് പലർക്കും രോഗം ബാധിച്ചതെന്നാണ് സമ്പർക്ക ശൃംഖലാ പരിശോധനയിൽ വ്യക്തമാകുന്നത്. രോഗം വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് പല ഘട്ടങ്ങളിലും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഇപ്പോഴെങ്കിലും രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കി രോഗ വ്യാപന ശൃംഖല ഭേദിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നത് രണ്ടാഴ്ച നീട്ടിവെച്ചത് രോഗവ്യാപനം തടയുന്നതിനാണ്. അധ്യാപകരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും. റസ്റ്റാറൻറുകളുടെ പ്രവർത്തനം ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൊവിഡ് ബാധിതരായത് 702 പേര്‍
കഴിഞ്ഞ ദിവസം മാത്രം ബഹ്റൈനിൽ 702 പേരാണ് രോഗബാധിതരായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 98 പേർ പ്രവാസികളാണ്. 602 പേർക്ക് സമ്പർക്കത്തിലൂടെയും രണ്ടുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 5002 പേരാണ് ചികിത്സയിൽ കഴിയുന്നത്. 334 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 51574 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."