കൊവിഡ്: സംസ്ഥാനത്ത് 10 മരണം , മരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകനും
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പത്തുപേര്‍ കൂടി മരിച്ചു. കണ്ണൂര്‍-3, ഇടുക്കി-1, വയനാട്-1, ആലപ്പുഴ-1, പാലക്കാട്-1, കോഴിക്കോട്-2, തൃശൂര്‍-1 എന്നിങ്ങനെയാണ് മരണം.
തൃക്കരിപ്പൂര്‍ പൂച്ചോല്‍ സ്വദേശി പയ്യന്നൂര്‍ കാനായി തോട്ടംകടവിലെ ആരോഗ്യപ്രവര്‍ത്തകന്‍ പി.വി രാജേഷ് (45), വട്ടപൊയില്‍ പന്നിയോട്ടെ പി. മുസ്തഫ (60), എരഞ്ഞോളി ചോനാടത്തെ പതിയാന്‍ ചെള്ളത്ത് സോമന്‍ (74) എന്നിവരാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രാജേഷ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓഫിസ് അസിസ്റ്റന്റാണ്. പരേതരായ കെ.വി ഗംഗാധരന്റെയും പി.വി നാരായണിയുടെയും മകനാണ്. ഭാര്യ: ധന്യ. മകന്‍: ഇഷാന്‍ രാജ്. സഹോദരങ്ങള്‍: പി.വി രജനി, പി.വി രാജീവ്.
മുസ്തഫയെ ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 30ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. വട്ടപൊയില്‍ പന്നിയോട്ടെ പരേതനായ ഉമ്മറിന്റെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: റസിയ. സഹോദരങ്ങള്‍: ഹംസ, അബ്ദുല്‍ഖാദര്‍, സുഹറ, അലീമ, ആയിസു, കുഞ്ഞാമിന, പരേതനായ ശാദുലി.
സോമനെ കഴിഞ്ഞദിവസം കാല്‍വഴുതി വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദീര്‍ഘകാലം എരഞ്ഞോളി പാലത്തിനു സമീപം സ്റ്റേഷനറി കടയും സൈക്കിള്‍ ഷോപ്പും നടത്തിയിരുന്നു. ഭാര്യ: ശ്യാമള. മക്കള്‍: ശീലാല്‍, ശീലേഖ. മരുമക്കള്‍: മോഹനന്‍, ശബ്‌ന. സഹോദരങ്ങള്‍: കൃഷ്ണന്‍, സുധാകരന്‍, സുരേഷ് ബാബു, പരേതരായ നാരായണന്‍, ശാരദ.
കട്ടപ്പന വെള്ളയാംകുടി പാറച്ചെരുവില്‍ ചന്ദ്രന്‍ (55) ആണ് ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: രമാദേവി. മക്കള്‍: രഘുല്‍, രേഷ്മ. മരുമകന്‍: ശിവപ്രസാദ്.
സുല്‍ത്താന്‍ ബത്തേരി നെന്മേനി പുത്തന്‍കുന്ന് സ്വദേശിയും മൂലങ്കാവ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനുമായ ശശി (46) ആണ് വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ശ്വാസതടസവും പ്രമേഹവുമുള്ളതിനാല്‍ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുകയായിരുന്നു. ഭാര്യ: ഗംഗ. മക്കള്‍: ചൈത്ര, മാധവ്.
മാവേലിക്കര അറനൂറ്റിമംഗലം വാഴവിള പടീറ്റതില്‍ പരേതനായ ഓമനക്കുട്ടന്റെ ഭാര്യ മണിയമ്മ (52) ആണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ രാവിലെയാണ് മരണം.
വടക്കഞ്ചേരി മുടപ്പല്ലൂര്‍ മാത്തൂര്‍ പ്ലാച്ചിക്കാട് വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ തങ്ക (74) ആണ് പാലക്കാട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. വീട്ടില്‍ വീണതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കള്‍: രാധാകൃഷ്ണന്‍, ശിവദാസന്‍, രതീഷ്, രുക്മണി, സത്യഭാമ, സുഭദ്ര, അനിതകുമാരി, രജനി. മരുമക്കള്‍: സജയന്‍, ജിതേഷ്, സുനിത, സന്ധ്യ, കൃഷ്ണകുമാര്‍, പരേതരായ നാരായണന്‍, ശിവന്‍.
വടകര പഴങ്കാവിലെ മീനത്ത് അബ്ദുറഹിമാന്‍ (80), വടകര പുതുപ്പണം സി.കെ ജങ്ഷനില്‍ കിഴക്കയില്‍താഴ അബ്ദുല്‍ കരീം (65) എന്നിവരാണ് കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. അബ്ദുറഹിമാന്‍ റിട്ട.പി.ഡബ്ല്യു.ഡി എന്‍ജിനിയറാണ്. അടക്കാത്തെരു മസ്ജിദ് നൂര്‍ പ്രസിഡന്റ് ആയിരുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: വി.സി.കെ സഫിയ. മക്കള്‍: റംല, ഹാജറ, സീനത്ത്, സാജിത (അധ്യാപിക ചീക്കിലോട് യു.പി സ്‌കൂള്‍), മുഹമ്മദ് നിസാര്‍(ബിസിനസ് ബംഗളൂരു), ഷമീന പൈങ്ങോട്ടായി. മരുമക്കള്‍: പി.പി അബ്ദുറഹിമാന്‍ (എലത്തൂര്‍), കെ. ഷാനവാസ്(അരിക്കുളം), ഡോ. അബ്ദുല്‍ഖയ്യും (റിട്ട. പീഡിയാട്രിഷന്‍ കോട്ടപ്പറമ്പ് ആശുപത്രി), വി.കെ മുഹമ്മദ് സലീം (ആയഞ്ചേരി), ഷബ്‌ന(വട്ടോളി), ഇക്ബാല്‍ തോലാത്തി (പൈങ്ങോട്ടായി).
അബ്ദുല്‍ കരീം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഭാര്യ: റസിയ. മക്കള്‍: റജീന, റംസി, അഫ്‌സത്ത്. മരുമക്കള്‍: മുനീര്‍ (വയനാട്), നവാസ്, റിയാസ്. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ഇബ്രാഹിം.
വാടാനപ്പള്ളി ഏങ്ങണ്ടിയൂരില്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പുറത്തൂര്‍ ജേക്കബ് (89) ആണ് തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."