ഡല്‍ഹിയില്‍ റോഡ് ഷോയ്ക്കിടയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിന് മര്‍ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാളിനെ യുവാവ് മര്‍ദിച്ചു.
ഡല്‍ഹിയിലെ മോട്ടിനഗര്‍ മേഖലയില്‍ റോഡ് ഷോയ്ക്കിടയിലായിരുന്നു യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തുറന്ന ജീപ്പിലായിരുന്നു കെജ്്രിവാളിന്റെ റോഡ് ഷോ. ന്യൂഡല്‍ഹി ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്.
അദ്ദേഹത്തെ മര്‍ദിച്ചത് 33 വയസുകാരനായ സുരേഷ് എന്നയാളാണെന്നും വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ് കച്ചവടക്കാരനാണെന്നും പൊലിസ് പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എ.എ.പി ആരോപിച്ചു.
കെജ്്രിവാളിനെതിരേ ആക്രമണം അഴിച്ചുവിടാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. അതിനായി അദ്ദേഹത്തെ ശാരീരികമായി നേരിടുകയാണെന്നും എ.എ.പി എം.എല്‍.എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. എ.എ.പി പ്രവര്‍ത്തകനെന്ന നിലയില്‍ കെജ്്്രിവാള് സഞ്ചരിച്ച തുറന്ന ജീപ്പില്‍ കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി മര്‍ദിക്കുകയും പിന്നീട് പൊലിസിന് കൈമാറുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു.
പ്രതിപക്ഷം സ്പോണ്സര് ചെയ്ത ആക്രമണമാണ് ഇതെന്നും എ.എ.പി ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."