നിഖാബ് നിരോധനത്തിനു പിന്നിലെ കുത്സിത ലക്ഷ്യങ്ങള്‍
മുസ്‌ലിം സമാജത്തെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നതിന്റെ ഭാഗം തന്നെയാണ് പുതിയ നിഖാബ് വിവാദവും. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെയും വക്താക്കളെയും ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂര്‍വ്വമായ ക്യാംപയിനിങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ അണിനിരക്കുന്നവര്‍ക്ക് അവരവരുടേതായ താല്‍പര്യങ്ങളുണ്ടെന്ന് സൂക്ഷ്മമായി പഠിച്ചാല്‍ ബോധ്യമാവും.
ചിലര്‍ക്കിത് അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണ്. മറ്റു ചിലര്‍ക്കിത് സാമ്പത്തിക താല്‍പര്യങ്ങളാണ്. ചിലരാവട്ടെ പൊതു അംഗീകാരത്തിനുള്ള കുറുക്കുവഴിയായി കാണുന്നവരാണ്. മറ്റൊരു കൂട്ടര്‍ സ്വന്തം ശരീരത്തിലോ പ്രസ്ഥാനത്തിലോ വീണ കറുത്ത പാടുകള്‍ കഴുകിക്കളയാമെന്ന് കരുതിയവരായിക്കും. ഇവര്‍ക്കൊക്കെയും തങ്ങളുടെ താല്‍പര്യസംരക്ഷണമാണ് മുഖ്യം. അതിന് ഏത് അടവുകളും അവര്‍ക്ക് പഥ്യമായിരിക്കും. ഒന്നും മൂര്‍ത്തരൂപത്തില്‍ ലഭിച്ചില്ലെങ്കില്‍ ഡോണ്‍ കിങ് സോട്ടിനെ പോലെ സങ്കല്‍പത്തിലെങ്കിലും ഒരു ഇരയെ കണ്ടെത്തിയിരിക്കും.
നിഖാബുമായി ബന്ധപ്പെട്ട് ഡോ. ഫസല്‍ ഗഫൂര്‍ തുറന്നുവിട്ട വിവാദത്തിനു പിന്നിലും കൃത്യമായ ദുഷ്ടലാക്കുണ്ടെന്ന് അനുമാനിക്കേ ണ്ടിയിരിക്കുന്നു. തികച്ചും അനാവശ്യവും അതിലേറെ അനവസരത്തിലുമാണ് ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസ പ്രമാണത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള എം.ഇ.എസ് നേതാവിന്റ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിലൂടെ കടന്നുപോകുന്ന ഒരു നാട്ടില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സംവിധാനത്തെ താനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ പറയുമ്പോള്‍ എന്തോ ചില പന്തികേടുകള്‍ മണക്കുകയാണ്. കൃത്യമായ വ്യവസ്ഥയും ഭരണ സംവിധാനവും നിലനില്‍ക്കുന്ന ഒരു നാട്ടിലാണ് കേവലമൊരു വ്യക്തി ഏകാധിപതിയെപ്പോലെ പെരുമാറുന്നതെന്നറിയുമ്പോഴാണ് സര്‍ക്കുലറിന്റെ ഭീകരത വെളിപ്പെടുന്നത്. അതും തന്റെ കൂടെയുള്ളവര്‍ പോലും അറിയാതെയാവുമ്പോള്‍ ഗൗരവം ഇരട്ടിക്കുകയാണ്.
എന്തിനു വേണ്ടിയാണ് അനവസരത്തില്‍ ഈ വിവാദമുണ്ടാക്കിയതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മീഡിയ ചര്‍ച്ചകളില്‍ ചില വക്താക്കള്‍ നിഖാബ് അനിസ്‌ലാമികമെന്ന വാദമുയര്‍ത്തിപ്പിടിക്കുമ്പോള്‍ മറ്റു ചിലര്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ സ്ത്രീപക്ഷ ശാക്തീകരണം ബോധ്യപ്പെടുത്താനാണെന്ന പക്ഷക്കാരാണ്. ഇന്ത്യ ഫാഷിസത്തിനെതിരെ ഒരു മനസായി ഒന്നിച്ച് പോരാട്ട നിലങ്ങളില്‍ കവചമണഞ്ഞു നില്‍ക്കുമ്പോള്‍ ഇതിനു മാത്രം എന്തു പ്രകോപനമുണ്ടായി എന്ന ചോദ്യത്തിന് മാത്രം മറുപടിയുണ്ടായില്ല.
അനിസ്‌ലാമികമായത് കൊണ്ടാണ് പൊതു ഇടമായ കോളജുകളിലും സ്‌കൂളുകളിലും നിഖാബ് നിരോധിച്ചതെങ്കില്‍ ഫാഷിസ്റ്റുകള്‍ ആരോപിക്കുന്ന തനി താലിബാനികളാണ് എം.ഇ.എസുകാരെന്നു പറയേണ്ടി വരും. കഴിഞ്ഞ കാലങ്ങളില്‍ സമുദായത്തിന്റെ ശതമാനക്കണക്ക് പറഞ്ഞ് സ്ഥാപനങ്ങളും ആനുകൂല്യങ്ങളും വാരിക്കൂട്ടുകയും ഒരു സമുദായമെന്ന നിലക്ക് സമുദായത്തോടും വിശ്വാസപ്രമാണങ്ങളോടും അരക്കഴഞ്ച് പോലും നീതി കാണിക്കാതെയിരിക്കുകയും ചെയ്തവരുടെ ഇസ്‌ലാമിക അനിസ്‌ലാമിക ഗീര്‍വാണങ്ങള്‍ കേള്‍ക്കുമ്പോള്‍ പരിഹാസ്യതയാണുണ്ടാവുന്നത്.
നിഖാബ് ഇസ്‌ലാമികമല്ലെന്ന വഹാബി സര്‍ട്ടിഫിക്കറ്റ് നല്‍കിയവരുടെ ഉദ്ദേശ്യം മുകളില്‍ പറഞ്ഞ കറുത്ത പാട് കളഞ്ഞുകിട്ടുമോ എന്ന താല്‍പര്യത്തിനപ്പുറമൊന്നുമല്ല. ഏറ്റവും അവസാനം ശ്രീലങ്കയില്‍ പൊട്ടിത്തെറിച്ചത് ഇന്ന് സപ്പോര്‍ട്ടുമായി വരുന്നവരുടെ ആശയധാരയാണെന്നത് എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ കൂടുതല്‍ തിളക്കത്തോടെ തെളിഞ്ഞു വരും.
അനിസ്‌ലാമികമെന്നും സമീപകാലത്ത് കടന്നുവന്ന ആചാരമാണിതെന്നുമാണ് എം.ഇ.എസിന്റെ വാദമെങ്കില്‍ അക്കാര്യം ഇസ്‌ലാമിക പണ്ഡിതന്‍മാരെ വച്ചു കൊണ്ടൊരു ചര്‍ച്ചക്ക് തയ്യാറുണ്ടോ എന്ന ചോദ്യത്തിന് മുമ്പില്‍ മുങ്ങാംകുഴിയിടുകയാണ് തല്‍പരകക്ഷികള്‍. അല്ലെങ്കിലും ഇന്നുവരെ മതപരമായ ഏതെങ്കിലുമൊരു കാര്യത്തില്‍ സദുദ്ദേശത്തോടെ ഇടപെട്ടിട്ടില്ലാത്തവരും അപകര്‍ഷതാബോധത്താല്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഇസ്‌ലാമിക വിശ്വാസത്തെ അപഹസിക്കാന്‍ ശ്രമിച്ചവരുമാണി വരെന്നത് നിഷേധിക്കാന്‍ കഴിയാത്തതാണ്. ഏറ്റവും ചുരുങ്ങിയത് ജീവിക്കുന്ന നാടിനെക്കുറിച്ചും അനുദിനമെന്നോണം തീക്കനല്‍ കൂനയില്‍ നില്‍ക്കുന്ന ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചും അവബോധമുള്ളവരില്‍ നിന്ന് ഇത്തരമൊരു നടപടി ഉണ്ടാകാന്‍ പാടില്ലാത്തതാണ്. രാജ്യത്തിന്റെ നിയമ വ്യവസ്ഥിതി മുച്ചൂടം കൈവെള്ളയിലൊതുക്കാന്‍ ജുഗുപ്‌സാവഹമായ ശ്രമങ്ങളിലൂടെ സംഘപരിവാരം ശ്രമിക്കുമ്പോള്‍ വിശേഷിച്ചും.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ നൂറു തട്ടിലുള്ള രാജ്യമാണ് നമ്മുടേത്. ഇവയില്‍ പലതിനും സഹസ്രാബ്ദങ്ങളുടെ പഴക്കവുമുണ്ട്.അതൊന്നും പാടില്ലെന്ന ആവശ്യം പ്രായോഗികമല്ല. ഇതിനു വേണ്ടി ആരെയും നിര്‍ ബന്ധിക്കപ്പെടാത്ത കാലത്തോളം അവക്ക് നിലനില്‍ക്കാനുള്ള അവകാശമുണ്ട്. ഇതിന്റെ ഭാഗം തന്നെയാണ് മുസ്ലിംകളും. ഇപ്പോള്‍ തന്നെ പല അവകാശങ്ങളും എടുത്തു കളഞ്ഞു കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്നത് കൂടി നിഷേധിക്കപ്പെടാനുള്ള നീക്കം അംഗീകരിക്കാന്‍ മനസില്ലാത്തത് കൊണ്ട് തന്നെയാണ് എം.ഇ.എസിനെതിരെ നദ്‌വത്തുല്‍ മുജാഹിദീനൊഴിച്ചുള്ള മറ്റെല്ലാ മുസ്‌ലിം സംഘടനകളും ഏകസ്വരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന മൗലികമായ അവകാശാധികാരങ്ങള്‍ തടയാന്‍ ആര്‍ക്കും അധികാരമില്ല. മത വിശ്വാസം സ്വയം ആചരിക്കാനും പ്രചരിപ്പിക്കാനും തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനുമുള്ള അവകാശം ആരുടെയും ഉത്തരവിനു മുമ്പില്‍ ഇല്ലാതാകേണ്ടതുമല്ല.അല്ലെങ്കില്‍ ഇതിനു മാത്രം എന്തു സംഭവിച്ചുവെന്നിവര്‍ വ്യക്തമാക്കണം. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിഖാബ് ധരിക്കുന്നവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. ധരിച്ച കാരണത്താല്‍ നാട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പര്‍ദ്ദയും നിഖാബും ധരിച്ചും ധരിക്കാതെയുമൊക്കെ മുസ്‌ലിം സ്ത്രീകള്‍ പലവിധ തൊഴിലിലും ഏര്‍പ്പെടുന്നുണ്ട് ഇപ്പോഴും. ഒന്നുകില്‍ അത് ധരിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ധരിച്ചത് കൊണ്ട് മറ്റുള്ളവര്‍ക്കോ ഇന്നുവരെ ഒരു പ്രയാസമുണ്ടായതായി അറിവില്ല.
പിന്നെ, ഭീകരവാദികള്‍ പര്‍ദ്ദയെ ആക്രമണത്തിന് മറയായി ഉപയോഗിക്കുന്നുവെന്നാണ് വാദമെങ്കില്‍ ആ തീവവാദ വിരുദ്ധ സമീപനത്തെ അംഗീകരിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ചും മുസ്‌ലിംകളെ പൊതു സമൂഹത്തിനിടയില്‍ ഭീകരവാദികളെന്ന് മുദ്ര കുത്താന്‍ ഇടമൊരുക്കിയ സലഫിസത്തിന്റെ വക്താക്കളില്‍ നിന്നാവുമ്പോള്‍ പ്രാധാന്യവുമുണ്ട്. എന്നാല്‍ ഈ ആരോപണത്തിലെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതാണ്.
ഇക്കഴിഞ്ഞ ആഴ്ചയാണ് ഒരു കല്യാണപ്പന്തലില്‍ ചുരിദാര്‍ ധരിച്ച് ഒരു ചെറുപ്പക്കാരന്‍ കടന്ന് വന്ന് വിക്രിയകള്‍ കാണിച്ചത്. ഇവനെ കയ്യോടെ പിടികൂടി ആളുകള്‍ കൈകാര്യം ചെയ്ത് പൊലിസിലേല്‍പ്പിച്ചത് കഴിഞ്ഞ ദിവസത്തെ ഒരു കൗതുക വാര്‍ത്തയായിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് ചുരിദാര്‍ നിരോധിക്കണമെന്ന് ആരെങ്കിലുമാവശ്യപ്പെട്ടതായി കേട്ടിട്ടില്ല. ഹെല്‍മറ്റ് ധരിച്ച് മോട്ടോര്‍ ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന വാര്‍ത്ത ദിനേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവിടെയും ഹെല്‍മറ്റ് നിരോധിക്കണമെന്ന ആവശ്യവും ഒരിടത്ത് നിന്നും ഉയര്‍ന്നു കണ്ടില്ല. ഏതെങ്കിലും ഒരു സംവിധാനം ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ അതില്ലാതാക്കാനുള്ള വഴികള്‍ തേടുന്നതിന് പകരം കാടടച്ച് വെടി വയ്ക്കുന്ന ശൈലി പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ആരെയും നിര്‍ബ്ബന്ധിച്ചു കൊണ്ട് നിഖാബ് ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഒരു പരാതിയും ഇന്നുവരെ കേട്ടിട്ടില്ല. നഗ്‌നരും അര്‍ധ നഗ്‌നരുമായി സ്ത്രീകള്‍ അഴിഞ്ഞാടുന്ന നാട്ടില്‍, പരസ്യചുംബനവും ഫ്‌ളാഷ് മോബും വത്തക്കാ സമരവുമൊക്കെ മഹത്വവല്‍ക്കരിക്കുന്ന നാട്ടില്‍ സ്വന്തം ഇഷ്ടപ്രകാരം ശരീരഭാഗങ്ങള്‍ മറക്കുന്നത് കുറ്റമായി കാണുന്നതിന്റെ യുക്തി എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
മുസ്‌ലിംകളെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂളില്‍ മതവിദ്യ നേടാന്‍ മദ്‌റസയൊരുക്കിക്കൊടുത്ത പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലാണിത് നടന്നതെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ അറബി ഭാഷ പഠിക്കാന്‍ സൗകര്യമൊരുക്കിയും അറബിക് ഓറിയന്റല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചും ആ പാരമ്പര്യം കാത്തു സൂക്ഷിച്ചും കലാലയങ്ങളിലേക്ക് ആകര്‍ഷിപ്പിച്ച നാട്ടിലാണ് നിഖാബ് ധരിച്ച കാരണത്താല്‍ പെരിന്തല്‍മണ്ണയില്‍ സയ്യിദത്തായ ഒരു പെണ്‍കുട്ടിയുടെ മെഡിസിന്‍ വിദ്യാഭ്യാസം മുടങ്ങിയതെന്നറിയുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."