ജീവകങ്ങളെ അടുത്തറിയാം
വിറ്റാമിന്‍ എ
കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ എ റെറ്റിനോള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മാംസ ഭക്ഷ്യവസ്തുക്കളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ശരീരത്തിലെ എല്ലിന്റേയും പല്ലിന്റേയും വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കാഴ്ച്ചശക്തി നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ ശേഷിക്കും വിറ്റാമിന്‍ എ യുടെ പങ്കാളിത്തം വളരെ വലുതാണ്. വിറ്റാമിന്‍ എയുടെ അപര്യാപ്തത നിശാന്ധതയ്ക്ക് കാരണമാകുന്നു. ഇലക്കറികളില്‍ വിറ്റാമിന്‍ എ സുലഭമായി കാണപ്പെടുന്നു.
വിറ്റാമിന്‍ ബി-കോംപ്ലക്‌സ്
തയാമിന്‍ (ബി1), റൈബോ ഫ്‌ളേവിന്‍(ബി2), പാന്‍ോത്തിനിക് ആസിഡ്(ബി3), നിയാസിന്‍(ബി5), പിരിഡോക്‌സിന്‍(ബി6), ബയോട്ടിന്‍(ബി7), ഫോളിക് ആസിഡ് (ബി9), സൈനാക്കോബാലമൈന്‍(ബി12), ഇനാസിറ്റോള്‍ തുടങ്ങിയ വിറ്റാമിനുകളുടെ കൂട്ടമാണ് വിറ്റാമിന്‍ ബി-കോംപ്ലക്‌സ്.
ജലത്തില്‍ ലയിക്കുന്ന വിറ്റാമിനാണ് തയാമിന്‍. ധാന്യകങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ശരീരവളര്‍ച്ചയില്‍ പ്രത്യേകിച്ച് ഹൃദയം, നാഡി വ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനത്തിന് തയാമിന്‍ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിന് ഒരു ദിവസം 2.5 എം.ജി വരെ ആവശ്യമുള്ള ജീവകമാണ് റൈബോഫ്‌ളേവിന്‍. പ്രകാശ സാന്നിധ്യത്തില്‍ വിഘടിക്കുന്ന ഈ ജീവകത്തിന്റെ അപര്യാപ്ത നാവിലും ചുണ്ടിലും വ്രണങ്ങളുണ്ടാക്കുന്നു.
ത്വക്ക് വിണ്ടുകീറലും കാഴ്ച മങ്ങലും ഈ വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്നു. ഇലക്കറികള്‍, മത്സ്യം, പച്ചക്കറികള്‍ എന്നിവയില്‍ റൈബോഫ്‌ളേവിന്‍ സുലഭമാണ്. കണ്ണിനും നാവിനുമുണ്ടാകുന്ന മഞ്ഞ നിറം ഈ ജീവകത്തിന്റെ അഭാവം കാരണമാകുന്നു.
ഉരുളക്കിഴങ്ങ്, മുട്ട, കരള്‍, പാല്‍, ശര്‍ക്കര എന്നിവയില്‍ അടങ്ങിയിരിക്കുന്ന ജീവകമാണ് പാന്‍ോത്തിനിക് ആസിഡ്. ഈ ജീവകത്തിന്റെ കുറവ് ക്ഷീണം, വിളര്‍ച്ച, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
മനുഷ്യശരീരത്തിലെ വന്‍കുടലിലെ ബാക്ടീരിയകള്‍ പാന്‍ോത്തിനിക് ആസിഡ് നിര്‍മിക്കുന്നുണ്ട്. ധാന്യകങ്ങളുടെ തൊലിയിലാണ് ഈ ജീവകം കാണപ്പെടുന്നത്. ത്വക്കില്‍ പാടുകളും വ്രണങ്ങളും സൃഷ്ടിക്കുന്ന പെല്ലാഗ്ര എന്ന രോഗാവസ്ഥ നിയാസിന്റെ അഭാവം മൂലമുണ്ടാകുന്നു. പിരിഡോക്‌സിന്‍ അഭാവം മൂലം ത്വക്കില്‍ തടിപ്പുകളും പാടുകളും കാണപ്പെടുന്നു. വിളര്‍ച്ച, വിഷാദ രോഗം എന്നിവയ്ക്കും ഈ ജീവകത്തിന്റെ അഭാവം വഴിവയ്ക്കും. യീസ്റ്റിലും ധാന്യങ്ങളിലും കാണപ്പെടുന്ന ജീവകമാണ് ബയോട്ടിന്‍. മെഗലോ ബ്ലാസ്റ്റിക് അനീമിയ എന്നാണ് ഫോളിക് ആസിഡിന്റെ അഭാവം മൂലമുള്ള വിളര്‍ച്ചയ്ക്ക് പറയുന്നത്. ആര്‍.ബി.സിയുടെ ലഭ്യത കുറയുമ്പോഴാണ് കൂടുതലായും ഈ വിളര്‍ച്ചയുണ്ടാകുന്നത്. പാചകം ചെയ്യുമ്പോള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ജീവകമാണ് ഫോളിക് ആസിഡ്. പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങള്‍, കോഴിയിറച്ചി, ഗോതമ്പ് എന്നിവയില്‍ ഫോളിക് ആസിഡ് കാണപ്പെടുന്നു. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ എന്നിവയില്‍ ഇനാസിറ്റോള്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി
അസ്‌കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന വിറ്റാമിന്‍ സി നിറമോ മണമോ ഇല്ലാത്ത ജലത്തില്‍ ലയിക്കുന്ന ജീവകമാണ്. സസ്യങ്ങളിലേയും ജീവജാലങ്ങളിലേയും ഒട്ടുമിക്ക വിഭാഗങ്ങള്‍ക്കും വിറ്റാമിന്‍ സി സ്വയം നിര്‍മിക്കാനുള്ള കഴിവുണ്ട്. സ്‌കാര്‍വ്വിയെ പ്രതിരോധിക്കുന്നത് എന്ന അര്‍ഥത്തിലാണ് അസ്‌കോര്‍ബിക് ആസിഡിന്റെ രംഗപ്രവേശനം.
ഗുലോനോലാക്‌സ്‌റ്റോണ്‍ ഓക്‌സിഡെയ്‌സ് എന്ന എന്‍സൈം അഭാവത്താല്‍ ജീവകം സി മനുഷ്യ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്നില്ല. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്ന ഈ ജീവകം ശരീരത്തിലെ കലകളെ സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കാളിത്തം വഹിക്കുന്നു. ശരീരത്തില്‍ കൂടുതലായി സംഭരിക്കാത്തതിനാല്‍ തന്നെ നിത്യഭക്ഷണത്തില്‍ ഈ വിറ്റാമിന്‍ കൂടുതലായും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശരീരത്തിലെ മുറിവുകളും പൊള്ളലുകളും ഭേദമാക്കുന്നതില്‍ അസ്‌കോര്‍ബിക് ആസിഡിന് മുഖ്യ പങ്കുണ്ട്. വിറ്റാമിന്‍ സിയുടെ കുറവ് അനീമിയ രോഗത്തിനും കാരണമാകും. ആല്‍ബര്‍ട്ട് സെന്റ് ഗോര്‍ഗ്വിയാണ് 1930 ല്‍ വിറ്റാമിന്‍ സി കണ്ടെത്തുന്നത്.
വിറ്റാമിന്‍ ഡി
കാല്‍സിഫെറോള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന ജീവകമാണ്. സൂര്യപ്രകാശ സാന്നിധ്യത്തില്‍ ത്വക്കിനടയില്‍ നിര്‍മിക്കപ്പെടുന്ന വിറ്റാമിന്‍ ഡി പാല്‍, മുട്ടയുടെ മഞ്ഞക്കുരു, മീനെണ്ണ എന്നിവയില്‍ അടങ്ങിയിരിക്കുന്നു.
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മത്തില്‍ പതിക്കുമ്പോള്‍ ത്വക്കിനടിയില്‍ അടങ്ങിയിരിക്കുന്ന എര്‍ഗസ്‌ട്രോള്‍ കൊഴുപ്പാണ് വിറ്റാമിന്‍ ഡി ആയി മാറുന്നത്. എല്ലുകള്‍ വികൃതമാകുന്ന റിക്കറ്റ്‌സ്, എല്ലുകളെ ദുര്‍ബലമാക്കുന്ന ഓസ്റ്റിയോ മലാസിയേ, രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവുകുറഞ്ഞ് സംഭവിക്കുന്ന ടെറ്റനി തുടങ്ങിയ നിരവധി രോഗങ്ങള്‍ വിറ്റാമിന്‍ ഡിയുടെ അഭാവം മൂലമുണ്ടാകുന്നു.
വിറ്റാമിന്‍ ഇ
ടോക്കോഫെറോള്‍ എന്നാണ് വിറ്റാമിന്‍ ഇ യെ വിശേഷിപ്പിക്കുന്നത്. ജലത്തില്‍ ലയിക്കാത്തതും കൊഴുപ്പില്‍ ലയിക്കുന്നതുമായ ഈ ജീവകം നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ദമ്പതികളില്‍ വിറ്റാമിന്‍ ഇയുടെ അഭാവം വന്ധ്യതയ്ക്കു കാരണമാകുന്നു. വിറ്റാമിന്‍ ഇയുടെ അഭാവം അനീമിയക്കും കാരണമാകും. ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമാകും. ഇലക്കറികള്‍, ഗോതമ്പ്, മുട്ട, വെണ്ണ, ഇറച്ചി, ബദാം, ചോളം എന്നിവയില്‍ വിറ്റാമിന്‍ ഇ കാണപ്പെടുന്നു.
വിറ്റാമിന്‍ കെ
കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിന്‍ കെ, രക്തസ്രാവത്തെ തടയുന്നു. കൊയാഗുലേഷന്‍ (കട്ട പിടിക്കുന്നത്) എന്ന അര്‍ഥത്തിലാണ് വിറ്റാമിന് കെ എന്ന പ്രതീകം ലഭിച്ചത്. വിറ്റാമിന്‍ കെയുടെ അഭാവം കരളിന്റെ പ്രവര്‍ത്തനം തകരാറിലാക്കുകയും മുറിവില്‍നിന്നു അമിത രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്നു. പച്ചക്കറികളില്‍ നിന്നും ഈ ജീവകം നമുക്ക് ആവശ്യമായ മാത്രയില്‍ ലഭിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."