ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗ് നീക്കം
കാലം ആവശ്യപ്പെടുന്ന അതിതീക്ഷ്ണ പ്രശ്‌നങ്ങള്‍ സുധീരം ഏറ്റെടുത്ത് മുന്നോട്ടുള്ള പ്രയാണം തുടരുകയെന്ന ചരിത്രദൗത്യം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് എക്കാലവും നിര്‍വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സമാപിച്ച ദേശീയ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനങ്ങള്‍ പ്രയാണപഥങ്ങളില്‍ മുസ്‌ലിം ലീഗ് നാട്ടുന്ന തിളങ്ങുന്ന നാഴികക്കല്ലുകളില്‍ ഒന്നാണ്.
നൂറ്റാണ്ടുകളായി ജാതിഹിന്ദുക്കളില്‍നിന്നും പീഡനം അനുഭവിച്ചുവരുന്ന ദലിതുകള്‍ക്കൊപ്പം നിന്ന് അവരോട് ഐക്യപ്പെടുക, ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുക, ഏകസിവില്‍കോഡ് വിരുദ്ധദിനം ആചരിക്കുക, അകാരണമായി മുസ്‌ലിം ബുദ്ധിജീവികളെയും മതപ്രചാരകരെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക, സാക്കിര്‍ നായിക്കിനെ ജയിലലടയ്ക്കാനുള്ള നീക്കത്തെ ശക്തിയായി എതിര്‍ക്കുക, ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ മുസ്‌ലിം ചെറുപ്പക്കാരെ തെളിവുകളില്ലാതെ തടവിലിടുക യും അവസാനം വെറുതെ വിടുകയും ചെയ്യുന്നത് അവസാനിപ്പിക്കുക, അലിഗഡ്, ജാമിഅ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം അവസാനിപ്പിക്കുക, അഫ്‌സ്പ എടുത്തുകളയുക തുടങ്ങി കാലിക ഇന്ത്യയിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കുനേരെയാണ് മുസ്‌ലിംലീഗ് ശ്രദ്ധക്ഷണിക്കുന്നതും സര്‍ക്കാരിനോട് നടപടികള്‍ ആവശ്യപ്പെടുന്നത്.
ഇതിലേറ്റവും ശ്രദ്ധേയം രാജ്യത്ത് പീഡനം അനുഭവിക്കുന്ന ദലിതുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന തീരുമാനം തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തേ തന്നെ ഇത് മുസ്്‌ലിംലീഗ് ദേശീയ നേതൃത്വത്തോടാവശ്യപ്പെട്ടതാണ്.
അടുത്തിടെ ദലിതുകള്‍ക്ക് നേരേ പെരുകിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഇത്തരമൊരു ചിന്തയിലേയ്ക്ക് ദേശീയ നേതൃത്വത്തെ എത്തിച്ചുവെന്നത് ശുഭകരമാണ്. ജാതിഹിന്ദുക്കളുടെ ക്രൂരമായ ആക്രമണങ്ങളും അവഹേളനങ്ങളും നിശ്ശബ്ദം സഹിച്ചുവരുന്ന വിഭാഗമാണ് ദലിതുകള്‍ ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ചു രണ്ട് ദലിതുകളെ ക്രൂരമായി മര്‍ദിച്ചതിനെതിരെയുള്ള പ്രക്ഷോഭം ഗുജറാത്തില്‍ ഇപ്പോഴും ആളിപ്പടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധറാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
ഈ പ്രശ്‌നം രാജ്യസഭയില്‍ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ചപ്പോള്‍ യു.പി ബി.ജെ.പി ഉപാധ്യക്ഷന്‍ ദയാശങ്കര്‍സിങ് അവരെ വേശ്യയോടുപമിച്ചത് യു.പി യില്‍ ദലിതുപ്രക്ഷോഭങ്ങള്‍ പടരുവാന്‍ കാരണമായി. യു.പി ഉപാധ്യക്ഷന്‍ സ്ഥാനത്തുനിന്ന് ശങ്കര്‍സിങിനെ ബി.ജെ.പി നേതൃത്വം ഒഴിവാക്കിയത് കണ്ണില്‍പൊടിയിടാന്‍ മാത്രമാണ്. വിലപേശുന്നതിനനുസരിച്ച് ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്ന മായാവതി അഭിസാരികയെ ഓര്‍മിപ്പിക്കുന്നുവെന്ന ശങ്കര്‍സിങിന്റെ വാക്കുകള്‍ ദലിതുകള്‍ക്കു നേരെയുള്ള ബി.ജെ.പിയുടെ മ നോഭാവത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. ദയാശങ്കര്‍സിങിനെ ബി.ജെ.പി പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കാതതിരിക്കുന്നതിലൂടെ ആര്‍.എസ്.എസ് നിതാന്തമായി പുലര്‍ത്തിവരുന്ന ദലിതുവിരുദ്ധതയാണ് പ്രകടമാകുന്നത്. ഉത്തരേന്ത്യയില്‍ പശുക്കള്‍ക്ക് നല്‍കുന്ന പരിഗണനപോലും ദലിതുകള്‍ക്ക് ഉയര്‍ന്ന ജാതിക്കാരുടെ നിയന്ത്രണത്തിലുള്ള ആര്‍.എസ്.എസും ബി.ജെ.പിയും നല്‍കാറില്ല. എന്നാല്‍ അവരുടെ വോട്ടുബാങ്ക് നിലനിര്‍ത്താന്‍ ബി.ജെ.പി അവര്‍ക്കൊപ്പമാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചുവരികയും ചെയ്യുന്നു. ഇതിനെതിരേ മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്.പി ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
2013 ല്‍ മാത്രം 45000 ആക്രമണങ്ങളാണ് യു.പിയില്‍ ദലിതുകള്‍ക്കുനേരെ ഉണ്ടായത്. ചാതുര്‍വര്‍ണ്യം പറഞ്ഞാണ് ആര്‍.എസ്.എസ് ഇപ്പോഴും ദലിതുകളെ കൊന്നാടുക്കുന്നത്. ഗുജറാത്തില്‍ ആദ്യം മുസ്്‌ലിംകള്‍ക്കുനേരെയായിരുന്നു വംശഹത്യയെങ്കില്‍ ഇപ്പോഴത് ദലിതുകള്‍ക്കു നേരെയായിരിക്കുന്നു. അത് ആര്‍.എസ്.എസിന്റെ അജന്‍ഡയുടെ ഭാഗമാണ്. മുസ്്‌ലിംകളും ദലിതുകളും തുടച്ചുനീക്കപ്പെടുന്ന ഒരു ഇന്ത്യയാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ദലിതുകള്‍ക്കു നേരെയുള്ള മനോഭാവം മാറ്റണമെന്ന ഗാന്ധിജിയുടെ ആഹ്വാനം മാറ്റൊലിപോലുമില്ലാതെ എങ്ങോ പോയ്മറഞ്ഞു. ദലിതുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരേ നിയമം മൂലമുള്ള നടപടികള്‍ വേണമെന്ന അംബേദ്കറുടെ ആവശ്യവും എവിടെയും എത്തിയില്ല. ഇത്തരമൊരു സന്നിഗ്ധാവസ്ഥയില്‍ അശരണരും ആലംബഹീനരുമായ ദലിതുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം പാര്‍ട്ടി നിര്‍വഹിച്ചുപോരുന്ന ദൗത്യം യഥാസമയം ഏറ്റെടുത്തു നടത്തുകയെന്നതിന്റെ ഭാഗം തന്നെയാണ്.
പ്രത്യേക വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകള്‍ എന്നും ആര്‍.എസ്.എസിന്റെ കണ്ണിലെ കരടാണ്. മുക്താര്‍ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈന്‍, നജ്മ ഹിബത്തുല്ല, എ.ജെ അക്ബര്‍ എന്നീ മുസ്്‌ലിം നാമധാരികളെ മുസ്്‌ലിംകള്‍ക്കു മുന്നില്‍ നിരത്തിയത് കൊണ്ടൊന്നും ബി.ജെ.പിയുടെ തനിനിറം ഇന്ത്യന്‍ മുസ്്‌ലിംകള്‍ കാണാതിരിക്കില്ല. എന്നാല്‍ ദലിതുകള്‍ അവരുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനെ ആര്‍.എസ്.എസ് നേതൃത്വം തന്ത്രപരമായാണ് പരാജയപ്പെടുത്തിക്കൊണ്ടിരുന്നത്. ബി.എസ്.പിയില്‍ അവര്‍ സംഘടിക്കുന്നതുവരെ. ആ അമര്‍ഷമാണ് മായാവതിക്കെതിരേ അധിക്ഷേപസ്വരം ഉയര്‍ത്താന്‍ വരെ അവരെ ഉത്സുകരാക്കുന്നതും. പിന്നോക്കക്കാരനായ നരേന്ദ്രമോദിയെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്ത് ആര്‍.എസ്.എസ് പ്രതിഷ്ഠിച്ചത് ദലിതു പിന്നോക്കവിഭാഗങ്ങളെ മരവിപ്പിച്ചുനിര്‍ത്താനുള്ള ഉയര്‍ന്ന ജാതിക്കാര്‍ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് തന്ത്രത്തിന്റെ ഭാഗമാണ്. എന്തുകൊണ്ട് ഒരു ദലിതന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് വരുന്നില്ല എന്നത് പ്രസക്തവുമാണ്.
കൂടെയുള്ള ദലിതരെ നക്കിക്കൊല്ലുകയും പ്രത്യേക വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന മുസ്്‌ലിംകളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്ന ആര്‍.എസ്.എസ്, ബി.ജെ.പി തന്ത്രം രാജ്യത്തെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്കുപോലും കണാന്‍ കഴിഞ്ഞില്ല. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കും സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നുവെങ്കില്‍ സോഷ്യലിസ്റ്റുകളാകുമായിരുന്നു രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി.
ഈയൊരു പരിതസ്ഥിതിയില്‍ രാജ്യത്തെ ദലിതുകള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ദേശീയ മുസ്്‌ലിംലീഗ് എടുത്ത തീരുമാനം വരുംകാല ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കുമെന്നതില്‍ ഒരു സംശയവുമില്ല. ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിംലീഗ് അതിന്റെ ലക്ഷ്യം കാണുമെന്നു തന്നെ പ്രതീക്ഷിക്കാം. മുസ്‌ലിംലീഗിന്റെ പ്രോജ്ജ്വല ചരിത്രം അതാണ് വിളംബരം ചെയ്യുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."