ഇശ്‌റത്ത് ജഹാന്‍ കേസ്: പ്രതികള്‍ പുറത്തേക്ക്
സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത മലെഗാവ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസുകളില്‍ പ്രതികളായിരുന്ന പ്രഗ്യാസിങ്, അസീമാനന്ദ എന്നിവര്‍ ശിക്ഷിക്കപ്പെടാതെ പുറത്തുവന്നതിനു പിന്നാലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളും ശിക്ഷയില്‍ നിന്നൊഴിവായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. ഗുജറാത്തിലെ മുന്‍ പൊലിസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, നരേന്ദ്ര കുമാര്‍ അമീന്‍ എന്നിവരാണിപ്പോള്‍ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടത്. കേസില്‍ സി.ബി.ഐ കണ്ടെത്തിയ പ്രതികളായിരുന്നു ഇവര്‍ രണ്ടുപേരും. ഗൂഢാലോചന, തടഞ്ഞുവയ്ക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു ഇവര്‍ക്കുമേല്‍ സി.ബി.ഐ ചുമത്തിയിരുന്നത്. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഗുജറാത്ത് സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ഐ.പി.സി 197 വകുപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണം. ഈ നിയമം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്ത് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നിന്നൊഴിവാക്കണമെന്ന് രണ്ടു പ്രതികളും സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയോടാവശ്യപ്പെട്ടിരുന്നു. ഇതിനെ എതിര്‍ക്കാന്‍ കേസന്വേഷിച്ച സി.ബി.ഐ തുനിഞ്ഞതുമില്ല. തുടര്‍ന്ന് സി.ബി.ഐ സ്‌പെഷല്‍ കോടതി ജഡ്ജി ജെ.കെ പാണ്ഡ്യ ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു. നിയമത്തെ ദുരുപയോഗപ്പെടുത്തി രണ്ടു കൊടും ക്രിമിനലുകളെ ബി.ജെ.പി സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെടുത്തതിന്റെ നേര്‍കാഴ്ചയാണിത്. പ്രതിപ്പട്ടികയിലെ ഏഴു പേരില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡെയും ഉണ്ടായിരുന്നു. 197 വകുപ്പ് ദുരുപയോഗം ചെയ്ത് പാണ്ഡെ നേരത്തെതന്നെ കേസില്‍നിന്ന് രക്ഷപ്പെട്ടു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പത്തൊന്‍പതുകാരി ഇശ്‌റത്ത് ജഹാന്റെ നേതൃത്വത്തില്‍ തീവ്രവാദികളായ പ്രാണേഷ്പിള്ള എന്ന ജാവേദ് ഷെയ്ഖ്, അംജദലി, അക്ബറലി റാണ, സിഷന്‍ ജോഹര്‍ എന്നീ തീവ്രവാദികള്‍ പുറപ്പെട്ടിട്ടുണ്ടെന്നാരോപിച്ച് 2004 ജൂണ്‍ 15ന് അഹമ്മദാബാദില്‍ വച്ച് ഇവരെ വെടിവച്ചു കൊല്ലുകയായിരുന്നു. ലഷ്‌ക്വര്‍ ത്വയ്ബ അംഗങ്ങളാണെന്ന കുറ്റാരോപണവും ഇവര്‍ക്കു മേല്‍ ചാര്‍ത്തി. വ്യാജ ഏറ്റുമുട്ടലിലൂടെ ഗുജറാത്ത് പൊലിസ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്ന് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തി.
ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനാ വിഭാഗം തലവനായിരുന്ന ഡി.ജി വന്‍സാരയും എസ്.പി എന്‍.കെ നരേന്ദ്ര അമീനുമായിരുന്നു മുഖ്യ പ്രതികള്‍. ഇവരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഷെയ്ഖ് സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബീവിയെയും ഭീകരരെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. രണ്ടു സംഭവങ്ങളിലും ഇരകളെ വിശേഷിപ്പിച്ചത് നരേന്ദ്രമോദി ഉള്‍പെടെയുള്ള നേതാക്കളെ വധിക്കാനെത്തിയ തീവ്രവാദികള്‍ എന്നായിരുന്നു. ഈ പദ്ധതി തയാറാക്കിയത് ഐ.ബി ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലുമായിരുന്നുവെന്നും കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തി.
2002ലെ ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം നരേന്ദ്രമോദിക്ക് ലോകവ്യാപകമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്. കലാപത്തിനുശേഷം അമേരിക്ക സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട മോദിയെ രണ്ടു പ്രാവശ്യമാണ് വിസ നിഷേധിച്ച് തടഞ്ഞത്. തന്റെമേല്‍ പതിഞ്ഞ കൊലപാതകക്കറ മായ്ച്ചുകളയാന്‍ തനിക്കു തീവ്രവാദ ഭീഷണിയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നടത്തിയ നാടകങ്ങളായിരുന്നു വ്യാജ ഏറ്റുമുട്ടലുകള്‍. കൈയില്‍ പുരണ്ട രക്തക്കറ മായ്ച്ചുകളയാന്‍ അന്താരാഷ്ട്ര തലത്തില്‍ പബ്ലിക്ക് റിലേഷന്‍ കമ്പനികളെ കൂട്ടുപിടിച്ചായിരുന്നു മോദി ശ്രമം നടത്തിയത്. അതു വിജയിച്ചതിന്റെ ഫലമായാണ് പ്രധാനമന്ത്രി പദംവരെ മോദി എത്തിയത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്നത്തെപോലെ തന്നെ അന്നും വലംകയ്യായിനിന്നത് അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു. മോദിയുടെ തകര്‍ന്ന ജനപ്രീതി തിരികെ പിടിക്കാന്‍ 22 വ്യാജ ഏറ്റുമുട്ടലുകള്‍ ഗുജറാത്തില്‍ അരങ്ങേറുകയുണ്ടായെന്ന് സി.ബി.ഐ കണ്ടെത്തി. സുപ്രിംകോടതി നിര്‍ദേശപ്രകാരം ഈ വ്യാജ ഏറ്റുമുട്ടലുകളുടെയെല്ലാം സത്യാവസ്ഥ അന്വേഷിച്ചത് റിട്ട: ജസ്റ്റിസ് എച്ച്.സി ബേദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സമിതിയായിരുന്നു.
2012ല്‍ സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സി.ബി.ഐ പ്രത്യേക കോടതി വിട്ടയച്ച അമീനെ പൊലിസ് വകുപ്പില്‍നിന്ന് പിരിച്ച് വിട്ടുകൊണ്ട് 2017ല്‍ സുപ്രിംകോടതി ഉത്തരവായി. 2005ല്‍ കൗസര്‍ബിയെ കത്തിച്ചുകൊന്ന കേസിലും പ്രതിയായിരുന്നു അമീന്‍.
വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സി.ബി.ഐയെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗമായിരുന്ന സതീഷ് വര്‍മയുടെ സേവനം കോടതി വിട്ടുകൊടുത്തിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഷെയ്ഖ് സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബീവിയെയും ഇശ്‌റത്ത് ജഹാനെയും കൂട്ടുകാരെയും കൊലചെയ്തതെന്ന് സതീഷ് വര്‍മയാണ് കണ്ടെത്തിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്നതിന്റെ ദിവസങ്ങള്‍ക്കു മുന്‍പുതന്നെ രണ്ടു സംഭവങ്ങളിലെയും ഇരകളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നതായി സതീഷ് വര്‍മ വെളിപ്പെടുത്തുകയുണ്ടായി.
സൊഹ്‌റാബുദ്ദീന്റെ സുഹൃത്തായിരുന്ന തുള്‍സിറാം പ്രജാപതിയെ തെളിവ് നശിപ്പിക്കാനായി 2006ല്‍ കൊന്നു. ഹൈദരാബാദിലെ സുഹൃത്തിനെ കാണാനായിരുന്നു സൊഹ്‌റാബുദ്ദീന്‍ പോയിരുന്നത്.
സി.ബി.ഐ തയാറാക്കിയ കുറ്റപത്രത്തില്‍ ഐ.ബി ഡയരക്ടറായിരുന്ന രാജേന്ദ്രകുമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായും പറയുന്നുണ്ട്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് കണ്ടെടുത്ത എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ ഐ.ബിയില്‍നിന്ന് ശേഖരിച്ചതായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴിതാ പ്രതികള്‍ ഓരോന്നായി രക്ഷപ്പെട്ടു പോരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ചിത്രമാണിത്. വെറും കുറ്റാരോപണത്തിന്റെ പേരില്‍ വിചാരണ പോലുമില്ലാതെ വര്‍ഷങ്ങള്‍ പോകുന്നതറിയാതെ തടവറകളില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ നരകയാതന അനുഭവിക്കുമ്പോഴാണ് കൊലപാതകികളായ പൊലിസുകാരും സ്‌ഫോടനങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഹിന്ദുത്വ ഭീകരവാദികളും യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടു പോരുന്നത്. ഫാസിസ്റ്റ് സവര്‍ണ ലോബികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും പൊതുബോധത്തെയും ആസൂത്രിതമായി അട്ടിമറിച്ചതിന്റെ ഫലമായി ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ക്കെതിരേ എവിടെനിന്നും പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."