എലിപ്പനി: കര്‍ശന ജാഗ്രത വേണം
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും പ്രസ്തുത ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുള്ളവര്‍ക്കും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി പ്രീത അറിയിച്ചു.
ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 20 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എലി, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യം വലിയതോതില്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ എലിപ്പനി സാധ്യത വളരെ കൂടുതലാണ്.
മലിനജലവുമായി സമ്പര്‍ക്ക സാധ്യത ഉള്ളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. ആഹാരത്തിന് ശേഷം രണ്ട് 100 മില്ലി ഗ്രാം ഗുളികകള്‍, ആഴ്ചയില്‍ രണ്ട് വീതം ആറാഴ്ച വരെ തുടര്‍ച്ചയായി കഴിക്കണം. മറ്റ് ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ടെറ്റനസ് ഇന്‍ജക്ഷന്‍ എടുക്കാനും ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ ലഭ്യമാക്കാനുമുള്ള സൗകര്യം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തങ്ങള്‍ക്ക് പോകുന്നവര്‍ക്ക് വേണ്ട ആരോഗ്യ മുന്‍കരുതലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."