പന്നിമൂക്കന്‍ തവള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നു
പെരിന്തല്‍മണ്ണ: സംസ്ഥാനത്തിന് ഔദ്യോഗിക വൃക്ഷവും മൃഗവും ഫലവും പുഷ്പവും മത്സ്യവും ചിത്രശലഭവും വന്നതിനു പിന്നാലെ ഔദ്യോഗിക തവള എന്ന നിര്ദേശത്തിനൊരുങ്ങുകയാണ് വന്യജീവി ഉപദേശക ബോര്‍ഡിലെ ഗവേഷകര്‍.നിലമ്പൂര്‍ കരിമ്പുഴ വന്യജീവിസങ്കേതമുള്പ്പെടുന്ന പശ്ചിമഘട്ട താഴ്വാരങ്ങളില് കണ്ടെത്തിയ പന്നിമൂക്കന്‍ തവള(പാതാളത്തവള)യാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാകാനൊരുങ്ങുന്നത്.
ശാസ്ത്രീയ നാമമായ 'നാസികബത്രാക്കസ് സഹ്യാദ്രെന്‍സിസ്' എന്നറിയപ്പെടുന്ന തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം വന്യജീവി ഉപദേശക ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഗവേഷകര്‍ മുന്നോട്ടുവയ്ക്കും. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തവളയെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ നീക്കത്തിനു തുടക്കം കുറിച്ചത്.
വിവിധ ഇടങ്ങളില്‍ പര്‍പ്പിള്‍ ഫ്രോഗ്, പന്നിമൂക്കന്‍ തവള എന്നെല്ലാം അറിയപ്പെടുന്ന പാതാളത്തവള പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ പ്രൊഫ. എസ്.ഡി ബിജുവും ബ്രസല്ഫ് ഫ്രീ യൂനീവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003ല്‍ ഇടുക്കിയില്‍ നിന്ന് പാതാളത്തവളയെ കണ്ടെത്തിയത്.
ഈ കണ്ടെത്തലിനും മുന്‍പ് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ചു പരാമര്‍ശം നടത്തിയിരുന്നു. വാല്‍മാക്രി ഘട്ടം കഴിഞ്ഞാല്‍ പാതാളത്തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരില്‍ വേണം ഇതിനെ ഔദ്യോഗിക തവളയാക്കാന്‍ എന്നാണ് സന്ദീപ്ദാസിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."