എലിപ്പനി പടരുന്നു: പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: മഴക്കെടുതിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരും ഏതെങ്കിലും രീതിയില്‍ മലിനജലവുമായി ബന്ധപ്പെടുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ജില്ലയിലും എലിപ്പനി പകരാനുള്ള സാധ്യത കണക്കിലെടുത്താണിത്. പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ ആശുപത്രികളില്‍ അടിയന്തര ചികില്‍സ തേടണം.
സാധാരണ പനിയെന്ന നിഗമനത്തില്‍ സ്വയം ചികില്‍സിക്കുന്ന സ്ഥിതി ഒരിക്കലുമുണ്ടാവരുത്. എലിപ്പനി സാധ്യതയുള്ള കേസുകളില്‍ സാധാരണ പനിക്കുള്ള മരുന്ന് നല്‍കി രോഗികളെ പറഞ്ഞയക്കാതിരിക്കാന്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് എനിപ്പനി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലുള്‍പ്പെടെ എലിപ്പനിയെന്ന് സംശയിക്കുന്ന 24 മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
രണ്ട് മരണം മാത്രമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 365 താല്‍ക്കാലിക ആശുപത്രികളാണ് ആരംഭിക്കുന്നത്. ഇതില്‍ 225 ആശപത്രികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് അഞ്ചു മരണംകൂടി
കോഴിക്കോട്: പ്രളയാനന്തരം ഭീതിവിതച്ച് പടരുന്ന എലിപ്പനിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ ജില്ലയില്‍ എലിപ്പനിയെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 15 ആയി. നല്ലളം തെക്കെപാടം പെരുളില്‍ അയ്യപ്പുട്ടിയുടെ ഭാര്യ രാധ(64), മുക്കം പന്തലങ്ങല്‍ രാമന്റെ മകന്‍ ചുള്ളിയോട്ടില്‍ ശിവദാസന്‍ (61), മാങ്കാവില്‍ താമസിക്കുന്ന കാരന്തൂര്‍ വെള്ളാരംകുന്നുമ്മല്‍ കൃഷ്ണന്‍ (55), വടകര മേപ്പയില്‍ പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ആണ്ടി (63), മൂടാടി തെരുവിലെ കൊയ്യോടന്റെവിട കൃഷ്ണന്റെ മകന്‍ രാജേഷ് (34) എന്നിവരാണ് മരിച്ചത്. ഇതില്‍ ആണ്ടിയുടെ മരണം മാത്രമാണ് എലിപ്പനിയെ തുടര്‍ന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
60 ഓളം പേര്‍ എലിപ്പനി ലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രിളകിലും നിരവധി പേര്‍ ചികിത്സയിലുണ്ട്. ജില്ലയിലെ കന്നിപ്പാറ, പൂവാട്ട്പറമ്പ്, ഉണ്ണികുളം, കക്കോടി, അരക്കിണര്‍, കൊമ്മേരി, ചേവായൂര്‍, പന്തീരങ്കാവ്, ചെറുവാടി, മലാപ്പറമ്പ്, പുത്തൂര്‍, കടലുണ്ടി, വാവാട്, ചാലിയം, മുതുകാട്, നടക്കാവ്, വേങ്ങേരി, കല്ലായ്, ചെറുവണ്ണൂര്‍, ചേമഞ്ചേരി, ഒടുമ്പ്ര, ഫറൂഖ് എന്നിവിടങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്താണ് എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല്‍വണ്ണയിലെ പേശികളില്‍) തലവേദന, വയറു വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷ
ണങ്ങള്‍. തുടക്കത്തില്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാം.
ചികിത്സ വൈകരുത്
ആരംഭത്തില്‍ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.
മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകള്‍) ആഴ്ചയിലൊരിക്കല്‍ കഴിക്കണം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഗുളികയും തുടരണം.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.
താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എലിപ്പനിക്ക് കിടത്തി ചികിത്സാ സംവിധാനം ഉണ്ട്. പ്രധാന ചികിത്സാ മാര്‍ഗങ്ങളായ ഡോക്‌സിസൈക്ലിന്‍ ഗുളിക, പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."