അപ്നാ ഘറില്‍ നിന്നും വിവാഹത്തിനൊരുങ്ങി പ്രിയ
പാലക്കാട്:കഞ്ചിക്കോട്ടെ അപ്നാ ഘര്‍ ക്യാമ്പില്‍ നിന്നും വിവാഹത്തിനൊരുങ്ങി മണികണ്ഠന്റെയും ദേവിയുടെയും മകള്‍ പ്രിയ. കാലവര്‍ഷക്കെടുതിയില്‍ താമസിച്ചിരുന്ന വാടക വീടും വീട്ടിലുണ്ടായിരുന്ന ചുരുക്കം ചില സാധനങ്ങളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ആകെ കിട്ടിയ ജീവനുമായി കഞ്ചിക്കോട്ടെ അപ്നാ ഘര്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതാണ് തോണിപാളയം സ്വദേശി മണികണ്ഠനും കുടുംബവും. വിവാഹത്തിനായി ആകെ കരുതി വെച്ച കുറച്ച് സ്വര്‍ണ്ണവും വെള്ളത്തില്‍ ഒലിച്ചു പോയി.
അകത്തേത്തറ പഞ്ചായത്തിലെ തോണിപ്പാളയത്തില്‍ വാടക വീട്ടിലാണ് മണികണ്ഠനും ഭാര്യ ദേവിയും മൂന്ന് മക്കളും താമസിച്ചിരുന്നത്. കല്ലേപ്പുള്ളി സ്വദേശി ഓട്ടോ ഡ്രൈവര്‍ സെല്‍വരാജുമായി സെപ്റ്റംബര്‍ മൂന്നിന് നേരത്തെ വിവാഹം ഉറപ്പിച്ചതായിരുന്നു. തങ്ങളാല്‍ ആവുന്ന വിധം മകളെ കല്യാണം കഴിപ്പിക്കാന്‍ കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി പ്രളയം സംഭവിച്ചു താമസിച്ച വാടക വീടും ഉള്‍പ്പെടെ എല്ലാം നഷ്ടമായത്. ഇവരെക്കൂടാതെ മണികണ്ഠന്റെ മൂത്ത രണ്ട് മക്കളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണ്.നാളെ അപ്നാ ഘറില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കി വടക്കന്തറ ക്ഷേത്രത്തില്‍ എത്തിക്കും. തൊഴില്‍ വകുപ്പ് ജീവനക്കാരും ടൗണിലെ ചില വ്യവസായികളും ചേര്‍ന്ന് 50,000 രൂപ വിവാഹാവശ്യത്തിനായി നല്‍കിയിട്ടുണ്ട്. കുടുംബശ്രീയും പ്രിന്‍സ് ടി. എം. ടി ഗ്രൂപ്പും ചെറിയ സഹായം നല്‍കിയിട്ടുണ്ട്.
നാളെ രാവിലെ 9.30നും 10.30നും ഇടക്ക് വടക്കന്തറ ക്ഷേത്രത്തില്‍ വളരെ ലളിതമായി വിവാഹം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."