ജോസ് വിഭാഗം വട്ടപൂജ്യം: പി.ജെ ജോസഫ്
കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിലൂടെ സത്യവും നീതിയും ജയിക്കുമെന്ന് തെളിഞ്ഞതായി കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ്.
ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയും നല്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് നല്‍കിയതില്‍ തെരഞ്ഞെടുപ്പു കമ്മിഷനിലെ ഒരംഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ജോസ് കെ. മാണിക്ക് ചെയര്‍മാനായി തുടരാന്‍ കഴിയില്ലെന്ന് ഇടുക്കി മുന്‍സിഫ് കോടതിയുടെയും കട്ടപ്പന സബ് കോടതിയുടെയും വിധി നിലനില്ക്കുമ്പോള് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ഇറക്കിയത്. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് എന്ന നിലയില്‍ ജോസ് കെ. മാണി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത് കോടതി അലക്ഷ്യമാണ്. അത് അദ്ദേഹത്തിന് വിനയാകും. മുഖ്യമന്ത്രിക്ക് ഒരു ദിവസം കൂടി കാക്കാമായിരുന്നു. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിക്ക് എഴുതി കൊടുത്തിരുന്നതായും പി.ജെ ജോസഫ് പറഞ്ഞു. കോടതി അലക്ഷ്യത്തിനുള്ള ശിക്ഷ ജോസ് കെ. മാണിക്ക് ലഭിക്കും. ജോസ് കെ. മാണി വിഭാഗം വട്ടപൂജ്യമാണ്. കേരള കോണ്‍ഗ്രസ് എന്ന പേരും, രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് ഉപയോഗിക്കാന്‍ അര്‍ഹതയില്ല. കോടതിയുടെ അന്തിമവിധിയും തങ്ങള്‍ക്ക് അനുകൂലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."