നീരാടുവാന്‍ അഞ്ച് സ്‌പോട്ടുകള്‍
ജാനകിക്കാട്
കുറ്റ്യാടിപ്പുഴയുടെ തീരത്ത് മരുതോങ്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന 113 ഹെക്ടര്‍ വിസ്തൃതിയുള്ള കാടാണ് ജാനകിക്കാട്. നട്ടുച്ചയ്ക്കു പോലും സൂര്യവെളിച്ചം തട്ടാത്ത പ്രദേശങ്ങള്‍ ഉണ്ട് ഇവിടെ. ഇടതൂര്‍ന്ന മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശം. ടൂറിസം വകുപ്പിന്റെ കീഴില്‍ ആയതിനാല്‍ 30 രൂപ ടിക്കറ്റെടുക്കണം. കുറഞ്ഞ വെള്ളവും ആഴം കുറഞ്ഞ സ്ഥലവും പാറകളും ഒന്ന് നീരാടാന്‍ ആരെയും മോഹിപ്പിക്കും.
കാട്ടിനുള്ളില്‍ ഒരു സുന്ദരകുളി. നീന്താന്‍ വശമില്ലാത്തവര്‍ക്ക് പോലും വെള്ളത്തില്‍ ഇറങ്ങാം. ശുദ്ധവായു ശ്വസിച്ച് കാട്ടിലൂടെ നടക്കാം. ഫോട്ടോ ഷൂട്ടിങിന് അനുയോജ്യമായ ഒരുപാട് സ്‌പോട്ടുകള്‍ ഉണ്ട്. കാട്ടിനുള്ളില്‍ ഒരു ചതുപ്പ് നിലമുണ്ട്. പൂമ്പാറ്റകളുടെ കേന്ദ്രമാണിവിടം. ഏകദേശം 80 വ്യത്യസ്ത ചിത്രശലഭങ്ങളെ കാണാന്‍ കഴിയുമെന്ന് അറിയാന്‍ കഴിഞ്ഞു. അതുപോലെ മുയല്‍, മുള്ളന്‍ പന്നി, മലയണ്ണാന്‍, കുരങ്ങന്‍ എന്നിവയും ആ കാട്ടിനുള്ളില്‍ ഉണ്ട്. ഭാഗ്യമുള്ളവര്‍ക്ക് കാണാനാവും. ഒരു ക്ഷീണവുമില്ലാതെ പക്ഷികളുടെ ശബ്ദവും കേട്ട് മണിക്കൂറുകളോളം ചെലവഴിക്കാം, വെള്ളത്തില്‍ ഇറങ്ങി നീരാടുകയും ചെയ്യാം. പിന്നെ പ്രധാന വില്ലന്‍ പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നശിപ്പിക്കരുത്. ഓര്‍ക്കുക, നാം യാത്രികരാണ്. ഭൂമിയുടെ അന്തകരല്ല.
. അതിനടുത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് പെരുവണ്ണാമൂഴി ഡാം
എത്തിച്ചേരേണ്ട റൂട്ട്: കോഴിക്കോട്-അത്തോളി-പേരാമ്പ്ര-കുറ്റ്യാടി-ജാനകിക്കാട്.
കേരളാംകുണ്ട്
മനം കുളിരുന്ന കാഴ്ചകളുമായി നമ്മെ വരവേല്‍ക്കുന്ന മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിനടുത്ത പശ്ചിമഘട്ട മലനിരകളിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. മലമുകളില്‍ നിന്നൊഴുകി പാറക്കെട്ടുകളിലൂടെ താഴെ നൂറുമീറ്റര്‍ താഴേക്ക് പ്രകൃതി നിര്‍മ്മിതമായ ഒരു സ്വിമ്മിങ് പൂളിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. വെള്ളത്തിലേക്ക് ഇറങ്ങുകയും കുളിക്കുകയും കൂടി ചെയ്താല്‍ ഒരു രക്ഷയുമില്ല.
കരുവാരക്കുണ്ടില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയായി കന്‍കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ ആണ് ഈ സുന്ദര വെള്ളച്ചാട്ടം. പേര് പോലെ തന്നെ ഒരു കുഴിയിലേക്ക് വെള്ളം പതിക്കുകയാണ്. നീന്താന്‍ അറിയാത്തവര്‍ക്കു പോലും ഇറങ്ങാന്‍ കഴിയും. എങ്കിലും മഴക്കാലത്ത് ഈ വെള്ളച്ചാട്ടം അപകടകാരിയാണ്. ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. അതിനാല്‍ ചെറിയ ഫീസും ഈടാക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് നടന്ന് പോകാന്‍ മനോഹരമായ പാത ഒരുക്കിയിട്ടുണ്ട്. മുന്നിലെ പാലത്തില്‍ നിന്നു താഴേക്കുള്ള കാഴ്ച മനവും കുളിരണിയിപ്പിക്കും.
വെള്ളച്ചാട്ടത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെ വരെ ബസ് സര്‍വിസ് ഉണ്ട്. കാറുകളും അതുവരെയേ പോവുകയുള്ളൂ. രണ്ടു കിലോമീറ്റര്‍ നടത്തം തന്നെ ശരണം. ഓഫ് റോഡ് റൈഡിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുതിയ അനുഭൂതി നല്‍കും കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പാത. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ജീപ്പുകള്‍ ലഭ്യമാണ്. 300 രൂപ കൊടുത്ത് ഒറ്റക്ക് ജീപ്പില്‍ പോകാം. കൂടുതല്‍ പേരുണ്ടെങ്കില്‍ ഷെയര്‍ ഇട്ട് പോക്കറ്റില്‍ നിന്നും എടുക്കേണ്ട പൈസ കുറക്കാം. സമയം ഒരു പ്രശ്‌നമല്ലാത്തവര്‍ക്കും ഗ്രൂപ്പായി പോകുന്നവര്‍ക്കും കഥകള്‍ പറഞ്ഞ് നടന്ന് പോകുന്നതാണ് നല്ലത്. കുറഞ്ഞ ചിലവില്‍ വണ്‍ ഡേ ചെലവഴിക്കാന്‍ ഉചിതമായ സ്ഥലമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.
ദക്ഷിണേന്ത്യയുടെ ജംഷഡ്പൂര്‍ എന്നറിയപ്പെടുന്ന ഇവിടെ വ്യത്യസ്ത തരത്തിലുള്ള ലോഹങ്ങളുടെ നിക്ഷേപമുണ്ട്.
ഇവിടേക്ക് മഞ്ചേരിയില്‍ നിന്ന് 32 കിലോമീറ്റര്‍, പെരിന്തല്‍മണ്ണയില്‍ നിന്ന് 26 കിലോമീറ്റര്‍, നിലമ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍. ഏറ്റവും അടുത്ത വിമാനത്താവളം കോഴിക്കോട്, അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ തുവ്വൂര്‍-ആലത്തൂര്‍.
ഊഞ്ഞാപ്പാറ
കനത്ത ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസം വേണോ... എങ്കില്‍ നേരെ എറണാകുളം ജില്ലയിലെ കോതമംഗലം ഊഞ്ഞാപ്പാറയിലേക്ക് പോയാല്‍ മതി. പക്ഷികളുടെ പാട്ടും കവുങ്ങിന്റെ തണലുമേറ്റ് ഒരു ഫ്രീ കുളി.
വേനല്‍ കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി പോവുകയാണ് യാത്രാപ്രേമികള്‍. ഊട്ടിയും കൊടൈക്കനാലും ക്ലീഷേ ആയതിനാല്‍ മലയാളികള്‍ പുതുമ തേടുകയാണ്. അധികം ചെലവില്ലാതെ ഉഷ്ണത്തിന് ആശ്വാസമേകുകയാണ് കോതമംഗലത്തുള്ള ഊഞ്ഞാപ്പാറ.
സോഷ്യല്‍ മീഡിയ പ്രശസ്തമാക്കിയ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് ഊഞ്ഞാപ്പാറ. ഭൂതത്താന്‍ കെട്ട് ഡാമില്‍ നിന്നും വെള്ളംകൊണ്ട് പോകുന്ന അക്യുഡേറ്റ് ആണ് ഇപ്പോള്‍ താരം. നട്ടുച്ചക്ക് പോലും തണുപ്പ്. കൂട്ടിന് വയലിന്റെ വിശാലതയും കമുകിന്‍ തോപ്പിന്‍ ശീതളിമയും. ഒന്നിറങ്ങി കഴിഞ്ഞാല്‍ എത്ര സമയം വേണേലും ഈ വെള്ളത്തില്‍ കിടന്ന് പോകും. 20 അടി താഴ്ചയുള്ള നീര്‍പ്പാലത്തിലെ ജലം ശുദ്ധവും തണുത്തതുമാണ്. മധ്യവേനല്‍ അവധികൂടി ആയതിനാല്‍ ഊഞ്ഞാപ്പാറയിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
. കുട്ടികള്‍ മുതിര്‍ന്നവരോടൊപ്പം മാത്രം ഇറങ്ങുക.
. പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം എത്ര നേരം വേണമെങ്കിലും കുളിക്കാം.
.കനാലിലേക്ക് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതിരിക്കുക.
. കനാലിന്റെ ഇരുവശങ്ങളിലൂടെയും നടക്കാതിരിക്കുക
പോകേണ്ട വഴി
കോതമംഗലം ടൗണില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. അതിനാല്‍ സഞ്ചാരികള്‍ക്ക് എളുപ്പം ഇവിടെ എത്തിച്ചേരാന്‍ കഴിയും. കോതമംഗലം, തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലത് വശത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് 100 മീറ്റര്‍ ചെന്നാല്‍ കനാലില്‍ എത്താം.
പ്രത്യേക ശ്രദ്ധയ്ക്ക്
ഇതൊരു വിനോദ സഞ്ചാര കേന്ദ്രമല്ല. ഒരുപാട് ഒച്ചപ്പാടും കലഹവും ഉണ്ടാക്കിയാല്‍ നാട്ടുകാര്‍ വന്ന് പഞ്ഞിക്കിടും. വെള്ളമടിയും മയക്ക് മരുന്ന് ഉപയോഗവും തീരെ പാടില്ല.
നാരങ്ങാത്തോട് (പതങ്കയം)
നാരങ്ങാത്തോട് എന്ന മലയോര ഗ്രാമം കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും അടുത്തായിട്ട് സ്ഥിതി ചെയ്യുന്നു. മലഞ്ചെരുവുകളാലും കാട്ടുചോലകളാലും കാടുകളാലും അനുഗ്രഹീതമാണിവിടം. ഉരുളന്‍ പാറക്കെട്ടുകളിലൂടെ നുരച്ചു പതഞ്ഞു വരുന്ന കാട്ടുചോല, ചുറ്റും മനോഹരമായ ഇലപൊഴിയും കാടുകള്‍. നാരങ്ങാത്തോടിന്റെ തെളിനീരിലേക്ക് ഊളിയിടുമ്പോള്‍ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരുപക്ഷേ ആയിരങ്ങള്‍ മുടക്കി പോകുന്ന വാട്ടര്‍ തീം പാര്‍ക്കുകളില്‍ പോലും കിട്ടാത്ത ആസ്വാദനവും അനുഭൂതിയും പ്രകൃതി ഇവിടെ നമുക്കായി ഒരുക്കിയിരിക്കുന്നു. അതുപോലെ കല്ലംകാരി, ടൈഗര്‍ഫിഷ് തുടങ്ങിയവയുടെ സൗജന്യ ഫിഷ്‌സ്പായും ഇവിടുത്തെ പ്രത്യേകതയാണ്. നീലയും പച്ചയും നിറങ്ങളിലുള്ള ഇവിടുത്തെ വെള്ളം ആര്‍ട്ടിഫിഷ്യല്‍ സ്വമ്മിങ് പൂളുകളെ വെല്ലുന്ന സൗന്ദര്യം ഉള്ളവയാണ്. ഉരുളന്‍ വെള്ളാരങ്കല്ലുകളും ഇവിടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.
അധികം പ്രശസ്തമാവാത്ത എന്നാല്‍ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടിയ മനസും ശരീരവും തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു സ്‌പോട്ടാണിത്. ടൂറിസ്റ്റ് കേന്ദ്രം ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ല. എങ്കിലും വളരെ വിശാലവും ആഴവുമുള്ള സ്ഥലമാണിത്. ഫോട്ടോ എടുക്കാന്‍ നല്ല തൂക്കുപാലവും സമീപത്ത് ഉണ്ട്. ഇതിന് തൊട്ടുതാഴെയുള്ള പതങ്കയം, അരിപ്പാറ എന്നിവ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പതങ്കയത്ത് 30 മീറ്റര്‍ താഴേക്ക് ചാടി കുളിക്കാന്‍ സൗകര്യമുണ്ട്. നീന്താന്‍ അറിയാത്തവര്‍ ഈ സാഹസത്തിനു മുതിരരുത്. ആഴമുള്ള കുഴികളും ശ്രദ്ധിക്കണം.
അടുത്തുള്ള പ്രധാന ആകര്‍ഷണങ്ങള്‍
. തുഷാരഗിരി, മുത്തപ്പന്‍ പുഴ, വെള്ളരിമല
. ജീരകപ്പാറ, അരിപ്പാറ വെള്ളച്ചാട്ടം, ഉറുമി വെള്ളച്ചാട്ടം
റൂട്ട്
.കോഴിക്കോട്- തിരുവമ്പാടി- നാരങ്ങാത്തോട്
.താമരശ്ശേരി- കോടഞ്ചേരി- നാരങ്ങാത്തോട്
കുരുതിച്ചാല്‍
(വിര്‍ജിന്‍വാലി)
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് പ്രകൃതിരമണീയമായ പ്രദേശമാണ് കുരുതിച്ചാല്‍. വിര്‍ജിന്‍ വാലി എന്ന പേരില്‍ ഇവിടം പ്രസിദ്ധമാണ്. ഇവിടെ നിന്ന് 4-5 മണിക്കൂര്‍ മുകളിലേക്ക് ട്രക്ക് ചെയ്താല്‍ പാത്രക്കടവ് എന്ന മനോഹരമായ താഴ്‌വാരത്ത് എത്താം (ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷിതമാണ്). കുന്തിപ്പുഴ ഒഴുകിവരുന്നത് ഈ താഴ്‌വാരത്തുകൂടിയാണ്. ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ, ഉരുളന്‍ പാറകള്‍ക്ക് മീതെ കള കളാ ശബ്ദത്തില്‍ വരുന്ന തണുത്ത വെള്ളം മനസും ശരീരവും തണുപ്പിക്കും എന്നതില്‍ സംശയമില്ല. അപകടമില്ലാതെ കുടുംബസമേതം വെള്ളത്തില്‍ ചെലവഴിക്കാം. ടൂറിസ്റ്റ് സ്‌പോട്ടായി പരിഗണിക്കാത്തതിനാല്‍ ടിക്കറ്റ് ഇല്ല. പാറകള്‍ക്കിടയിലൂടെ വരുന്ന തണുത്ത ശുദ്ധമായ വെള്ളം കുടിക്കുകയും ചെയ്യാം. സമീപത്തുള്ള ഒരു വലിയ പാറയില്‍ വലിഞ്ഞുകയറിയാല്‍ (കുറച്ച് സാഹസികമാണ്) വിര്‍ജിന്‍ വാലിയുടെ മനോഹാരിത മുഴുവനായി ഒപ്പിയെടുക്കാം.
എത്തിച്ചേരാനുള്ള മാര്‍ഗം
കോഴിക്കോട്- പാലക്കാട് റോഡില്‍ മണ്ണാര്‍ക്കാട് നിന്ന് കുന്തിപ്പുഴ സ്റ്റോപ്പ് എത്തുന്നതിനു മുന്നേയുള്ള ഇടത്തേക്കുള്ള റോഡിലൂടെ ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരുതിച്ചാലില്‍ എത്താം.
സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പാര്‍ക്കിങ് സൗകര്യമെന്നതിനാല്‍ ഫീ കൊടുക്കണം. സമീപത്ത് ചെറിയൊരു കടയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."