'സഞ്ചാരികളെ നീലഗിരിയിലേക്ക് സ്വാഗതം'; പക്ഷേ പാസ് ലഭിക്കില്ല
കല്‍പ്പറ്റ: നീണ്ട ആറുമാസത്തെ ഇടവേളക്ക് ശേഷം നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. എന്നാല്‍ യാത്രക്കുള്ള പാസ് കിട്ടുന്നില്ലെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ ഒന്‍പത് മുതലാണ് സഞ്ചാരികളെ സ്വാഗതം ചെയ്തു കൊണ്ട് കേന്ദ്രങ്ങള്‍ തുറന്നത്. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളെയാണ് തുടക്കത്തില്‍ അധികൃതര്‍ പ്രതീക്ഷിച്ചത്. ഇതുകൊണ്ട് തന്നെ ഒരു ദിവസം 100 പേര്‍ക്ക് നീലഗിരിയിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ് അനുവദിക്കുമെന്നായിരുന്നു ജില്ലാ കലക്ടര്‍ ജെ ഇന്നസെന്റ് ദിവ്യ മാധ്യമങ്ങളോട് പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ എട്ട് മുതല്‍ പാസിനായി ടി.എന്‍ ഇപാസ് എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ച ഒരാള്‍ക്ക് പോലും ഇതുവരെ പാസ് അനുവദിക്കപ്പെട്ടിട്ടില്ല. രാവിലെ പാസിന് അപേക്ഷിച്ചാല്‍ വൈകുന്നേരത്തോടെ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്.
അതേസമയം കേരളത്തിന്റെ സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അതേനിമിഷം തന്നെ യാത്രാപാസ് അനുവദിക്കപ്പെടുന്നുമുണ്ട്. കര്‍ണാടകയിലേക്ക് യാതൊരു തടസവുമില്ലാതെ പഴയ പോലെ യാത്ര തുടരാനും സാധിക്കുന്നുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും അടിയന്തര ആവശ്യങ്ങള്‍ക്ക് വന്ന് തിരിച്ചുപോകുന്ന നീലഗിരിക്കാര്‍ക്കും തമിഴ്‌നാട് ചെക്‌പോസ്റ്റുകളില്‍ നിന്ന് തിക്താനുഭവങ്ങളും ഉണ്ടാകുന്നുണ്ട്. നീലഗിരിയില്‍ നിന്ന് രാവിലെ അതിര്‍ത്തി കടന്നെത്തി ആവശ്യങ്ങള്‍ കഴിഞ്ഞ് വൈകിട്ടോടെ മടങ്ങുന്ന ആളുകളെ പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞുവെക്കുകയും തിരിച്ചറിയല്‍ രേഖക്കു പുറമെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കക്കനഹള്ള, പാട്ടവയല്‍ ചെക്‌പോസ്റ്റുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നീലഗിരിക്കാര്‍ക്ക് തന്നെ അനുഭവിക്കേണ്ടി വന്നത്. കേരളവും കര്‍ണാടകവും തങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുമ്പോഴാണ് ഈ രണ്ട് സംസ്ഥാനങ്ങളോടും അതിരിടുന്ന നീലഗിരിയില്‍ പാസ് പോലും അനുവദിക്കാത്തത്. മുന്‍പ് പാസിന് അപേക്ഷിച്ചാല്‍ കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ പാസ് തന്നെ കിട്ടാത്ത അവസ്ഥയായി. ഗതാഗാത നിയന്ത്രണം പേരിന് പിന്‍വലിക്കുക മാത്രമാണ് നീലഗിരി ജില്ലാ അധികൃതര്‍ ചെയ്തതെന്നും മുന്‍പത്തെക്കാള്‍ ശക്തമായി യാത്രക്കാരെ തടഞ്ഞിടുകയാണ് നിലവിലെന്നുമാണ് പൊതുവെ ഉയരുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."