കോട്ടച്ചേരി റെയില്‍വേ മേല്‍പാലം പ്രവര്‍ത്തി തുടങ്ങിയില്ല; കമ്പനിയുടെ മെല്ലെപോക്കിനെതിരേ പ്രതിഷേധം
കാഞ്ഞങ്ങാട്: കഴിഞ്ഞ ഏപ്രില്‍ 14നു തറക്കല്ലിട്ട കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഇതുവരെയും തുടങ്ങിയില്ല. ഇതിന്റെ പിന്നില്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ചില കടുംപിടുത്തങ്ങള്‍ ആണെന്നാണ് അറിയുന്നത്. അംഗീകാരം ലഭിച്ച ശേഷവും വളരെക്കാലം കോടതി നടപടി അടക്കമുള്ള സാങ്കേതികത്വത്തില്‍ കുരുങ്ങി നീണ്ടു പോയ ഈ സംരംഭത്തിനു തറക്കല്ലിട്ടപ്പോള്‍ കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും തീരദേശങ്ങളായ പൊയ്യക്കര, അജാനൂര്‍ കടപ്പുറം, കൊളവയല്‍, കാറ്റാടി , ബല്ലാ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനം റെയില്‍വേ ഗേറ്റിലെ കാത്തിരിപ്പുകള്‍ക്ക് അവസാനമാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു.
നഗരത്തിലെ കെ.എസ്.ടി.പി പാതയുടെ പണി പൂര്‍ത്തിയാവുകയും അതോടൊപ്പം മേല്‍പാലം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരു പരിധിവരെ പരിഹാരമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന ഭരണകൂടവും റെയില്‍വേയും ചേര്‍ന്ന് 13.90 കോടി രൂപ അടങ്കല്‍ തുകയായുള്ള മേല്‍പാലം ഇപ്പോഴും കടലാസില്‍ മാത്രമായി ഒതുങ്ങിക്കിടക്കുകയാണ്. മേല്‍പാലം കടന്നു പോകുന്ന വഴിയിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും വൃക്ഷങ്ങള്‍ വെട്ടി മാറ്റുകയും ചെയ്തുവെന്നതു മാത്രമാണ് ഇതിനിടയില്‍ ഉണ്ടായ പുരോഗതി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇതിന്റെ ശിലാസ്ഥാപനം നടത്തിയത് .
മേല്‍പാലത്തിന്റെ പ്രവര്‍ത്തി തുടങ്ങേണ്ട സ്ഥലത്തു ധാരാളം മാലിന്യങ്ങള്‍ കുന്നു കൂടിയിട്ടുണ്ടെന്നും , അതുനീക്കം ചെയ്തു തന്നാല്‍ മാത്രമേ ജോലി തുടങ്ങാന്‍ കഴിയൂ എന്നാണ് കരാര്‍ എടുത്ത കമ്പനിയുടെ വാദം. മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നത് കരാറില്‍ പറഞ്ഞിട്ടില്ലത്രെ. മാത്രമല്ല മാലിന്യങ്ങളില്‍ ധാരാളം പ്ലാസ്റ്റിക്കുകള്‍ ഉണ്ടെന്നും ഇവ വേര്‍തിരിച്ചെടുത്ത ശേഷമേ സംസ്‌കരിക്കാന്‍ കഴിയൂ എന്നും , അത് ചെയ്യേണ്ടത് നഗരസഭയാണെന്നും ഇവര്‍ വാദിക്കുന്നു. നഗരസഭയാണെങ്കില്‍ തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാനില്ലെന്ന മട്ടിലുമാണ് . പാലം നിര്‍മിക്കാന്‍ കരാറെടുത്തവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നും അവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അനിശ്ചിതത്വത്തിലാവുകയാണ്. പാലത്തിനായി നിരന്തരമായി ശ്രമിക്കുകയും തറക്കല്ലിടല്‍ വരെ എത്തിക്കുകയും ചെയ്ത ആക്ഷന്‍ കമ്മിറ്റിയും ഇപ്പോള്‍ നിശ്ചലമാണ്. പാലം അംഗീകരിപ്പിക്കാന്‍ വേണ്ടി നടത്തിയ ജനമുന്നേറ്റം പോലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി ഒരു ജനകീയ സമരം ആവശ്യമായി വരുമോ എന്നാണ് പലരും ചിന്തിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."