പരിസ്ഥിതിക്കിണങ്ങുന്ന നിര്‍മാണം: നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി കോടിയേരി
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതിക്കിണങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി ജില്ലയില്‍ പ്രത്യേക കെട്ടിട നിര്‍മാണത്തിനുള്ള വ്യക്തമായ നിയമം വേണം. പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കേണ്ടത്. മൂന്നാറില്‍ ഉള്‍പ്പെടെ പരിസ്ഥിതിക്കിണങ്ങുന്ന നിര്‍മാണം മാത്രമേ നടത്താവൂ. അതിനുവേണ്ടിയുള്ള നിയമനിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുനസൃഷ്ടിക്കേണ്ടത്. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അവിടെ തന്നെ വീട് നിര്‍മിച്ച് താമസിക്കാനാണ് ആഗ്രഹിക്കുക. എന്നാല്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പുനഃപ്പരിശോധിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ ഇവിടങ്ങളില്‍ നിന്ന് മാറ്റി സുരക്ഷിതമായി പുനരധിവസിപ്പിക്കണം. നദീതീരങ്ങളിലെ താമസം സംബന്ധിച്ച് പുനഃപ്പരിശോധന വേണം. തുടര്‍ച്ചയായി ദുരന്തബാധിതരാകുന്നവരായി നദീതീരത്തെ താമസക്കാര്‍ മാറുന്നു. ഇതില്‍ പരിശോധന വേണം. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി കേരളത്തില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍, വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തിയ ശേഷം വാസയോഗ്യമായ സ്ഥലത്ത് മാത്രം അനുമതി കൊടുക്കുണം. അതിനായി ഭൂമി കണ്ടെത്തണം. ജനങ്ങളുടെ ജീവനോപാധികൂടി പരിഗണിച്ചുകൊണ്ടാകണമിത്. സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും ചര്‍ച്ചയും വേണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."