ഉമ്മുകുല്‍സു
മലവെള്ളം
അതിര്‍ത്തികള്‍
ഭേദിച്ചെത്തിയിട്ടുണ്ട്.
അകത്തളത്തില്‍
നാലരവയസുകാരന്‍
കട്ടിലിലിരുന്നു
തോണിയിറക്കാന്‍
ശ്രമിക്കുകയായിരുന്നു.
ആറാം ക്ലാസില്‍ പഠിക്കുന്ന
ഉമ്മുകുല്‍സുവപ്പോള്‍
വിഡിയോ കോളില്‍
മരുഭൂമിയിലെ ഉപ്പയ്ക്ക്
ആദ്യവിരുന്നെത്തിയ
മടക്കിമലവെള്ളത്തെ
കാണിക്കുകയായിരുന്നു.
മുറ്റത്ത് ഇടത്തെക്കോണിലെ
മൈലാഞ്ചിയപ്പോള്‍
മൂക്കോളം
വെള്ളത്തിനടിയിലായിരുന്നു.
അന്നുരാത്രി
ആധിയിലാണവന്‍ കിടന്നത്.
ഉറക്കത്തില്‍ ഹൃദയം
നിലച്ചുപോയപ്പോഴാണ്
ഉമ്മറപ്പടിയില്‍ കാവല്‍നിന്ന
മലവെള്ളം തിരിച്ചിറങ്ങിയത്.
ഉമ്മുകുല്‍സു ഖുര്‍ആന്‍
ഓതുകയാണ്,
ഉപ്പയുടെ ആത്മശാന്തിക്കായി.
ആരും കാണാതെ
ചിലതുള്ളികള്‍
പിടിവിട്ടു താളുകളില്‍
ലയിച്ചുചേരുന്നുമുണ്ട്.
ഉമ്മ ഒന്നുവിങ്ങാനാകാതെ
വിമാനത്തിനായ്
കാതോര്‍ക്കുകയാണ്.
ഇനിയൊന്നും മിണ്ടാത്ത
പ്രിയതമന്റെ വരവിനായി.
നാലരവയസുകാരന്‍
വിളിക്കാതെയെത്തിയ
അപരിചിതര്‍ക്കിടയിലൂടെ
കളിച്ചുനടക്കുകയാണ്.
കലങ്ങിമറിഞ്ഞ
കണ്ണുമായ് പുഴയപ്പോള്‍
ഒഴുക്കുതുടരുകയാണ്,
എന്തോ പറയാന്‍
മറന്നപോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."