ഒളിംപ്യന്‍ ഒ.പി ജെയ്ഷ ട്രാക്കിലേക്ക് തിരിച്ചുവരുന്നു
ആലപ്പുഴ: ഇന്ത്യയുടെ മധ്യദീര്‍ഘദൂര ഓട്ടക്കാരി ഒളിംപ്യന്‍ ഒ.പി ജെയ്ഷ ട്രാക്കിലേക്ക് തിരിച്ചുവരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ജെയ്ഷ ട്രാക്കിലേക്ക് എത്തുന്നത്. മധ്യദീര്‍ഘദൂര ഓട്ടക്കാരിയായ ജെയ്ഷ 2016 ലെ ഒളിംപിക്‌സിന് ശേഷം ട്രാക്കിനോട് വിടപറഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി ) ബംഗളൂരു സെന്ററില്‍ പരിശീലകയായ ജെയ്ഷ താന്‍ അടക്കി വാണിരുന്ന 1500 മീറ്ററിന്റെ ട്രാക്കിലേക്കാണ് തിരിച്ചു വരുന്നത്.
ഇന്ന് മുതല്‍ ജെയ്ഷ പരിശീലനം തുടങ്ങും. പശ്ചിമ റെയില്‍വേയിലെ ജോലി രാജിവച്ച് സായിയില്‍ പരിശീലകയായി ചേര്‍ന്ന ജെയ്ഷ ടോക്യോ ഒളിംപിക്‌സും അടുത്ത ഏഷ്യന്‍ ഗെയിംസും ലക്ഷ്യമിട്ടാണ് പരിശീലനം ആരംഭിക്കുന്നതെന്ന് 'സുപ്രഭാത'ത്തോട് പറഞ്ഞു. മൂന്ന് മാസം കൊണ്ടു പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്ത് ട്രാക്കില്‍ മത്സരത്തിനായി ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ജെയ്ഷ. റിയോ ഒളിംപിക്‌സ് വനിതാ മാരത്തണില്‍ 42 കിലോ മീറ്റര്‍ 2 മണിക്കൂര്‍ 47:19 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത ജെയ്ഷ മരണത്തിന്റെ വക്കില്‍ നിന്നായിരുന്നു ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. ജെയ്ഷക്ക് ദാഹജലം ലഭിക്കാതെ ഓടേണ്ടി വന്നത് ഇന്ത്യന്‍ കായിക രംഗത്ത് വലിയ വിവാദങ്ങള്‍ക്കാണ് അന്ന് വഴിവച്ചത്. ഒളിംപിക്‌സിന് ശേഷം ട്രാക്കില്‍നിന്ന് ഒഴിഞ്ഞു നിന്ന ജെയ്ഷ പിന്നീട് വയനാട്ടില്‍ സ്വന്തമായി അക്കാദമി തുറന്ന് കുട്ടികള്‍ക്ക് സജന്യപരിശീലനം നല്‍കി വരികയായിരുന്നു. റെയില്‍വേയില്‍ നിന്ന് കിട്ടിയിരുന്ന ശമ്പളം ഉപയോഗിച്ചായിരുന്നു കുട്ടികള്‍ക്ക് താമസവും ഭക്ഷണവും നല്‍കി പരിശീലനം നല്‍കി വന്നിരുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകയായി നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.
എന്നാല്‍, വാഗ്ദാനത്തില്‍നിന്ന് കായിക വകുപ്പ് ഒളിച്ചോടിയതോടെ ജെയ്ഷ സായിയില്‍ എത്തുകയായിരുന്നു. പരിശീലകയായി ബംഗളൂരു സെന്ററില്‍ കഴിഞ്ഞ 25 ന് ചുമതലയേറ്റ ജെയ്ഷ വീണ്ടും പരിശീലനം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ തന്നെ മികച്ച അത്‌ലറ്റുകളില്‍ ഒരാളായ ഒ.പി ജെയ്ഷ മധ്യദീര്‍ഘ ദൂര ഇനങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി നിരവധി പതക്കങ്ങളാണ് ഓടിയെടുത്തത്. ബാങ്കോക്കില്‍ നടന്ന ആദ്യ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500, 3000 മീറ്ററുകളിലെ സ്വര്‍ണ നേട്ടവുമായാണ് ഇന്ത്യന്‍ കായികരംഗത്ത് ജെയ്ഷ വെന്നിക്കൊടി പാറിച്ചത്. 2006 ലെ ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ വെള്ളിയും 3000 മീറ്ററില്‍ വെങ്കലവും നേടി. ദോഹ ഏഷ്യാഡില്‍ 5000 മീറ്ററില്‍ വെങ്കല നേട്ടം സ്വന്തമാക്കി. 2006 ല്‍ ആസ്‌ത്രേലിയയില്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞു. ദേശീയ തലത്തില്‍ സ്റ്റീപ്പിള്‍ചേസില്‍ മത്സരിക്കാനിറങ്ങിയത് 2008 ല്‍ ആയിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ 2010 ഓഗസ്റ്റ് ഏഴിനു പട്യാലയില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ മീറ്റില്‍ 3000 മീറ്ററില്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2010 മെയ് 18 ന് കൊച്ചിയില്‍ സുധാ സിങ് സ്ഥാപിച്ച 10:9.56 സെക്കന്‍ഡ് സമയം 10:03.05 സെക്കന്‍ഡായി ജെയ്ഷ തിരുത്തി.
2014 ല്‍ കൊറിയയിലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ 4:13.46 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലനേട്ടവും രാജ്യത്തിന് സമ്മാനിച്ചു. 35 ാമത് ദേശീയ ഗെയിംസില്‍ ദീര്‍ഘദൂരത്തില്‍ കേരളത്തിനായി രണ്ട് സ്വര്‍ണ പതക്കങ്ങള്‍ നേടി. 2015 ഓഗസ്റ്റ് 30ന് ചൈനയിലെ ബീജിങില്‍ ലോകചാംപ്യന്‍ഷിപ്പില്‍ ജെയ്ഷ സ്ഥാപിച്ച 2:34:43 സെക്കന്‍ഡ് മാരത്തണ്‍ ദേശീയ റെക്കോര്‍ഡ് ഇന്നും മായാതെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."