ദുരിതാശ്വാസം: 31,946 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ എത്തിച്ചു
കോട്ടയം : ജില്ലയില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച 31,946 കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ എത്തിച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തുന്ന കിറ്റു വിതരണം അന്തിമഘട്ടത്തിലാണ്.
6964 കുടുംബങ്ങള്‍ക്കു കൂടി മാത്രമേ കിറ്റുകള്‍ വിതരണം ചെയ്യാനുള്ളൂ എന്നും രണ്ടു ദിവസങ്ങള്‍ക്കകം വിതരണം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു.190 ടണ്‍ അരി, 19005 കിലോ വീതം തുവരപരിപ്പ്,പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, ഉള്ളി, 38010 കിലോ വീതം സവാള, ഉരുളക്കിഴങ്ങ്, 3800 കിലോ വീതം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിങ്ങനെ 13 വിഭവങ്ങള്‍ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത് .കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, വൈക്കം മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ,പൊതി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍, പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷന്‍ എന്നീ കളക്ഷന്‍ സെന്ററുകളില്‍ കഴിഞ്ഞ ആറു ദിവസങ്ങളിലായി നടന്ന കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് ഇത്രയും വേഗത്തില്‍ കിറ്റു വിതരണം നടത്താനായത്. കോട്ടയം ബസേലിയസ് കോളേജില്‍ 18010 കിറ്റുകളും പാലാ സെന്റ് തോമസ് കോളേജില്‍ 10000 കിറ്റുകളുീ വൈക്കത്ത് നിന്നും 5000 കിറ്റുകളും പൊന്‍കുന്നം സിവില്‍ സ്റ്റേഷനില്‍ നിന്നും 5000 കിറ്റുകളും പായ്ക്ക് ചെയ്തു.
വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, എന്‍.എസ്.എസ് വോളണ്ടിയേഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത്. മുഴുവന്‍ കളക്ഷന്‍ സെന്ററുകളും ഇന്നലെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
കോട്ടയം ബസേലിയസ് കോളേജിലെ കലക്ഷന്‍ സെന്ററില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കായുള്ള കിറ്റ് പായ്ക്കിംഗ് ജോലി പൂര്‍ത്തിയാക്കിയ ശേഷം ജീവനക്കാരും വൊളണ്ടിയേഴ്‌സും ജില്ലാ കലക്ടറോടൊപ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."