പ്രളയം: ശുചീകരണ പ്രവര്‍ത്തനത്തിന് ആറ്റിങ്ങലില്‍ നിന്ന് ജനസഞ്ചയം
ആറ്റിങ്ങല്‍: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആറ്റിങ്ങല്‍ മേഖലയില്‍ നിന്ന് ജനസഞ്ചയം. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ വിവിധ മേഖലകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് യാത്രത്തിരിച്ചത്.
ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍ ഭാഗങ്ങളില്‍ സര്‍വിസ് നടത്തുന്ന നാല്‍പതോളം സ്വകാര്യബസുകളിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പോയിവന്നത്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ പൊതുനിരത്തുകള്‍ തുടങ്ങിയ നിരവധി മേഖലയും വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗങ്ങള്‍ ആലപ്പുഴയിലെ പുലിയൂര്‍ പഞ്ചായത്തില്‍ ശുചീകരണം നടത്തി. സി.പി.എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ വര്‍ക്കല കിളിമാനൂര്‍ ഏരിയയിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളിലാണ് ശുചീകരണം നടത്തിയത്. കിളിമാനൂര്‍ ഏരിയ കമ്മറ്റി കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ സേവനം നടത്തി.
വെള്ളല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മുട്ടാര്‍ പഞ്ചായത്ത് പ്രദേശത്തും അഞ്ചുതെങ്ങ് ലോക്കല്‍ കമ്മിറ്റി ചെങ്ങനൂര്‍ നഗരസഭയിലെ മംഗലം വാര്‍ഡിലും സേവനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. ലൈജു, എസ്. സുരേന്ദ്രന്‍, എ. പ്രമീള, കെ. ബാബു, ജെസ്ഫിന്‍ മാര്‍ട്ടിന്‍, ലിജജോസ്, വിമല്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്‍പതോളം പേരാണ് പോയത്. ആറ്റിങ്ങല്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുട്ടാര്‍ പഞ്ചായത്ത് പ്രദേശമാണ് ശുചീകരിച്ചത്. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആര്‍. രാമു, മുന്‍ ചെയര്‍മാന്‍ അഡ്വ. സി.ജെ രാജേഷ്‌കുമാര്‍, ആര്‍. രാജു, ദേവരാജന്‍, ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറി ആര്‍.എസ് അനൂപ്, കൗണ്‍സിലര്‍മാരായ കോമളകുമാരി, ജമീല, പി.എസ് വേണു, ഷീജ, മഞ്ജു, ഗായത്രിദേവി, ശ്യാമളാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറ്റിയമ്പത്തോളം പേരാണ് പോയത്. എടത്വ പള്ളിയും കോളജും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങള്‍ ശുചീകരണം നടത്തി.
കൂടാതെ വര്‍ക്കല വെഞ്ഞാറമൂട് മേഖലകളില്‍ നിന്നും നിരവധി പേര്‍ ചേര്‍ന്ന് ശുചീകരത്തിന് പോയി. വിവിധ തലങ്ങളില്‍ നിന്നും ഇപ്പോഴും സഹായങ്ങള്‍ ഈ പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."