അതിര്‍ത്തിയില്‍ സമാധാനം പുലരുമോ?
മൂന്നുമാസത്തെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരിക്കുകയാണ്. ഇതോടെ അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയിരുന്ന യുദ്ധഭീഷണി തല്‍ക്കാലം ഒഴിഞ്ഞുപോയെന്ന് ആശ്വസിക്കാം. മോസ്‌ക്കോയില്‍ വ്യാഴാഴ്ച സമാപിച്ച ഷാങ്ഹായി സമ്മേളനത്തിലാണ് ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ അഞ്ചിന കരാറിന്റെ അടിസ്ഥാനത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വീ ഫെങ്കെയും മോസ്‌ക്കോയില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. മാത്രമല്ല, ഇരുരാഷ്ട്രങ്ങളിലെയും മന്ത്രിമാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുകയായിരുന്നു. ലഡാക്കില്‍ പാംഗോഗ് തടാകത്തിലൂടെ സൈനികനീക്കം നടത്താനുള്ള ചൈനയുടെ നീക്കം കഴിഞ്ഞദിവസം ഇന്ത്യ തടഞ്ഞിരുന്നു. രണ്ട് ബോട്ടുകളിലായി നാല്‍പതോളം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളാണ് തടാകത്തിലൂടെ എത്തിയത്. ഇന്ത്യന്‍ സൈനികര്‍ അവരെ തടയുകയും ബോട്ടുകള്‍ തിരികെ അയയ്ക്കുകയും ചെയ്തു.
ഇപ്പോള്‍ ധാരണയിലെത്താന്‍ സഹായകമായത് ഇന്ത്യയും ചൈനയും റഷ്യയും ഒന്നിച്ചിരുന്നു നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു. ഈ ചര്‍ച്ചയ്ക്കുശേഷമാണ് ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗത്തില്‍ തന്നെ ധാരണ ഉരുത്തിരിഞ്ഞുവന്നിരുന്നു. സമ്മേളനാന്തരം രാത്രി 11നാണ് ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയത്. അഞ്ച് കാര്യങ്ങളിലാണ് ധാരണയിലെത്തിയിരിക്കുന്നത്. അതിര്‍ത്തിയിലെ സേനാപിന്മാറ്റം ഇരുരാഷ്ട്രങ്ങളും വേഗത്തിലാക്കുക, സൈനികതല ചര്‍ച്ച തുടരുക, ഭിന്നതകള്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് കാരണമാവാതിരിക്കുക, ഉഭയകക്ഷി കരാറുകള്‍ പാലിക്കുക, പരസ്പര വിശ്വാസമുണ്ടാക്കാന്‍ ഇരുരാജ്യങ്ങളും നടപടിയെടുക്കുക എന്നിവയാണവ.
എന്നാല്‍, ഈ ധാരണകള്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് കണ്ടറിയുക തന്നെ വേണം. മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയ കരാറുകളും ധാരണകളും ലംഘിച്ച ചരിത്രമാണ് ചൈനയ്ക്കുള്ളത്. വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ധാരണ സൈനികതലത്തില്‍ പാലിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല.
1954ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ചൈനീസ് പ്രധാനമന്ത്രി ചൂ അന്‍ലായിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി അഞ്ചുകാര്യങ്ങളില്‍ ധാരണയായതായിരുന്നു. പഞ്ചശീല തത്വം എന്ന പേരിലറിയപ്പെട്ട ആ കരാര്‍ ചൈന ഏകപക്ഷീയമായി ലംഘിക്കുകയും 1962ല്‍ ഇന്ത്യയെ അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കരാര്‍ ലംഘനങ്ങള്‍ ചൈന തുടര്‍ന്നുകൊണ്ടിരുന്നു. ജൂണില്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയ ചൈന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ കഴിഞ്ഞയാഴ്ച ലഡാക്കിലെ പാംഗോഗ്, ചുഷല്‍ പ്രദേശങ്ങളിലെ ഇന്ത്യയുടെ കുന്നുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്തിരിഞ്ഞെങ്കിലും ഇന്ത്യക്ക് ഒരു സൈനികനെ നഷ്ടപ്പെട്ടു. കുന്നുകളില്‍ ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ ചൈനയുടെ കടന്നുകയറ്റം പരാജയപ്പെട്ട നിലയിലാണ്. ഇപ്പോഴത്തെ ധാരണയ്ക്ക് സമ്മതംമൂളാന്‍ ചൈന തയാറായതിന് ഇത് കാരണമായിരിക്കാം. ജൂണില്‍ ചൈന നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇരുനൂറ് മീറ്റര്‍ അകലത്തില്‍ ഇപ്പോഴും ഇരുസൈന്യവും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. മോസ്‌ക്കോയിലെ ധാരണയെ തുടര്‍ന്ന് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് ചൈന പിന്മാറേണ്ടതുണ്ട്. അത് സംഭവിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പാംഗോഗ് തടാകതീരത്ത് നിലയുറപ്പിക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞെങ്കിലും യഥാര്‍ഥ നിയന്ത്രണരേഖക്ക് അപ്പുറത്തേക്ക് (എല്‍.എ.സി) ചൈന പിന്മാറേണ്ടതുണ്ട്.
ഇപ്പോഴും ആയുധസജ്ജരായി ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് അയവുണ്ടാകാന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് ചൈന പിറകോട്ട് പോകണം. എന്നാല്‍, ഇന്ത്യ പിറകോട്ട് മാറണമെന്നാണ് ചൈനയുടെ ആവശ്യം. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈന അതിക്രമിച്ചുകയറിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെതന്നെ ചൂണ്ടിക്കാണിച്ചതാണ്. ഒരിഞ്ച് ഭൂമിയും ഇന്ത്യ വിട്ടുകൊടുത്തിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. നമ്മുടെ ഭൂമി അവര്‍ പിടിച്ചെടുത്തിട്ടില്ലെങ്കില്‍ എന്തിനാണ് ചര്‍ച്ച നടത്തുന്നതെന്നുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനു ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ഇതും ദൈവത്തിന്റെ കളികളാണോയെന്ന അദ്ദേഹത്തിന്റെ പരിഹാസത്തിനും സര്‍ക്കാരില്‍നിന്ന് കൃത്യമായ മറുപടികളില്ല. കൊവിഡ് ഇന്ത്യയില്‍ പടരുന്നത് ദൈവത്തിന്റെ കളികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പറഞ്ഞതിനെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഏതായാലും ഈ മാസം 17ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ഹ്രസ്വമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തൃപ്തികരമായ മറുപടി പറയുന്നില്ലെങ്കില്‍ അത് കൂടുതല്‍ സംശയങ്ങള്‍ക്കായിരിക്കും ഇടവരുത്തുക. ഷാങ്ഹായ് സമ്മേളനത്തില്‍ സംയുക്ത പ്രസ്താവന നടത്താന്‍ കഴിഞ്ഞുവെന്നത് നേട്ടം തന്നെയാണ്. ആ നേട്ടം നിലനില്‍ക്കണമെങ്കില്‍ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."