സി.ബി.എസ്.ഇ പ്ലസ്ടു ഫലം: ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം
കോഴിക്കോട്: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലടക്കം (കെ.വി ഒന്ന്) പ്രമുഖ വിദ്യാലയങ്ങളില്‍ നൂറുശതമാനം വിജയം. കെ.വി ഒന്നില്‍ പരീക്ഷയെഴുതിയ 194 പേരും ജയിച്ചു. സംസ്ഥാനതലത്തില്‍ മുന്നിലെത്തിയ കൊമേഴ്‌സ് ഗ്രൂപ്പ് വിദ്യാര്‍ഥിനി വര്‍ഷ വിജയ്ക്ക് പുറമേ ഹ്യുമാനിറ്റീസില്‍ അലീന സന്തോഷും (97.4ശതമാനം) സയന്‍സില്‍ കെ. അപര്‍ണയുമാണ് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. കേന്ദ്രീയ വിദ്യാലയം രണ്ടില്‍ 46 പേര്‍ പരീക്ഷയെഴുതിയതില്‍ 45 പേര്‍ ജയിച്ചു.
എന്‍.ഐ.ടി ക്യാംപസിലെ സ്പ്രിങ്വാലി സ്‌കൂളില്‍ 15ല്‍ 15 പേരും ജയിച്ചു. ജില്ലക്ക് അഭിമാനമായി മുന്‍നിരയിലെത്തിയ അനുസ്മിത ബിശ്വാസിന് (98.8 ശതമാനം) പുറമേ അജ്ഞന നായരും( 97.4 ശതമാനം)ഈ സ്‌കൂളിലെ വിജയത്തില്‍ തിളങ്ങി.
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ എഴുതിയ 90 പേര്‍ക്കും മികച്ച വിജയം നേടാനായി. 12 പേര്‍ക്ക് എ വണ്‍ ഗ്രേഡുണ്ട്. 37 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. അതുല്‍ എസ്. വര്‍ഗീസ് (98.4 ശതമാനം), മാധവ് രാജേഷ് (97.8 ശതമാനം), ഗീതു പോള്‍സണ്‍ (96.6 ശതമാനം), കെ. ദര്‍ഷിക (96.2 ശതമാനം) എന്നിവരാണ് സില്‍വര്‍ഹില്‍സില്‍ മികച്ച വിജയം നേടിയവര്‍.
ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ 127 പേരും ജയിച്ചു. 59 പേര്‍ക്ക് 90 ശതമാനത്തിലധികം മാര്‍ക്ക് നേടാനായി. പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഓമശ്ശേരി പ്ലസന്റ് സ്‌കൂള്‍, ചാത്തമംഗലം എം.ഇ.എസ് രാജ സ്‌കൂള്‍, താമരശ്ശേരി അല്‍ഫോന്‍സ തുടങ്ങിയ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി. ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ എഴുതിയ 12 ല്‍ നാല് ഡിസ്റ്റിംഗ്ഷനും 7 പേര്‍ക്ക് ഫസ്റ്റ് ക്ലാസും, ഒരാള്‍ക്ക് സെക്കന്‍ഡ് ക്ലാസുമുണ്ട്. 93 ശതമാനം മാര്‍ക്ക് നേടി ഷബീബ് ഒന്നാമതെത്തി. വടകര റാണി പബ്ലിക് സ്‌കൂളില്‍ 99.5 ശതമാനമാണ് ജയം. 14 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. 47 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 40 പേര്‍ക്ക് ഫസ്റ്റ് ക്ലാസും നേടി. വടകര അമൃത വിദ്യാലയത്തിന് നൂറുശതമാനം നേടി. 22 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
ചാത്തമംഗലം ദയാപുരം റസിഡന്‍ഷല്‍ സ്‌കൂളിന് തുടര്‍ച്ചയായി 23-ാം തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 107 പേരില്‍ 52 വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 53 പേര്‍ക്ക് ഫസ്റ്റ് ക്ലാസും 2 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. മാങ്കാവ് പ്രസ്റ്റീജ് പബ്ലിക്ക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 16 പേരില്‍ 7 പേര്‍ക്ക് ഡിസ്റ്റിങ്ങ്ഷനും, 5 പേര്‍ക്ക് ഫസ്റ്റ് ക്ലാസ്സും, 3 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.
496/500 വര്‍ഷ വിജയ്, 494/500 അനുസ്മിത
കോഴിക്കോട്: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്‍ കോഴിക്കോടിന് അഭിമാനമായി വര്‍ഷ വിജയ്. ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ 12ാം ക്ലാസ് കൊമേഴ്‌സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയായ വര്‍ഷ 99.2 ശതമാനം (500ല്‍ 496) മാര്‍ക്കാണ് വര്‍ഷ നേടിയത്. സംസ്ഥാനതലത്തില്‍ തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് റെസിഡന്‍ഷല്‍ സ്‌കൂളിലെ എ. മാളവികയാണ് സംസ്ഥാനത്ത് 496 മാര്‍ക്ക് നേടിയ മറ്റൊരു വിദ്യാര്‍ഥിനി.
മൂന്ന് വിഷയങ്ങളില്‍ നൂറും രണ്ട് വിഷയങ്ങളില്‍ 98ഉം മാര്‍ക്കാണ് വര്‍ഷ നേടിയത്. മെഡിക്കല്‍ കോളജിനടുത്ത് ദൂരദര്‍ശന്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിജയകുമാറിന്റെയും സുജാതയുടെയും മകളായ വര്‍ഷക്ക് പത്താം ക്ലാസിലും മിന്നുന്ന വിജയമുണ്ടായിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ സ്റ്റെനോഗ്രാഫറായ വിജയകുമാര്‍ ഒറ്റപ്പാലം സ്വദേശിയാണ്. എന്‍.ഐ.ടി ക്യാംപസിലെ സ്പ്രിങ് വാലി സ്‌കൂളില്‍ പഠിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അനുസ്മിത ബിശ്വാസ് 494 മാര്‍ക്ക് നേടി. ശതമാനക്കണക്കില്‍ 98.8 ആണ് മാര്‍ക്ക്. സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയായ അനുസ്മിതയും സംസ്ഥാനതലത്തിലെ 12 മിടുക്കരുടെ പട്ടികയില്‍ ഇടംനേടി.
എന്‍.ഐ.ടി ഇലക്ട്രിക്കല്‍ വകുപ്പില്‍ അധ്യാപികയായ ഡോ. മുക്തി ബരായിയുടേയും ഡോ. ജയന്ത ബിശ്വാസിന്റെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."