സമദിന്റെ പെന്‍ഷന്‍ പോയ വഴി; വികലാംഗ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലുമാസം
താമരശേരി: നാലുമാസമായി സമദിനു പെന്‍ഷന്‍ ലഭിച്ചിട്ട്. മുറുക്കാന്‍കട നടത്തി ഉപജീവനം നടത്തുന്ന ഭിന്നശേഷിക്കാനായ സമദിന് സ്വന്തം കാറുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വൈകല്യങ്ങളെ അതിജയിച്ച് പ്രായത്തിലും തളരാതെ ചെയ്തുവരുന്ന ജോലികൊണ്ട് ലഭിക്കുന്ന തുച്ഛമായ വരുമാനവും പെന്‍ഷനുമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇതും നാലുമാസമായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കൊടുവള്ളി നഗരസഭയിലെ വാടിക്കല്‍ കൊളാട്ടപൊയില്‍ താമസിക്കുന്ന സമദ് കത്തറമ്മലിലാണ് മുറുക്കാന്‍ കട നടത്തുന്നത്.
ഇല്ലാത്ത കാര്‍ തനിക്ക് സ്വന്തമുണ്ടെന്ന് പറയുന്ന തെറ്റായ സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് മോചനം നേടാന്‍ നിരവധി ഓഫിസുകളില്‍ കയറിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കില്ലെന്നാണ് നിയമം.
പെന്‍ഷന്‍ മുടങ്ങിയതോടെ മക്കളില്ലാത്ത അബ്ദുസ്സമദും ഭാര്യയും ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. വിവിധ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിനു തന്നെ ധാരാളം പണം വേണ്ടിവരുന്നു.
എന്നാല്‍ തന്റെ പരാതികള്‍ക്ക് ഇന്നലെ നടന്ന താമരശേരി താലൂക്കിലെ അദാലത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. തഹസില്‍ദാരെയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി എം.പി ജയരാജിനെയും സമദ് ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയറില്‍ സംഭവിച്ച അപാകതയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഏറെ വൈകാതെ പെന്‍ഷന്‍ ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലാണിയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."