നവോത്ഥാന പ്രക്രിയയില്‍ കള്ളവോട്ട് ചെലുത്തിയ സ്വാധീനം
കള്ളവോട്ടുകളുടെ വിനിയോഗത്തെക്കുറിച്ച് നാനാദിക്കുകളില്‍ നിന്നും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതുകാരണം വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്ര വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിക്കും, പൊന്നാനിയില്‍ സി.പി.ഐ ക്കാര്‍ മുസ് ലിം ലീഗായി രൂപാന്തരം പ്രാപിച്ചതെങ്ങനെ, പി. വി അന്‍വറിന്റെ ബിസിനസ് പുഷ്ടിപ്പെടുത്താന്‍ സി.പി.ഐ സഹായിക്കാത്തതെന്തുകൊണ്ട് തുടങ്ങി കാലിക പ്രസക്തിയുള്ള, ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ഓരോ പാര്‍ട്ടിയും വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് എല്ലാവര്‍ക്കും പതിനേഴും പതിനെട്ടും സീറ്റുകള്‍ കിട്ടുമെന്ന് ഉറപ്പിച്ച് സായൂജ്യമടഞ്ഞുകൊണ്ടിരിക്കുന്ന വേളയിലാണല്ലൊ കള്ളവോട്ടുകള്‍ കയറിവന്നു കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ കലുഷിതമാക്കിയത്.
സത്യത്തില്‍ കള്ളവോട്ടുകളെ ഇങ്ങനെ ഇകഴ്ത്തി സംസാരിക്കേണ്ട വല്ല ആവശ്യവുമുണ്ടോ അതിപുരാതനമായ ഒരു കലാവിഷ്‌കാരമാണത്. ഒരു വ്യക്തിയുടെ വികാരവിചാരങ്ങളെ മറ്റൊരു വ്യക്തി വളരെ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന ഒരു കലാരൂപത്തെയാണ് കള്ളവോട്ടെന്നു മുദ്രകുത്തി നാം അപമാനിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ ഉണ്ടായ കാലംതൊട്ട് മഹത്തായ ഈ കലാരൂപവും ജന്മം കൊണ്ടുവെന്ന് ചരിത്രം പറയുന്നു. ഒരോ മണ്ഡലങ്ങളിലും കായികബലമുള്ള രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ഒരനുഷ്ഠാനമെന്ന നിലയില്‍ തങ്ങളുടെ കഴിവിനനുസരിച്ച് പോളിങ് ബൂത്തുകളില്‍ നിര്‍വഹിച്ചുപോരുന്ന ഒരു പ്രാക്തന കലാവിഷ്‌കാരവും കൂടിയാണത്. തെരഞ്ഞെടുക്കപ്പെട്ട കര്‍മഭടന്മാരാല്‍ വളരെ സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട സല്‍പ്രവൃത്തി ഇതിനോളം മറ്റെന്തുണ്ട് ഇതിന്റെ പേരില്‍ ആരെയും ഒരിക്കലും പാര്‍ട്ടികളില്‍ നിന്ന് പുറത്താക്കരുത്. അവരെ പൊന്നാട ചാര്‍ത്തി ആദരിക്കുകയാണു വേണ്ടത്.
കള്ളവോട്ട് ചെയ്യുന്നവരെ പല ഭാഗങ്ങളില്‍ നിന്നും ഭര്‍ത്സിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷമാണ് ഓരോ പാര്‍ട്ടിയുടെയും കര്‍മഭടന്മാര്‍ പോളിങ് ബൂത്തിലേക്ക് ശ്രദ്ധാപൂര്‍വം അടിവച്ചടിവച്ച് നീങ്ങുന്നത്. ഇപ്പോള്‍ സ്ത്രീകളും ഈ രംഗത്ത് സജീവമാണെന്നത് ആഹ്ലാദകരവുമാണ്. എല്ലാ രംഗങ്ങളിലും സ്ത്രീ ശാക്തീകരണം മുന്നേറുമ്പോള്‍ കള്ളവോട്ടുകളിലും അത് അനിവാര്യമാണ്. ഇങ്ങനെയൊക്കെയാണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായത്. കേരളീയ നവോത്ഥാനത്തില്‍ കള്ളവോട്ടുകളുടെ സ്വാധീനത്തെക്കുറിച്ച് ഒരു പ്രബന്ധം ഉണ്ടാകേണ്ടിയിരിക്കുന്നു.
കള്ളവോട്ടുകള്‍ക്ക് നിയതമായൊരു മാര്‍ഗരേഖയും വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂടും അനിവാര്യമാണ്. എങ്കില്‍ രാമന്‍ നായരെ പോലുള്ളവര്‍ക്ക് അവരുടെ മരിച്ചു പോയ ഭാര്യമാരെ തേടി പോളിങ് ബൂത്തുകളില്‍ അലയേണ്ടി വരില്ലല്ലോ. ഓരോ തെരഞ്ഞെടുപ്പിലും രാമന്‍ നായരുടെ ഭാര്യ വന്ന് വോട്ട് ചെയ്തു പോകുന്ന വിവരം വൈകിയാണ് അദ്ദേഹം അറി ഞ്ഞത്. മരിച്ചുപോയ ഭാര്യ വന്നു വോട്ട് ചെയ്യുന്നത് കാണാന്‍ പല പ്രാവശ്യം രാമന്‍ നായര്‍ പോളിങ് ബൂത്തില്‍ വന്നതാണ്. കാണാന്‍ കഴിഞ്ഞില്ല. പലരോടും അന്വേഷിച്ചു. മരിച്ചു പോയ എന്റെ ഭാര്യ വന്ന് വോട്ട് ചെയ്ത് പോകുന്നത് നിങ്ങളാരെങ്കിലും കണ്ടോ എന്നും അവളെ ഒന്നു കാണാനാണെന്നും.
കള്ളവോട്ടുകളുടെ പ്രയോഗത്തിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങളാണ് ഇതിനൊക്കെ കാരണം. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുപോലെ കള്ളവോട്ട് ചെയ്യാനും ഒരു പ്രത്യേക നിയമം ആവിഷകരിക്കുന്നതു നല്ലതായിരിക്കും. കക്കാന്‍ പോകുന്നതുപോലെ ദുര്‍ഘടം പിടിച്ചൊരു ഏര്‍പ്പാടാണിതും. മോഷ്ടിക്കാന്‍ പോകുന്നവരുടെ യാതനകള്‍ നാം മനസിലാക്കിയിട്ടുണ്ടോ എല്ലാവരും സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു വിഭാഗമാണിത്. ജീവന്‍ കൈയില്‍ പിടിച്ച് ലോകത്തു ചെയ്യുന്ന ഏക ജോലി മോഷണമായിരിക്കും. ഓരോ കള്ളനും തികഞ്ഞ മതേതരവാദിയുമായിരിക്കും. അമ്പലവും പള്ളിയും അവര്‍ മോഷ്ടിക്കുന്ന കാര്യത്തില്‍ വേര്‍തിരിച്ച് കാണുകയില്ല. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് ഉള്ള ക്ഷേത്രങ്ങളിലേക്ക് മാത്രം മറ്റുള്ളവര്‍ പ്രവേശിക്കുക യില്ലെന്നു മാത്രം.
എന്തായാലും കള്ളവോട്ടുകളെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ മഹത്തായ ഈ കല അന്യംനിന്നു പോകുന്നതിലേക്കാണ് എത്തിക്കുക.
അതിനൊരിക്കലും ഇടവരരുത്. കള്ളവോട്ടുകളുടെ പ്രസക്തിയെക്കുറിച്ച് വരുംതലമുറയെ ബോധ്യപ്പെടുത്താന്‍ അതു പരിരക്ഷിച്ചേ മതിയാകൂ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അമൂല്യ കലയെ നാമായിട്ട് നശിപ്പിക്കരുത്. യാതൊരു ഒച്ചപ്പാടുമില്ലാതെഅച്ചടക്കത്തോടെ കള്ളവോട്ട് രേഖപ്പെടുത്താന്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെങ്കില്‍ അതും ചെയ്യണം. അല്ലാതെ കഷ്ടപ്പെട്ട് കള്ളവോട്ട് ചെയ്താലും പോര അതുസംബന്ധിച്ചുള്ള ടിക്കാറാം മീണയുടെ മലയാളത്തിലുള്ള വിശദീകരണം കൂടി കേള്‍ക്കണമെന്ന ദുര്യോഗം എത്രകാലമെന്നുവച്ചാ സാക്ഷരതയില്‍ ഇപ്പോഴും എപ്പോഴും മുന്നിട്ടുനില്‍ക്കുന്ന മലയാളി സഹിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."