സഊദി പബ്ലിക് പ്രോസിക്യൂഷന് കെട്ടിടത്തില്‍ അഗ്നിബാധ
റിയാദ്: സഊദിയിലെ പബ്ലിക് പ്രോസിക്യൂഷന് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നാശനഷ്ടങ്ങളുടെ കണക്ക് പരിശോധിച്ച് വരികയാണെന്നും ഫയലുകള്‍ മുഴുവന്‍ ഇലക്ട്രോണിക്സ് സംവിധാനമായതിനാല്‍ പബ്ലിക് പ്രോസിക്യൂഷന് ഫയലുകള്‍ക്ക് കെട്ടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷന് അധികൃതര്‍ അറിയിച്ചു. ദമാം ജുബൈല്‍ റോഡിലെ കെട്ടിടത്തില്‍ ഞായറാഴ്ച്ച ഉച്ച കകഴിഞ്ഞാണ് സംഭവം. സംഭവത്തില്‍ കിഴക്കന്‍ പ്രവിശ്യ അമീര്‍ പ്രിന്‍സ് സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷന് ഓഫീസ് പ്രവര്‍ത്തനം തിങ്കളാഴ്ച്ച സാധാരണ രീതിയില്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടു ഭാഗമായി കിടക്കുന്ന പത്തു നില കെട്ടിടത്തിലാണ് അപകടം. സംഭവം നടന്നയുടന്‍ സഊദി സിവില്‍ ഡിഫന്‍സിന്റെ ഇരുപത് ഫയര്‍ ഫൈറ്റിങ് യൂണിറ്റുകളും റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡയാക്റ്ററേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അബ്ദുല്‍ ഹാദി ബിന്‍ അലി അല്‍ ശഹ്റാനി പറഞ്ഞു. എയര്‍ കണ്ടീഷനില്‍ പെട്ടെന്നുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."