സ്വര്‍ണക്കടത്ത്: മൂന്ന് പ്രതികള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. സന്ദീപ് നായര്‍, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് ഷാഫി എന്നീ പ്രതികളെയാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി നാല് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സ്വപ്നയെ ഹാജരാക്കിയില്ല. ഇവരുടെ ആന്‍ജിയോഗ്രാം പരിശോധന പൂര്‍ത്തിയായ ശേഷം മെഡിക്കല്‍ ബോര്‍ഡിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടും. കേസിലെ മറ്റൊരു പ്രതിയായ ടി.എം മുഹമ്മദ് അന്‍വറിനെയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ല. അന്‍വറിനെ ഇന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, സ്വപ്ന സുരേഷിനെ കാണാന്‍ ബന്ധുക്കളെ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകന്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇതിനുവേണ്ട നടപടി സ്വീകരിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.
പ്രതികളില്‍നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളിലെയും ലാപ്‌ടോപുകളിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ വീണ്ടെടുത്തത് 2000 ജി.ബി രേഖകളാണ്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരില്‍നിന്ന് പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍ എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്. സി -ഡാക്കില്‍ നടന്ന വിശദമായ പ്രാഥമിക പരിശോധനയിലാണ് 2000 ജി.ബി വരുന്ന വിവരങ്ങള്‍ കണ്ടെടുത്തത്. വാട്‌സാപ്പ് ചാറ്റ്, ഫേസ് ബുക്ക്, ഇ -മെയില്‍ എന്നിവയിലേതടക്കം മുഴുവന്‍ രേഖകളും ഇക്കഴിഞ്ഞ ഒന്‍പതിന് പൂര്‍ത്തിയായ ആദ്യ പരിശോധനയില്‍ സി -ഡാക് വീണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."