ദുരിത ജനതയുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധര്‍
വടക്കാഞ്ചേരി: കുടിവെള്ള പദ്ധതിയുടെ ജലസ്രോതസില്‍ ചത്ത കോഴികളെ കൂട്ടത്തോടെ കൊണ്ടുവന്ന് തള്ളി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. തെക്കുംകര പഞ്ചായത്തിലെ മലയോര പ്രദേശത്തെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. പി.കെ ബിജു എം.പിയുടെ വികസന ഫണ്ടുപയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന വട്ടായി പത്താഴക്കുണ്ട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസായ വട്ടായി ക്വാറിയിലാണ് കഴിഞ്ഞദിവസം രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ ചത്ത കോഴികളെ തള്ളിയത്. അയ്യായിരത്തിലധികം കോഴികളെയാണ് ചാക്കിലാക്കി ക്വാറിയില്‍ തള്ളിയത്. നാട്ടുകാര്‍ പ്രളയകെടുതിയുടേയും ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളിലായിരുന്നു.
തെക്കുംകര, മുളങ്കുന്നത്ത്കാവ് പഞ്ചായത്തുകളിലെ മലയോര മേഖലകളിലെയും മെഡിക്കല്‍ കോളജ് അടക്കമുള്ള അവണൂര്‍ പഞ്ചായത്തിന്റെ പ്രദേശങ്ങളിലും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായിട്ടാണ് കോടികള്‍ ചിലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. കോഴിഫാമുകളില്‍ ചത്ത കോഴികളെ ക്വാറിയില്‍ കൊണ്ടു വന്നിട്ടതാണെന്നാണ് കരുതുന്നത്. മാംസം ചീഞ്ഞളിഞ്ഞ് വെള്ളത്തിന് നിറവ്യത്യാസം വന്നിട്ടുണ്ട്. വിവരം അറിഞ്ഞ് തെക്കുംകര പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. വടക്കാഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."