ഊട്ടി പര്‍വത ട്രെയിന്‍ 'ചാര്‍ട്ട്' ചെയ്ത് ദമ്പതികളുടെ മധുവിധു യാത്ര
ഊട്ടി: ഊട്ടി പര്‍വത റെയിലിനെ അടുത്തറിയാന്‍ ഇംഗ്ലണ്ടുകാരന്‍ ഗ്രഹാം വില്യം ലിയോണും ഭാര്യ സില്‍വിയ പ്ലാസികും ചെലവഴിച്ചത് മൂന്നുലക്ഷം രൂപ. ലോക പൈതൃക പദവി ലഭിച്ച ഊട്ടി പര്‍വത റെയിലിനെക്കുറിച്ചറിയാനും മധുവിധു ആഘോഷിക്കാനുമായാണ് ഇരുവരും ഇന്ത്യയിലെത്തിയത്.
ഇന്ത്യയിലെ പല നഗരങ്ങളും ചുറ്റിക്കറങ്ങിയ ശേഷമാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമായ ഊട്ടിയില്‍ എത്തിയത്. മേട്ടുപ്പാളയത്ത് നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കണ്ടതോടെ അതിന്റെ പ്രത്യേകതകള്‍ ആരാഞ്ഞ ഇരുവരും ഊട്ടി വരെ മറ്റാരെയും കൂട്ടാതെ യാത്ര ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന് എത്ര തുക വേണമെങ്കിലും ചെലവഴിക്കാമെന്നും അവര്‍ അറിയിച്ചു. മൂന്നുലക്ഷം രൂപ ചെലവ് വരുമെന്നായിരുന്നു അധികൃതരുടെ ഭാഷ്യം. തുടര്‍ന്ന് ദമ്പതികള്‍ അതിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതിനാണ് മേട്ടുപ്പാളയത്ത് നിന്ന് ദമ്പതികളെയും ഇവരുടെ ഗൈഡിനെയും കൊണ്ട് ട്രെയിന്‍ യാത്ര ആരംഭിച്ചത്. 120 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ് പര്‍വത ട്രെയിന്‍. തങ്ങളുടെ മധുവിധു യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് പര്‍വത ട്രെയിന്‍ യാത്രയെന്ന് എന്‍ജിനിയര്‍ കൂടിയായ ഗ്രഹാം വില്യം പറഞ്ഞു.
നീലഗിരിയുടെയും മേട്ടുപ്പാളയത്തിന്റെയും സൗന്ദര്യം ആവോളം ആസ്വദിക്കാനായെന്നായിരുന്നു പോളണ്ടുകാരിയായ സില്‍വിയയുടെ അഭിപ്രായം. 30കാരന്‍ ഗ്രഹാമും 27കാരി സില്‍വിയയും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. തുടര്‍ന്ന് മധുവിധു യാത്രക്കായി ഇന്ത്യയെ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നാണ് പര്‍വത ട്രെയിനിന്റെ സവിശേഷതകള്‍ ഇവര്‍ മനസിലാക്കിയത്. യാത്രക്കിടെ കുന്നൂര്‍, ഊട്ടി റെയില്‍വേ സ്റ്റേഷനുകളില്‍ ദമ്പതികള്‍ക്ക് റെയില്‍വേ സ്വീകരണമൊരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."