ശിവശങ്കറിന്റെ സസ്പെന്ഷന് പരിശോധിക്കാന്‍ പ്രത്യേക സമിതി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സസ്പെന്‍ഷനിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്ഷന് പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.
ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ചെയര്‍മാനായ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിത വി. കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്, ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിരിച്ചെടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്.
എന്നാല്‍ സിവില്‍ സര്‍വിസ് ചട്ടപ്രകാരമുള്ള സാധാരണ നടപടിക്രമം മാത്രമെന്നാണ് ഇതേക്കുറിച്ച് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തുമടക്കുള്ളവരുമായുള്ള ബന്ധത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റും എന്‍.ഐ.എയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."