കള്ളവോട്ട്: സി.പി.എം പുറത്തുവിട്ട ലിസ്റ്റിലെ ഏഴുപേര്‍ വിദേശത്തല്ല
കണ്ണൂര്‍: പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച 28 പേരില്‍ ഏഴുപേര്‍ വിദേശത്തല്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലെ 166ാം ബൂത്തില്‍ പ്രവാസികളുടെ വോട്ടുചെയ്‌തെന്നാണ് സി.പി.എം പറയുന്നത്.
അതില്‍ ആറുപേരും നാട്ടിലുള്ളവരും ഒരാള്‍ വോട്ട് ചെയ്തതിനു ശേഷം ഗള്‍ഫിലേക്കുപോയതാണെന്നും ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
വോട്ടര്‍പട്ടികയിലെ 102 നമ്പര്‍ എം. സാബിത്ത്, 237 നമ്പര്‍ എം. മുഹമ്മദ് അന്‍വര്‍, 1155 നമ്പര്‍ കെ.വി താജുദ്ദീന്‍ എന്നിവരാണ് ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സാബിത്ത് ഏപ്രില്‍ 12നു നാട്ടിലെത്തി. അന്‍വര്‍ 10മാസങ്ങള്‍ക്കു മുന്‍പും താജുദ്ദീന്‍ കഴിഞ്ഞവര്‍ഷം ഡിസംബറിലും നാട്ടിലെത്തിയതാണെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം നാട്ടിലുണ്ടായിരുന്ന പ്രവാസിയായ 184ാം നമ്പര്‍ എം. ഷബീര്‍ 25നാണ് തിരിച്ചുപോയത്. സി.പി.എം മാധ്യമങ്ങള്‍ക്കു മുന്‍പാകെ പുറത്തുവിട്ടതും തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയ പട്ടികയില്‍ 21ാം നമ്പര്‍ വോട്ടര്‍ കെ.പി ജാബിര്‍ എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ശരിയായ വോട്ടര്‍ പട്ടികയില്‍ പാമ്പുരുത്തിയിലെ റേഷന്‍ കട നടത്തുന്ന പി. കമാല്‍ ആണ്.
എന്തിനാണ് തെറ്റായ വിവരങ്ങള്‍ വച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അബ്ദുല്‍ കരീം ചേലേരി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ സി.പി.എമ്മിന്റെ കള്ളവോട്ടിനെതിരേ നടപടി സ്വീകരിച്ചതിനാല്‍ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാനുള്ള നാടകമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പുറത്തുവിട്ട തെരഞ്ഞെടുപ്പ് വിഡിയോ ജില്ലാ വരണാധികാരിയാണ് സൂക്ഷിക്കുന്നത്. ഇതു വിവരാവകാശ നിയമപ്രകാരം ലഭിക്കുകയാണെങ്കില്‍ കാലതാമസമെടുക്കും.
ഈ സാഹചര്യത്തില്‍ വിഡിയോകള്‍ എങ്ങനെയാണ് സി.പി.എം നേതൃത്വത്തിനു ലഭിച്ചത്. ജില്ലാ കലക്ടറും സി.പി.എമ്മും തമ്മില്‍ എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
കള്ളവോട്ട് ആരോപണം അന്വേഷിക്കും: ലീഗ്
കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ വിശദമായി പരിശോധിച്ച ശേഷം അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് നേതാക്കള്‍. ഇതേക്കുറിച്ചു സംസ്ഥാന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തകരോടു വിശദീകരണം തേടിയിട്ടുണ്ട്. അവര്‍ കലക്ടര്‍ക്ക് മുന്‍പാകെ ഹാജരായി തെളിവുനല്‍കും.
ഇക്കാര്യം തെളിയിക്കപ്പെട്ടാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. സി.പി.എം പുറത്തുവിട്ട ലിസ്റ്റിലുള്ളവരെ കുറിച്ചും അന്വേഷിക്കും. കള്ളവോട്ട് ചെയ്‌തെന്നു ആരോപണവിധേയനായ ഫായിസ് മുന്‍ ലീഗ് പ്രവര്‍ത്തകനാണ്. പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നു വ്യക്തമാണ്. വോട്ട് ചെയ്യുന്ന സ്ഥലത്തെ ചുമരില്‍ സി.പി.എം ചിഹ്നമുണ്ട്.
ബൂത്തിനു 200 മീറ്റര്‍ ചുറ്റളവില്‍ പാര്‍ട്ടികളുടെ ചിഹ്നമോ സ്ഥാനാര്‍ഥിയുടെ ചിത്രമോ പാടില്ലെന്നാണു നിയമമെന്നിരിക്കെ പോളിങ് ബൂത്തില്‍ എങ്ങനെയാണ് പാര്‍ട്ടി ചിഹ്നം വന്നത്. മാത്രമല്ല പോളിങ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന സീറ്റിലും അവ്യക്തതയുണ്ട്. ഇതെല്ലാം ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."