ഉമ്മറുട്ടി; ഞെട്ടറ്റുവീണ പൊന്നാനിയുടെ ആത്മാവ്
മരണപ്പെടുന്നതിന്റെ കൃത്യം അഞ്ചു ദിവസം മുന്‍പാണ് വിളിച്ചത്. പതിവുള്ള മെസേജ് കാണാതിരുന്നിട്ട് ആഴ്ച ഒന്നു പിന്നിട്ടിരുന്നു.
ഉമ്മറുട്ടിക്കാ... ജീവിച്ചിരിപ്പില്ലേ...
ഉണ്ടെടാ.. ഭയങ്കര പനിയാ..
കൊവിഡാണോ എന്ന് തമാശരൂപേണ
ഞാനും.
ഹേയ്... അല്ല.
ശബ്ദത്തിന് വിറയലുണ്ട്.
ശരി പിന്നെ വിളിക്കാം..
വീട്ടിലേക്ക് വരണോ എന്ന് ഞാന്‍.
വേണ്ട..വേണ്ട... എല്ലാം ശരിയാവുമെന്ന്
മൂപ്പരും.
അഞ്ചാംപക്കം കേട്ടത് ഉമ്മറുട്ടിക്ക കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ്. ഉമ്മറുട്ടിയുടെ വിയോഗം പൊന്നാനിയുടെ ആത്മാവില്‍ നിന്ന് ഒരു പച്ചിലയുടെ ഞെട്ടറ്റ വീഴ്ചയാണ്. കാരണം ഒത്തിരി സ്വപ്‌നങ്ങള്‍ ബാക്കിയാണ് നാടകകൃത്തും എഴുത്തുകാരനുമായ ഉമ്മര്‍കുട്ടി യാത്രയായത്. പൊന്നാനിയുടെ സംഗീതപാരമ്പര്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതൊരു പുസ്തകമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പൊന്നാനിയിലെ നാളിതുവരെ ജീവിച്ചും മരിച്ചും പോയ എല്ലാ പാട്ടുകാരുടെയും പാട്ടുകളും ഖവാലികളും മാലകളും മൗലിദുകളും കടല്‍പ്പാട്ടുകളും മാപ്പിളപ്പാട്ടുകളും അടങ്ങുന്ന വലിയൊരു ശേഖരം ചേര്‍ത്തുവച്ചാണ് സര്‍ഗാത്മകത പ്രദാനം ചെയ്ത ആ ആചാര്യന്‍ പൊടുന്നനെ പോയ്മറഞ്ഞത്.
സത്യത്തില്‍ പൊന്നാനി സംസ്‌കാരത്തിന്റെ അവധൂതനായാണ് ഉമ്മറുട്ടി ജീവിതകാലം മുഴുവന്‍ പച്ചമണ്ണില്‍ ചവിട്ടി നടന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ജീവിത സംഭാവന. അതോടൊപ്പം നാടകങ്ങള്‍ രചിച്ചു, അഭിനയിച്ചു, എഴുത്തുകാരെയും കലാകാരന്മാരെയും വാര്‍ത്തെടുത്തു. പത്തേമാരിപ്പാട്ടുകള്‍ ശേഖരിച്ചു. ഉറൂബ് സ്മാരക നിര്‍മാണത്തിന് പ്രയത്‌നിച്ചു. തിരൂര്‍ തുഞ്ചന്‍ കോളജ്, കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളജ് തുടങ്ങി പലയിടങ്ങളിലും ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു. സാധാരണ മനുഷ്യരെപ്പോലെ ജോലിയെടുക്കുകയും വിവാഹം കഴിക്കുകയും മക്കളുടെ ഉപ്പയാകുകയും ചെയ്യുമ്പോഴും താന്‍ മറ്റെന്തോ കൂടിയാണെന്ന് അദ്ദേഹം നിരന്തരം പ്രഖ്യാപിച്ചു. പൊന്നാനിയിലെ അടിസ്ഥാന വര്‍ഗമായ അഴീക്കലുകാരനാണ് താനെന്ന് അഭിമാനത്തോടെ ആര്‍ക്കു മുന്നിലും വിളിച്ചു പറഞ്ഞിരുന്നത് പലപ്പോഴായി നേരിട്ട അവഗണനയുടെ വേദനയിലാണ്.
പാടിത്തീരാത്ത പാട്ടുപോലെയായിരുന്നു ഉമ്മര്‍കുട്ടിയുടെ വിയോഗം. പുതുതലമുറയ്ക്കായ് പൊന്നാനിയുടെ കടല്‍പരമ്പര്യത്തെയും അവരുടെ തനതായ സംസ്‌കാരത്തെയും കലയെയും ചേര്‍ത്തുനല്‍കിയാണ് ഉമ്മര്‍ക്കുട്ടിയുടെ വിയോഗം. വെറുതെയിരിക്കുന്ന ഉമ്മര്‍കുട്ടിയെ ആരും കണ്ടിട്ടില്ല. പൊന്നാനിയിലെ ഏതൊരു സാഹിത്യ ചടങ്ങുകളിലും ഈ മനുഷ്യന്‍ മുഖ്യ സംഘാടകനായി മുന്‍നിരയിലുണ്ടാകും. കൂടെ ഓടിയെത്താന്‍ വിയര്‍ത്തുപോകും മറ്റുള്ളവര്‍. കഴിഞ്ഞവര്‍ഷം പു ക സ സംസ്ഥാന സമ്മേളനം പൊന്നാനിയില്‍ സംഘടിച്ചപ്പോഴും അതിന്റെ മുന്‍നിരയില്‍ സംഘാടകനായി ഈ മനുഷ്യനുണ്ടായിരുന്നു.
ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോഴും പാര്‍ട്ടിയിലെ നേതാക്കന്മാരുടെ വലതുപക്ഷ വ്യതിയാനത്തെ തള്ളിപ്പറയാന്‍ മടി കാണിച്ചിരുന്നില്ല. ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ എഞ്ചിനീയറിങ് കോളജില്‍ ലൈബ്രേറിയനായി ചുമതലയേറ്റപ്പോള്‍ നിയമവിരുദ്ധമായി എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡ് ഒറ്റക്കുചെന്ന് ദൂരെക്കളഞ്ഞതും ഉമ്മര്‍ക്കുട്ടിയുടെ മനക്കരുത്തിന്റെയും കൈക്കരുത്തിന്റെയും നിലപാടിന്റെയും ധൈര്യത്തിലാണ്. ചോദ്യം ചെയ്യപ്പെടാത്ത എസ്.എഫ്.ഐ നേതൃത്വം അന്ന് ആദ്യമായി ഈ മനുഷ്യന് മുന്നില്‍ തോറ്റുപോയി.
ഉമ്മര്‍ക്കുട്ടി എന്ന 'മലപ്പുറത്തു'കാരനെക്കുറിച്ച് അന്ന് പാര്‍ട്ടി അന്വേഷിച്ചതോടെ കറകളഞ്ഞ അഴീക്കലിലെ കമ്മ്യൂണിസ്റ്റുകാരനെയാണ് അവര്‍ക്ക് കണ്ടെത്താനായത്.
പുസ്തകങ്ങളെയും വായനയേയും നെഞ്ചോടു ചേര്‍ത്ത ഉമ്മര്‍ കുട്ടിയുടെ വിയോഗം പൊന്നാനിക്കാര്‍ക്ക് നഷ്ടമാക്കിയത് സ്വന്തം ലൈബ്രേറിയനെ മാത്രമല്ല പൊന്നാനിയുടെ ആത്മാവിനെ കൂടിയാണ്.
നാലര പതിറ്റാണ്ടുകാലം ലൈബ്രറിക്കകത്ത് പുസ്തകങ്ങള്‍ക്കു നടുവില്‍ ജീവിച്ച ഉമ്മര്‍കുട്ടി പൊന്നാനിയുടെ സാംസ്‌കാരിക ഭൂമികയില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ കൊണ്ട് നിറസാന്നിധ്യമായിരുന്നു. കോഴിക്കോട് എന്‍.ഐ.ടി, കോഴിക്കോട് ലോ കോളജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. ലോ കോളജ് എന്നിവിടങ്ങളില്‍ ലൈബ്രേറിയനായിരുന്നു. കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളജില്‍ നിന്ന് ചീഫ് ലൈബ്രേറിയനായാണ് വിരമിച്ചത്. ഔദ്യോഗിക ജീവിതത്തിനു ശേഷം ലൈബ്രറി പ്രസ്ഥാനത്തെ പൊന്നാനിയില്‍ കരുത്തുറ്റതാക്കാനാണ് സമയം ചെലവിട്ടത്. കൃഷ്ണപ്പണിക്കര്‍ വായനശാലയെ തട്ടകമായി തെരഞ്ഞെടുത്തു. ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ വായനശാലകള്‍ ഒരുക്കാന്‍ പദ്ധതി തയ്യാറാക്കി. പുസ്തക അലമാരകള്‍ എന്ന ആശയത്തിന് രൂപം കൊടുത്തു. 'ഒറ്റപ്പെട്ട മനുഷ്യന് പുസ്തകം കൂട്ട്' എന്ന തലക്കെട്ടിലാണ് ഉമ്മര്‍കുട്ടിയുടെ നേതൃത്വത്തില്‍ ലഘു ഗ്രന്ഥാലയങ്ങള്‍ക്ക് രൂപം നല്‍കിയത്. ജില്ലാ ജയില്‍, പൊന്നാനി സബ് ജയില്‍, മഹിള മന്ദിരം, പൊന്നാനി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പുസ്തകം നിറച്ച പുസ്തക അലമാരകള്‍ സ്ഥാപിച്ചു. എഴുത്തും വായനയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കാന്‍ സഹൃദയ സൗഹൃദ സംഘമെന്ന കൂട്ടായ്മക്ക് രൂപം നല്‍കി. ഇതിനു കീഴിലാണ് ഉമ്മര്‍ കുട്ടി തന്റെ സാംസ്‌കാരിക ഇടപെടലുകളെ ക്രമീകരിച്ചത്.
പൊന്നാനിക്ക് സ്വന്തമായുണ്ടായിരുന്ന പാട്ടിന്റെ വഴികള്‍ തേടിയുള്ള യാത്രയിലായിരുന്നു ഉമ്മര്‍കുട്ടി. കടല്‍ പാട്ടുകളുടെ വേര് തേടിയുള്ള ആഴത്തിലുള്ള പഠനം ഇദ്ദേഹത്തിന്റെതായുണ്ട്. പൊന്നാനിയിലെ പാട്ടുകാരെ കുറിച്ച് ഗവേഷണാത്മ രചനകള്‍ നടത്തിയിട്ടുണ്ട്. പത്തേമാരി ജീവിതങ്ങളെ കുറിച്ചുള്ള രചനകളും ഇദ്ദേഹത്തിന്റെതായുണ്ട്. മണ്‍മറഞ്ഞു പോയ മഹാരഥന്മാരെ ഓര്‍ക്കാനും അവരുടെ സംഭാവനകള്‍ പുതു തലമുറക്ക് പങ്കുവയ്ക്കാനും സ്ഥിരമായി വേദികളൊരുക്കി. കൊവിഡ് കാലത്ത് ഗാനലോക വീഥികളെന്ന പേരില്‍ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ സജീവമായിരുന്നു. സാംസ്‌കാരിക രംഗത്തെ മറവികള്‍ അനുവദിച്ചു കൂടെന്ന നിര്‍ബന്ധത്തില്‍ നിന്നായിരുന്നു ഓര്‍മകള്‍ ചികഞ്ഞെടുക്കുന്ന പരിപാടികള്‍ ഓരോന്നും സംഘടിപ്പിക്കപ്പെട്ടത്. തന്റെ സാംസ്‌കാരിക ചിന്തകളെ പൊതു സമൂഹത്തിന് മുന്നിലെത്തിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതും ചര്‍ച്ച വേദികള്‍ ഒരുക്കിയതും ഉമ്മര്‍കുട്ടി തന്നെയായിരുന്നു. ഒറ്റയാള്‍ സംഘാടനത്തിന്റെ പര്യായം കൂടിയായിരുന്നു അദ്ദേഹം. സഹൃദയ സൗഹൃദ സംഘം, അടയാളം, ഫോക്കസ് ഫിലിം സൊസൈറ്റി എന്നിവ ഉമ്മര്‍കുട്ടി നേതൃത്വം നല്‍കിയ ചര്‍ച്ച വേദികളില്‍ ചിലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."