ബി.ജെ.പിക്ക് നഷ്ടമാവുക 75 സീറ്റുകള്‍
മുംബൈ: എപ്പോഴും ബി.ജെ.പിയെ സഹായിക്കാറുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ഇക്കുറി ബി.ജെ.പിക്ക് കാലിടറും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു ലഭിച്ച വോട്ട് വിഹിതവും സംസ്ഥാനങ്ങളില്‍ രൂപപ്പെട്ട രാഷ്ട്രീയ സഖ്യവും പരിശോധിച്ചതില്‍ നിന്ന് ഇവിടെ ബി.ജെ.പിക്ക് 75 സീറ്റുകള്‍ നഷ്ടമാവുമെന്നാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് (80 സീറ്റ് ), മധ്യപ്രദേശ് (29), രാജസ്ഥാന്‍ (25), ഛത്തിസ്ഗഡ് (11), ഉത്തരാഖണ്ഡ് (5), ഹിമാചല്‍ പ്രദേശ് (4) എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 154 സീറ്റുകളാണുള്ളത്.
ഇതില്‍ 142 സീറ്റുകളിലും ബി.ജെ.പിയാണു വിജയിച്ചത്. ഇതാവട്ടെ ബി.ജെ.പിക്കു ലഭിച്ച മൊത്തം സീറ്റുകളുടെ 70 ശതമാനത്തോളം വരും.
ഉത്തര്‍പ്രദേശ്
71 സീറ്റുകളാണ് ഹിന്ദി ഹൃദയഭൂമിയുടെ 'തലസ്ഥാനം' ആയി അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് 2014ല്‍ ബി.ജെ.പി പിടിച്ചത്. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്രാദേശിക കക്ഷികള്‍ക്കു വലിയ സ്വാധീനമുള്ള സംസ്ഥാനമാണ് യു.പി. എസ്.പിയും ബി.എസ്.പിയും ചേര്‍ന്നുള്ള മഹാസഖ്യത്തോടും തനിച്ചു മല്‍സരിക്കുന്ന കോണ്‍ഗ്രസിനോടുമാണ് ഇവിടെ ബി.ജെ.പി മല്‍സരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും മഹാസഖ്യവുമായി പലയിടത്തും സൗഹൃദമല്‍സരം മാത്രമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ചില മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ മുന്നാക്കജാതി ഹിന്ദുവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സഹായിക്കുന്ന വിധത്തിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം. 2014ല്‍ 42.3 ശതമാനവും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.5 ശതമാനവും വോട്ടുകളാണ് സംസ്ഥാനത്ത് ബി.ജെ.പിക്കു ലഭിച്ചത്. അതായത് 2014ല്‍ നിന്ന് 2017 ആയപ്പോഴേക്കും വോട്ട് വിഹിതത്തില്‍ 2.8 ശതമാനത്തിന്റെ കുറവുണ്ടായി. ബി.എസ്.പിക്ക് 2014ല്‍ 19.6 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 2017ല്‍ അത് 22.2 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് പകുതിയോളം സീറ്റുകളില്‍ മാത്രം മല്‍സരിച്ചിട്ടും എസ്.പിക്ക് 2014നെ അപേക്ഷിച്ച് 2017ല്‍ 0.3 ശതമാനം വോട്ടുകളേ കുറഞ്ഞുള്ളൂ. കോണ്‍ഗ്രസിന് 1.3 ശതമാനവും കുറവുണ്ടായി.
സംസ്ഥാനത്തെ സഖ്യ സാധ്യതകള്‍ പരിശോധിച്ചാല്‍ ഈ പൊതു തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് 42.5 ശതമാനം വോട്ടുകള്‍ ലഭിക്കേണ്ടതാണ്. 2014ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ട് വിഹിതത്തേക്കാള്‍ അല്‍പം കൂടുതലാണിത്. ഇതുപ്രകാരം ബി.ജെ.പിയുടെ സാമ്പാദ്യം 71 സീറ്റില്‍ നിന്ന് 30നും താഴെ പോവും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നോക്കുകയാണെങ്കില്‍ 27 ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നുള്ളൂ.
മറ്റു സംസ്ഥാനങ്ങള്‍
ഉത്തര്‍പ്രദേശില്‍ 2.8 ശതമാനം വോട്ടുകളാണ് 2014ല്‍ നിന്ന് 2017 ആയപ്പോഴേക്കും ബി.ജെ.പിക്കു കുറഞ്ഞത് എങ്കില്‍ ഹിന്ദി ബെല്‍റ്റിലെ മറ്റു സംസ്ഥാനങ്ങളില്‍ അതിനെക്കാള്‍ കുറവാണ് ഉണ്ടായത്. ഹിമാചല്‍പ്രദേശില്‍ 5.25ഉം മധ്യപ്രദേശില്‍ 13 ശതമാനവും 16 ശതമാനം വീതം ഛത്തിസ്ഗഡിലും രാജസ്ഥാനിലും കുറവുണ്ടായി.
ഈ കണക്ക് വച്ചു പരിശോധിച്ചാല്‍ യു.പിയില്‍ 40 മുതല്‍ 44 വരെയും രാജസ്ഥാനില്‍ 12ഉം മധ്യപ്രദേശില്‍ പത്തും ഛത്തിസ്ഗഡില്‍ ഒന്‍പതും സീറ്റുകള്‍ ബി.ജെ.പിക്കു നഷ്ടമാവും. 2014ല്‍ 282 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്.
ഇതില്‍ പകുതിയിലേറെ ലഭിച്ചത് ഹിന്ദി ബെല്‍റ്റില്‍ നിന്ന്. ഈ മേഖലയില്‍ നിന്ന് ലഭിച്ച സീറ്റുകളില്‍ പകുതിയിലേറെ ഇത്തവണ നഷ്ടമാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ യു.പി ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്കു നഷ്ടമാവുന്ന സീറ്റുകള്‍ കോണ്‍ഗ്രസിനാവും ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."