'പിഴവ് പറ്റിപ്പോയി, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവ്'- കേരളത്തിലെ ഖുര്‍ആന്‍ അറബി മലയാളത്തിലെന്ന നാക്കു പിഴക്ക് മാപ്പു പറഞ്ഞ് ജെയ്ക്ക്
കോഴിക്കോട്: കേരളത്തില്‍ പ്രിന്റ് ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലെന്ന വിവാദ നാക്കുപിഴക്ക് മാപ്പു പറഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസ്. ഫേസ് ബുക്ക പോസ്റ്റ് വഴിയാണ് മാപ്പു പറച്ചില്‍.
കെ.ടി ജലീല്‍ വിവാദവുമായി ബന്ധപ്പെട്ട മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചക്കിടെ കേരളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നത് അറബി മലയാളത്തിലായിരുന്നുവെന്ന് ജെയ്ക്ക് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. പിന്നാലെയാണ് ജെയ്ക്കിന്റെ മാപ്പുപറച്ചില്‍ വന്നിരിക്കുന്നത്.
സംസാരമ മദ്ധ്യേ സംഭവിച്ച പിഴവാണെന്നും പിഴവ് ഉണ്ടായി അടുത്ത നിമിഷം തന്നെ തിരുത്തിയെന്നും എന്നാല്‍ ആദ്യം ഉണ്ടായ തെറ്റു പോലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പൂര്‍ണരൂപം
ഇന്നലെ മനോരമ ന്യൂസില്‍ നടന്ന സംവാദത്തില്‍ അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്ലിങ്ങള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികള്‍ക്ക് അനായാസം പാരായണം ചെയ്യുവാന്‍ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാന്‍ ആഗ്രഹിച്ചത്. പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നല്‍കുന്നത്.
ചര്‍ച്ചയ്ക്കിടെ മന:പൂര്‍വമല്ലാതെ സംഭവിച്ച വീഴ്ച്ച ആര്‍ക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കില്‍ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുന്‍പുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല.
ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവന്‍ ആളുകളുടെയും നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു.
പക്ഷേ അപ്പോഴും 'ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂമിന്റെ സ്മരണയ്ക്ക്' എന്ന് ആലേഖനം ചെയ്ത, ഈ ഖുറാനുകള്‍ കേരളത്തിലെ വിപണിയില്‍ വാങ്ങാന്‍ കിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. ചര്‍ച്ചയില്‍ മുസ്ലിം ലീഗ് പ്രതിനിധി പറഞ്ഞതു പോലെ തൂക്കം ഒപ്പിക്കാന്‍ അടുത്ത കടയില്‍ നിന്നു വാങ്ങി വയ്ക്കാവുന്നതല്ല യുഎഇയില്‍ നിന്ന് അയച്ചിട്ടുള്ള ഈ വി. ഖുറാനുകള്‍.
ചആ: ഇതു സംബന്ധിയായ വന്ന ട്രോളുകളും ശ്രദ്ധയില്‍ പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും എനിക്ക് സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."