ജില്ലയില്‍ ഇനി അഞ്ചു ക്യാമ്പുകള്‍
കോട്ടയം : പ്രളയത്തെത്തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച 502 ക്യാമ്പുകളില്‍ ഇനി പ്രവര്‍ത്തിക്കുന്നത് അഞ്ചു ക്യാമ്പുകള്‍ മാത്രം. കോട്ടയം, വൈക്കം താലൂക്കുകളില്‍ രണ്ടും ചങ്ങനാശ്ശേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയത്ത് പനച്ചിക്കാട് വില്ലേജില്‍ പാത്താമുട്ടം മാര്‍ സ്ലീവ ഓഡിറ്റോറിയത്തിലും ആര്‍പ്പൂക്കര വില്ലേജില്‍ ചീപ്പുങ്കല്‍ സെന്റ് ആന്റണീസ് പള്ളി ഹാളിലുമാണ് ക്യാമ്പുകള്‍. മാര്‍സ്ലീവയില്‍ കുട്ടനാട് കൈനകരി ഭാഗത്തുനിന്നുള്ളവരാണ് ഉള്ളത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍നിന്നു വെള്ളം ഇറങ്ങാത്തതും മാലിന്യമടിഞ്ഞതുമാണ് ക്യാമ്പുകളില്‍ തുടരാന്‍ കാരണം. ആര്‍പ്പൂക്കര ക്യാമ്പിലുള്ളവര്‍ മഞ്ചാടിക്കരി ഭാഗത്തുള്ളവരാണ്. വെച്ചൂര്‍ ക്യാമ്പിലുണ്ടായിരുന്ന ഇവര്‍ അവിടെനിന്നു വീടുകളിലേക്കു മാറിയെങ്കിലും വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ആര്‍പ്പൂക്കര ക്യാമ്പിലെത്തിയതാണ്. വൈക്കത്ത് വെച്ചൂര്‍ വില്ലേജില്‍ എസ്.എന്‍.ഡി.പി. ശാസ്താംകുളം, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
എസ്.എന്‍.ഡി.പിയില്‍ മഞ്ചാടിക്കരി ഭാഗത്തുനിന്നുള്ളവരാണ്. മടവീണതും പാടശേഖരത്ത് വെള്ളം കെട്ടിനില്‍ക്കുന്നതുമാണ് വീടുകളിലേക്കുള്ള ഇവരുടെ യാത്ര വൈകാന്‍ കാരണം. കമ്യൂണിറ്റി ഹാളില്‍ തുടരുന്നവര്‍ വീടുകളിലേക്കു മടങ്ങിയെങ്കിലും വെള്ളം ഇറങ്ങാത്തതും വീടുകളില്‍ അസഹനീയമായ മണവും മൂലം തിരിച്ചു ക്യാമ്പിലെത്തിയവരാണ്. ചങ്ങനാശ്ശേരി വാഴപ്പിള്ളി കിഴക്കു വില്ലേജില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് ക്യാമ്പ്. പ്രദേശവാസികള്‍ തന്നെയാണ് ക്യാമ്പ് അന്തേവാസികള്‍. വെള്ളക്കെട്ട് തുടരുന്നതാണ് പ്രതിസന്ധി. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ക്യാമ്പുകള്‍ പിരിച്ചുവിടാനാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."