കേരളത്തിലെ പള്ളികളുടേത് മത സാഹോദര്യത്തിന്റെകൂടി ചരിത്രം: ജിഫ്‌രി തങ്ങള്‍
തൃപ്രയാര്‍ (തൃശൂര്‍): കേരളത്തിലെ പള്ളികളുടെ ചരിത്രം മത സാഹോദര്യത്തിന്റെകൂടി ചരിത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുനര്‍നിര്‍മിച്ച നാട്ടിക മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇസ്‌ലാം മത സന്ദേശവാഹകരായി കേരളത്തിലെത്തിയ മാലിക് ബിനു ദീനാര്‍ സംഘത്തിന് നല്ലവരായ ഹൈന്ദവ സഹോദരന്മാരാണ് പള്ളികള്‍ നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത്. പള്ളികള്‍ യഥാര്‍ത്ഥ വിശ്വാസികളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി മാറണം. അപ്പോള്‍മാത്രമെ സമൂഹത്തിന് സന്തോഷവും സമാധാനവുമുണ്ടാകൂ. സ്‌നേഹവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ വിശ്വാസികള്‍ക്ക് കഴിയും. നാടിന്റെ കലുഷമായ അന്തരീക്ഷം മാറ്റിയെടുക്കാന്‍ നമുക്ക് ശ്രമിക്കാമെന്നും തങ്ങള്‍ പറഞ്ഞു. അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയാണ് തങ്ങള്‍ ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജുമാമസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് യഥാര്‍ഥ ഇസ്‌ലാമുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവരെ അകറ്റി നിര്‍ത്തണം. സഹിഷ്ണുതയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. അസഹിഷ്ണുതയെ ലോകം വെറുത്തുകഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കിയ അബൂത്വാഹിര്‍, തമീം അഷറഫ് എന്നിവര്‍ക്ക് എം.എ യൂസഫലി ഉപഹാരം സമ്മാനിച്ചു.
ഡോ.ബഹാഉദ്ദീന്‍ നദ്‌വി,ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, ഷെക്കീര്‍ ഹൈതമി, നജീബ് നദ്‌വി,ഗീതാഗോപി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.എം മുഹമ്മദലി ഹാജി അധ്യക്ഷനായി. സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് സ്വാഗതവും കെ.കെ മാമദ് നന്ദിയും പറഞ്ഞു. നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം എം.എ. യൂസഫലിയാണ് പത്തരകോടി ചെലവില്‍ പള്ളി പുനര്‍നിര്‍മിച്ച് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."