സ്ത്രീപക്ഷ വസ്ത്രവും നവലിബറല്‍ തിരുത്തും
പെണ്ണുടല്‍ വിപണിവസ്തുവാക്കിയതിനെതിരേ സ്വാതന്ത്ര്യത്തിന്റെ പെരുമ്പറയും മുഴക്കി വന്ന മതമാണ് പരിശുദ്ധ ഇസ്‌ലാം. പുരാതന അറബികളില്‍ ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീകളെ തെരുവില്‍ തടഞ്ഞു ലൈംഗികതയ്ക്കു നിര്‍ബന്ധിക്കുന്ന പുരുഷാധമന്മാര്‍ ഉണ്ടായിരുന്നു. സ്ത്രീ മനുഷ്യ വര്‍ഗത്തില്‍പെട്ടതല്ലെന്നു പോലും പുരാതന ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്നു. സ്ത്രീ വര്‍ഗത്തിന്റെ സുരക്ഷയ്ക്കും മാന്യതയ്ക്കും നിരക്കുന്ന വസ്ത്രധാരണ രീതി ഇസ്‌ലാം നല്‍കിയ മഹത്തായ സംഭാവനയാണ്.
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാന്‍ ഉതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതല്‍ ഉത്തമം (വിശുദ്ധ ഖുര്‍ആന്‍7:26). വസ്ത്ര സംസ്‌കാരത്തിന്റെ മതപക്ഷമാണ് ഈ വചനം പറയുന്നത്. എന്തിനാണ് വസ്ത്രം ധരിക്കുന്നത് പെണ്ണുടല്‍ പ്രദര്‍ശിപ്പിച്ച് എതിര്‍ ലിംഗങ്ങളെ ആകര്‍ഷിക്കാനല്ല. ഈ അടിസ്ഥാന യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് ചിലര്‍ ശ്രമിച്ചു കാണുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിനാലാം അധ്യായം വചനം 31 സ്ത്രീ സൗന്ദര്യംവെളിവാക്കുന്ന വിധം പ്രത്യക്ഷപ്പെടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. സൂറത്ത് അല്‍ അഹ്‌സാബില്‍ ശരീരം മുഴുവനും മൂടുന്ന മേല്‍തട്ടംധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ വസ്ത്രധാരണ സംസ്‌കാരം പരിഷ്‌കൃതമാണെന്നും കവചമാണെന്നും മാനവ സമൂഹം തിരിച്ചറിഞ്ഞുവരുന്നുണ്ട്. എന്നാല്‍ പരിശുദ്ധ ഇസ്‌ലാം സ്ത്രീകളെ പ്രത്യേക വസ്ത്രം ഉടുപ്പിച്ചു മാറ്റിനിര്‍ത്തിയെന്ന പതിവു വാദക്കാരും നിലവിലുണ്ട്. ഒരുതരം ആസ്വാദന രോഗബാധയാണ് ഈ വാദക്കാര്‍ പ്രകടിപ്പിച്ചു കാണുന്നത്.
കേരളത്തിലെ സാമൂഹിക പരിസരം സമ്മാനിച്ച ദൈന്യതയും നിരക്ഷരതയും ദാരിദ്ര്യവും വ്യാവസായിക ഉല്‍പന്നമാക്കാന്‍ ശ്രമിച്ചവര്‍ ആ സമുദായത്തെ, അവരുടെ വിശ്വാസാചാരങ്ങളെ അവമതിക്കാന്‍ ശ്രമിക്കുന്നത് ഭംഗിയല്ല. കൊല്‍ക്കത്ത തെരുവില്‍ കുഷ്ഠരോഗികള്‍ നിറഞ്ഞപ്പോള്‍ അവര്‍ക്കു കൈത്താങ്ങായി വന്ന മദര്‍ തെരേസയും അവരെ വിപണിവസ്തുവാക്കി അഭ്രപാളിയില്‍ പകര്‍ത്തി പണം വാരിയവരും ചരിത്രത്തിലുണ്ട്. ഒരു ജനതയ്ക്കു മാര്‍ഗദര്‍ശനം നല്‍കുന്നതിനു പകരം മാര്‍ഗഭ്രംശം നല്‍കാന്‍ ശ്രമിക്കുന്നത് പാതകമാണ്.
സ്ത്രീയും ഇസ്‌ലാമും എന്ന വിഷയത്തിനു സംഭവിച്ച ദുരന്തവും ഇതുതന്നെ. ഇസ്‌ലാം എന്ന ഗാത്രത്തില്‍ നിന്ന് നാം ഈ അവയവത്തെ വലിച്ചെടുത്തു. ഇസ്‌ലാം എന്നത് പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള സവിശേഷമായ ഒരു ദര്‍ശനമാണ്. ഈ ദര്‍ശനത്തില്‍ ദൈവം സ്രഷ്ടാവ് മാത്രമല്ല, മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണമെന്നു നിര്‍ദേശിച്ചു തരുന്നവന്‍ കൂടിയാണ്.
ശരീരത്തില്‍ ചേരുംപടി ചേര്‍ന്നുനില്‍ക്കുന്ന അവയവസമുച്ചയം പോലെയാണ് ഇസ്‌ലാം. ഏതൊരു അവയവവും അതിന്റെ സ്ഥാനത്തു നിന്ന് ഊരിയെടുത്താല്‍ പിന്നെ അതിനു മൂല്യമുണ്ടാവില്ല.വലിയ വൈകൃതമാണുണ്ടാകുക. അവയവസമുച്ചയത്തെ തന്നെ കാര്യമായി ബാധിക്കും. ഉദാഹരണം, മൂക്കിന്റെ വില അതു മുഖത്ത് അതിന്റെ യഥാസ്ഥാനത്തു വയ്ക്കുമ്പോള്‍ മാത്രമാണ്. അടര്‍ത്തിയെടുത്താല്‍ മൂല്യമുണ്ടാവില്ല. മുഖം വികൃതമാകുകയും ചെയ്യും. ക്ലിയോപാട്രയുടെ രൂപം മറ്റൊരു വിധമായിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ ഗതി മറ്റൊരു വിധം ആകുമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ പറഞ്ഞത് വെറുതെയല്ല.
ഇസ്‌ലാം എന്ന ഈ ശരീരത്തിലെ ഓരോ അവയവവും അതിന്റെ സ്ഥാനത്തു നില്‍ക്കുകയും അവയുടെ ധര്‍മം നിറവേറ്റുകയും ചെയ്യുമ്പോള്‍ മാത്രമേ ശരീരം വേണ്ടവിധം പ്രവര്‍ത്തിക്കുകയുള്ളൂ. അല്ലാത്തപക്ഷം എല്ലാം താളം തെറ്റുകയും ശരീരം നശിച്ചുപോകുകയും ചെയ്യും(സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും, പുറം 74 75, റാശിദുല്‍ ഗന്നൂശി).
സ്ത്രീകളുടെ ഇടങ്ങളില്‍ നിന്ന് അവരെ പിടിച്ചിറക്കിക്കൊണ്ടുവന്ന് ഇസ്‌ലാമിന്റെ സൗന്ദര്യവും സമഗ്രതയും താളം തെറ്റിക്കാന്‍ ഫെമിനിസ്റ്റുകളും മസോണിസ്റ്റുകളും അവരോട് ചിലതിലൊക്കെ അനുഭാവം പ്രകടിപ്പിച്ച് നവ ലിബറല്‍ മത നവീകരണവാദികളുംഉയര്‍ത്തിക്കൊണ്ടുവന്ന വെല്ലുവിളികളുടെ അവസാന ഭാഗമാണ് എം.ഇ.എസ് അധ്യക്ഷന്റെ സര്‍ക്കുലര്‍ എന്നു വേണം കരുതാന്‍. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശുദ്ധ ഇസ്‌ലാമിന്റെ വേഷവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി യാദൃച്ഛികമല്ല. വടക്കേ ഇന്ത്യയില്‍ ചിലതരം ഭക്ഷണങ്ങള്‍ക്ക് ഫാസിസ്റ്റുകള്‍ വിലക്കേര്‍പ്പെടുത്തുന്നു. തെക്കേ ഇന്ത്യയില്‍ ചില തരം വസ്ത്രങ്ങള്‍ക്കും വിലക്ക് പ്രഖ്യാപിക്കുന്നു.
ബഹുമാനപ്പെട്ട കോടതിവിധിയുടെ മറപിടിച്ചാണ് പുതിയ സര്‍ക്കുലര്‍. വിദ്യാഭ്യാസ സ്ഥാപന അധികാരികള്‍ക്ക് യൂനിഫോം ഏര്‍പെടുത്താന്‍ അധികാരമുണ്ടെന്നാണ് കോടതി പറഞ്ഞത്. ഇതില്‍ എവിടെയും വ്യക്തിസ്വാതന്ത്ര്യം തിരസ്‌കരിക്കണം എന്നു പറഞ്ഞിട്ടില്ല. ഇന്ത്യയുടെ ഭരണഘടന മൗലികാവകാശത്തില്‍ ഉള്‍പെടുത്തിയ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാന്‍ ഈ കോടതി വിധിയുടെ മറവില്‍ കഴിയില്ല. ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപന അധികാരി യൂനിഫോമായി അല്‍പവസ്ത്രം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുവദിച്ചാല്‍ നിലനില്‍ക്കുമോ അശ്ലീലവും അല്ലാത്തതും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തിനു പുറത്ത് ധാര്‍മിക ബോധമണ്ഡലം വികസിക്കണം. താടിയും തലപ്പാവും വെള്ളവസ്ത്രവും ഇസ്‌ലാം പുരുഷ വിഭാഗത്തിനു സവിശേഷമായി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിവിധിയുടെ മറവില്‍ തൊപ്പി ധരിച്ച് ആരും ഇനി സ്‌കൂളില്‍ വരരുത് എന്ന് എം.ഇ.എസിനോ അതുപോലുള്ള സംഘടനയ്‌ക്കോ വ്യവസ്ഥയുണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുമെന്ന് കരുതാനാകുമോ എം.ഇ.എസ് സ്ഥാപകന്റെ മതവിരുദ്ധ ആശയം സംഘടന പിന്തുടരുകയാണ് എന്ന് കരുതാതിരിക്കാനാണ് നേര് ഇഷ്ടപ്പെടുന്നവര്‍ക്ക് താല്‍പര്യം. സെക്യുലറിസ്റ്റ് ആണെന്നു തെളിയിക്കാന്‍ മുട്ടിലിഴയുന്ന ചിലരെ നമുക്കു പരിചയമുണ്ട്. ലോകം മുഴുവന്‍ പരക്കെ ബഹുമാനിക്കുകയും സ്വീകരിക്കുകയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്ത അതിമഹത്തായ ഒരു വസ്ത്ര സംസ്‌കാരത്തെവികൃതമായി കൈകാര്യം ചെയ്തത് മാന്യമായില്ല. ഇന്ത്യയുടെ ഭരണഘടന മുസ്‌ലിംകള്‍ ഉള്‍പെടെ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യത്തില്‍ കൈകടത്താനും വികലമാക്കാനും ആരു ശ്രമിച്ചാലും അനുവദിക്കുകയുമില്ല. വിശുദ്ധ ഖുര്‍ആന്റെ ദൈവികത ചോദ്യം ചെയ്ത പിതാവ് അതു തിരുത്താന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇസ്‌ലാമിക വേഷം ധരിക്കാന്‍ പാടില്ലെന്ന് പറയാന്‍ ഒരു വിദ്യാഭ്യാസ അധികാരിക്കും അവകാശമില്ല. അഥവാ അങ്ങനെ പറഞ്ഞാല്‍ ഇസ്‌ലാമിക വേഷം ധരിച്ചുകൊണ്ട് തന്നെ പഠിക്കാനും പഠിപ്പിക്കാനും കേരള മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധമായിരിക്കും.
മതവിഷയങ്ങള്‍ സംബന്ധിച്ച് മതവിധി പറയേണ്ടത് മതപണ്ഡിതര്‍ തന്നെയാണ്. മതവിധി പറയാനുള്ള അവകാശം മതപണ്ഡിതര്‍ക്കു നല്‍കുന്നതു മര്യാദ മാത്രമാണ്. തന്റെ ഉമ്മയും വലിയുമ്മയും പര്‍ദ ധരിച്ചിരുന്നില്ലെന്ന് പറയുന്ന ഡോക്ടര്‍ മതവിധിയുടെ തെളിവായി ഉദ്ധരിച്ചതാണ് വലിയ അജ്ഞതയായത്.1992ന് ശേഷമാണ് കേരളത്തില്‍ പൊതുവേ പര്‍ദ വര്‍ധിച്ചതെന്ന വ്യാഖ്യാനവും ദുര്‍വ്യാഖ്യാനമായി. ഇസ്‌ലാമിക നാഗരികത സംബന്ധിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ഫത്‌വ ഇറക്കരുതായിരുന്നു. മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും മതവിശ്വാസങ്ങളും വ്യക്തി സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. മതവിശ്വാസത്തിന് നിരക്കാത്ത വേഷം ധരിക്കണം എന്ന് കോടതികള്‍ പറഞ്ഞിട്ടില്ല. മൗലികാവകാശങ്ങളില്‍ ഇടപെടാനുള്ള നീക്കം അനുവദിക്കുകയുമില്ല. അക്ഷര വ്യാപാരം പോലെ എളുപ്പമാവില്ല മതവിരുദ്ധ നീക്കങ്ങള്‍. പിതാവ് ഖുര്‍ആനിനെതിരേ തിരിഞ്ഞപ്പോള്‍ തിരുത്താന്‍ മാത്രം ശക്തി കാണിച്ചവരാണ് കേരള മുസ്‌ലിംകള്‍. 35 കോളജുകളുടെ വണ്ണവും വലിപ്പവുംമുസ്്‌ലിംകളെ വിപണിവസ്തുവാക്കിയതുകൊണ്ട് നേടിയതാണെന്നു കൂടി ഓര്‍ക്കണം. വ്യാവസായിക ഉല്‍പ്പന്നം മാത്രമല്ല മുസ്‌ലിംകള്‍. വേണ്ടിവന്നാല്‍ സ്വയം നില്‍ക്കാന്‍ പ്രാപ്തര്‍ കൂടിയാണ്. ഒരു സമുദായത്തിന്റെ ദൈന്യതയും പിന്നാക്കാവസ്ഥയും വിപണി വസ്തുവാക്കി നേടിയ പത്രാസ് ആ സമൂഹത്തെ അപമാനിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് മാന്യതയ്ക്കു നിരക്കുന്നതല്ല.
ലോകവ്യാപകമായി ഇസ്‌ലാമിക സമൂഹത്തെ വേട്ടയാടപ്പെടുമ്പോള്‍ ആഭ്യന്തര കലഹമുണ്ടാക്കി ഇസ്‌ലാമിന്റെ സൗന്ദര്യാവിഷ്‌കാരങ്ങള്‍ പരിചയപ്പെടാന്‍ അവസരം നിഷേധിക്കുകയാണ് ഇത്തരം നീക്കത്തിലൂടെ എം.ഇ.എസ് ചെയ്തിരിക്കുന്നത്. കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകള്‍ അധികമായി വേട്ടയാടപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും സ്ത്രീ, പുരുഷന്‍ എന്ന ലിംഗ വിവേചന വിധികള്‍ മാനിക്കാതെ മാറിനില്‍ക്കുന്നതു കൊണ്ടു കൂടിയാണ്. പുരുഷനും സ്ത്രീക്കും ഇസ്‌ലാം നല്‍കിയത് മാന്യതയുടെ വസ്ത്രമാണ്. ലോകത്തു നിലവിലുള്ള നാലു കര്‍മശാസ്ത്ര സരണികളും ഈ വസ്ത്ര സംസ്‌കാരം അംഗീകരിച്ചിട്ടുണ്ട്. 1500ഓളം വര്‍ഷങ്ങളായി രണ്ടഭിപ്രായമില്ലാതെ മുസ്‌ലിംകള്‍ അതു സ്വീകരിച്ചു വരികയുമാണ്.
വസ്ത്രധാരണവും ഭക്ഷണവുമൊക്കെ സ്വയം തെരഞ്ഞെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. ഇത് ഒരു കസേരയിലിരുന്ന് ഇല്ലാതാക്കാന്‍ ലോകത്ത് ആര്‍ക്കുമാവില്ല. മുസ്‌ലിംകള്‍ അധിവസിക്കുന്ന എല്ലാ നാടുകളിലുംഅവരുടെ ഏകത്വത്തെ അടയാളപ്പെടുത്തുന്ന വേഷവും പേരും ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും നടപ്പിലാകുകയുമില്ല. അവഗണിക്കപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്തു പിന്തള്ളപ്പെട്ടുപോയ ഒരു സമൂഹത്തിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിദ്യാഭ്യാസം നല്‍കുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. അക്കാര്യത്തില്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ ചെറിയ ഇടപെടലുകള്‍ നടത്താന്‍ എം.ഇ.എസിനും സാധിച്ചു എന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ ഒരു സമുദായത്തിന്റെ വിശ്വാസാചാരങ്ങളെ പരിഹസിക്കുന്ന പ്രവണത സമുദായ സ്‌നേഹമല്ല എന്ന തിരിച്ചറിവ് നല്ലതാണെന്ന് വിനയപൂര്‍വം ഓര്‍മപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."