ജനഹൃദയങ്ങളിലെ നേതാവ്
1970 ലെ കേരള നിയമസഭയിലെ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ ബാച്ച് ഫയ്‌വ് മെന്‍ ആര്‍മി എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍. രാമകൃഷ്ണന്‍, എ.സി ഷണ്‍മുഖദാസ് എന്നീ യുവത്വത്തിന്റെ പ്രതിനിധികളായിരുന്നു. 1977ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ 37 കാരനായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ തൊഴില്‍വകുപ്പിന്റെ ചുമതലയേറ്റെടുത്തു. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനമനുവദിച്ചത് ആ സര്‍ക്കാറാണ്. തുടര്‍ന്ന് നിയമസഭാ ജീവിതത്തിനിടയില്‍ ധനകാര്യം, ആഭ്യന്തരം, മുഖ്യമന്ത്രി എന്നീ പദവികള്‍ ഉമ്മന്‍ചാണ്ടി അലങ്കരിച്ചു. യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പുരാണങ്ങളില്‍ എതിരാളിയുടെ ശക്തി തന്നിലേക്ക് ആവാഹിച്ച ബാലിയെ പോലെ ജനങ്ങളില്‍നിന്ന് ശക്തി ആവാഹിക്കാനുള്ള കഴിവ് ഉമ്മന്‍ചാണ്ടിയുടെ ഒരു പ്രത്യേകതയാണ്. രാപകല്‍ സമരം ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിച്ച്, അതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത കേരളത്തിലെ ഏക നേതാവ് ഉമ്മന്‍ചാണ്ടിയായിരുന്നു.
അധികാര കസേരകള്‍ പലര്‍ക്കും അലങ്കാര വസ്തുവാണ്. എന്നാല്‍ അധികാര കസേരകള്‍ക്ക് ഒരു അലങ്കാരമാണ് ഉമ്മന്‍ചാണ്ടി. പുരാണത്തിലെ പെരുവിരല്‍ ഗുരുവിന് ദക്ഷിണയായി നല്‍കിയ ഏകലവ്യനെപോലെ അദ്ദേഹം മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ അല്ലാതായിട്ടും, ഈ സ്ഥാനമാറ്റങ്ങള്‍ അലങ്കരിക്കുന്ന എല്ലാവരെക്കാളും നന്നായി ജനസേവനം നടത്തി ജനഹൃദയങ്ങളില്‍ സിംഹാസനം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കായിട്ടുണ്ട്. വേഷവിധാനങ്ങളില്‍ തല്‍പരനല്ല അദ്ദേഹം. അഭിനയിക്കാനുമറിയില്ല, പ്രാസം ഒപ്പിച്ചു പ്രസംഗിക്കുന്ന ആളുമല്ല. എന്നാല്‍ ഇതെല്ലാമുള്ള നേതാക്കന്മാര്‍ക്ക് ഇടയില്‍ അതുക്ക് മീതെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."