മക്കൈന്റെ അന്ത്യചടങ്ങിനു നേതൃത്വം നല്‍കി യു.എസ് മുന്‍ പ്രസിഡന്റുമാര്‍
ട്രംപിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു
വാഷിങ്ടണ്‍: അന്തരിച്ച മുതിര്‍ന്ന യു.എസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ പോരാളിയുമായ ജോണ്‍ മക്കൈന്റെ അന്ത്യചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി മുന്‍ പ്രസിഡന്റുമാര്‍. ബരാക് ഒബാമയും ജോര്‍ജ് ഡബ്ല്യു. ബുഷുമാണ് വാഷിങ്ടണിലെ നാഷനല്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധിക്കപ്പെട്ടു.
അതേസമയം, അരിസോണയിലും പിന്നീട് വാഷിങ്ടണിലും നടന്ന ചടങ്ങുകളിലേക്കും മരിലാന്‍ഡിലെ അന്നാപോളിസില്‍ നടക്കുന്ന സ്വകാര്യ ശവസംസ്‌കാര ചടങ്ങിലേക്കും പ്രസിഡന്റ് ട്രംപിനെ ക്ഷണിച്ചില്ലെന്ന് മക്കൈന്റെ കുടുംബം പ്രതികരിച്ചു. എന്നാല്‍, ട്രംപിന്റെ മകള്‍ ഇവാന്‍കയും മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജാരദ് കുഷ്‌നറും ചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു.
കഴിഞ്ഞ മാസം 25നാണ് അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന മക്കൈന്‍ അന്തരിച്ചത്. തലച്ചോറിനു ബാധിച്ച അര്‍ബുദത്തെ തുടര്‍ന്നായിരുന്നു 81കാരന്റെ അന്ത്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരിക്കെ തന്നെ ട്രംപിന്റെ വിഭാഗീയ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അതോടൊപ്പം, ബുഷിന്റെ ഇറാഖ് അധിനിവേശത്തിനു പിന്നിലെ പ്രധാന കരങ്ങളിലൊരാള്‍ കൂടിയാണ് മക്കൈന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."