ഒമാനിലേക്കുള്ള വിമാന യാത്രക്ക് ആദ്യം കൊവിഡ് -19 ഇന്‍ഷുറന്‍സ് എടുക്കണം
മസ്‌കറ്റ്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ കുറഞ്ഞത് 30 ദിവസത്തെ കൊവിഡ് ചികിത്സക്കുള്ള ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്ന് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യത്ത് വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നിലവില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ ഒമാനിലേക്ക് പ്രവേശിക്കുന്നത് സ്‌പോണ്‍സര്‍മാര്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനികളായ ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവയുടെ അപേക്ഷകളെ അടിസ്ഥാനമാക്കി വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്ന പെര്‍മിറ്റോടെ ആണ്.
വിമാനത്തവളത്തില്‍ പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.ഇതോടൊപ്പം 14 ദിവസത്തെ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഈ കാലയളവില്‍ അവര്‍ എവിടെയാണെന്ന് നിരീക്ഷിക്കാന്‍ ഒരു ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ധരിക്കണം.
രാജ്യത്തേക്ക് വരുന്ന എല്ലാ ആളുകളും പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമായിരിക്കും, അതിന്റെ ഫലങ്ങള്‍ വരാന്‍ ഒന്ന് മുതല്‍ ഏഴ് ദിവസം വരെ എടുക്കും.
സുരക്ഷാ ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് ലാപ്‌ടോപ് അടക്കം ഒരു ഹാന്‍ഡ്ബാഗും ഒരു ഡ്യൂട്ടി ഫ്രീ ബാഗും മാത്രം കൊണ്ടുവരാന്‍ മാത്രമേ അനുമതിയുള്ളൂ. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന്, പരമാവധി നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിയിരിക്കണം.
വിമാനത്താവളത്തിലെ എല്ലാ പ്രദേശങ്ങളിലും ശാരീരിക അകലം പാലിക്കേണ്ടതുണ്ട്, രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും അവരുടെ വരവിനു മുമ്പായി താരാസുഡ് പ്ലസ് കോവിഡ് മോണിറ്ററിംഗ് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."