പ്രളയക്കെടുതി: ഏറനാട്ടില്‍ തകര്‍ന്നത് 998 വീടുകള്‍
മഞ്ചേരി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏറനാട് താലൂക്കില്‍ വിവിധ വില്ലേജുകളിലായി തകര്‍ന്നത് ആയിരത്തോളം വീടുകള്‍. റവന്യൂ വകുപ്പിന്റെ ഓഗസ്റ്റ് 29 വരെയുള്ള കണക്ക് പ്രകാരം 998 വീടുകളാണ് ഏറനാട് താലൂക്ക് പരിധിയില്‍ നിലംപൊത്തിയത്. ഇതില്‍ 86 വീടുകള്‍ പൂര്‍ണമായും 912 വീടുകള്‍ ഭാഗികമായുമാണ് തകര്‍ന്നത്.
പൂര്‍ണമായി തകര്‍ന്ന 86 വീടുകള്‍ പുനര്‍നിര്‍മിക്കണമെങ്കില്‍ ചുരുങ്ങിയത് 3.44 കോടി രൂപയെങ്കിലും വേണ്ടി വരും. ഭാഗികമായി തകര്‍ന്ന 912 വീടുകളുടെ അറ്റകുറ്റ പ്രവൃത്തിക്ക് മാത്രം 3.19 കോടി ചിലവഴിക്കണം. മഴക്കെടുതി മൂലം റോഡ്, തോട്, പാലം, പൊതുകുളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുതി തുടങ്ങിയ വിവിധ മേഖലകളില്‍ കോടികളുടെ നഷ്ടമാണ് ഏറനാട് താലൂക്കില്‍ ഉണ്ടായത്. ഇതിന് പുറമെയാണ് വീടുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 6.63 കോടിയുടെ നഷ്ടം കൂടി കണക്കാക്കുന്നത്.
മലപ്പുറം വില്ലേജിലാണ് ഭാഗികമായി തകര്‍ന്ന വീടുകള്‍ ഏറെയും. 310 വീടുകള്‍ക്കാണ് ഇവിടെ തകരാറ് സംഭവിച്ചത്. വെറ്റിലപ്പാറ വില്ലേജിലാണ് കൂടുതല്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. 21 കുടുംബങ്ങള്‍ക്കാണ് വെറ്റിലപ്പാറയില്‍ കിടപ്പാടം ഇല്ലാതായത്. മേല്‍മുറി, പയ്യനാട്, പെരകമണ്ണ, പൂക്കോട്ടൂര്‍, കാരക്കുന്ന്, തൃക്കലങ്ങോട്, ഊര്‍ങ്ങാട്ടിരി വില്ലേജുകളില്‍ ആര്‍ക്കും പൂര്‍ണമായി വീടുകള്‍ നഷ്ടമായിട്ടില്ലെങ്കിലും ഈ ഏഴ് വില്ലേജുകളിലായി 161 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
പെരകമണ്ണ വില്ലേജില്‍ മാത്രം 85 വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ വില്ലേജില്‍ 21 വീടുകള്‍ പൂര്‍ണമായും 120 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."