HOME
DETAILS

മുഖമറ വിവാദമാകുമ്പോള്‍ മറക്കാതിരിക്കേണ്ടത്

  
backup
May 06 2019 | 18:05 PM

todays-article-about-niqab-07-05-2019

 

ഓസ്‌കര്‍ അവാര്‍ഡ് നേടിയ 'സ്ലം ഡോഗ് മില്യനറു'ടെ പത്താം വാര്‍ഷികച്ചടങ്ങില്‍ വിശ്രുത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അദ്ദേഹത്തിന്റെ പുത്രി ഖദീജ മുഖം മറച്ചു വേദിയിലെത്തിയത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. പട്ടുസാരി ധരിച്ച ഖദീജ, കണ്ണുമാത്രം പുറത്തുകാണിക്കുന്ന 'നിഖാബി'നോടു സാദൃശ്യമുള്ള വേഷത്തിലെത്തിയത് ലോകത്തെ അത്ഭുതപ്പെടുത്തി. എന്നുമാത്രമല്ല, റഹ്മാനെതിരേ സമൂഹമാധ്യമങ്ങളില്‍ നിശിതവിമര്‍ശനങ്ങളുടെ 'ട്രോളുകള്‍' കൂലംകുത്തിയൊഴുകി.
റഹ്മാന്റെ പിന്തിരിപ്പന്‍ ചിന്താഗതിയാണു മകളുടെ മുഖമറയുടെ നിദാനമെന്നും അദ്ദേഹത്തിന്റെ നിര്‍ബന്ധം കൊണ്ടാവാം 'വികൃത'വേഷവുമായി മകള്‍ പ്രത്യക്ഷപ്പെട്ടതെന്നുമൊക്കെ പ്രചാരണങ്ങള്‍ കൊഴുത്തപ്പോള്‍ ഖദീജ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. 'തെരഞ്ഞെടുക്കാനുള്ള അവകാശ'ത്തിലൂന്നി സംസാരിച്ച അവര്‍ക്കു പറയാനുണ്ടായിരുന്നത് ഇതാണ്:


''ഞാന്‍ ധരിക്കുന്ന വസ്ത്രത്തിനും എന്റെ താല്‍പ്പര്യങ്ങള്‍ക്കും മാതാപിതാക്കളുമായി ഒരു ബന്ധവുമില്ല. മുഖാവരണം പൂര്‍ണസ്വീകാര്യതയോടെയും ആദരവോടെയുമുള്ള എന്റെ തെരഞ്ഞെടുപ്പാണ്. എന്തു തെരഞ്ഞെടുക്കണമെന്നു തീരുമാനിക്കാന്‍ ശേഷിയുള്ള, സ്വബോധമുള്ള, പ്രായപൂര്‍ത്തിയായ വ്യക്തിയാണു ഞാന്‍. ഏതു മനുഷ്യജീവിക്കും അവര്‍ എന്തു ധരിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യേണ്ടെന്നും തീരുമാനിക്കാനുള്ള അവകാശം വകവച്ചുകൊടുക്കേണ്ടതുണ്ട് .''


ഖദീജ മുന്നോട്ടുവച്ച വാദം പുരോഗമനപരവും മനുഷ്യാവകാശമൂല്യങ്ങള്‍ എടുത്തുകാട്ടുന്നതുമാണ്. ഒരാള്‍ എന്തു ഭക്ഷിക്കണം, എന്തുടുക്കണം, എന്തു ചിന്തിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്നിടത്താണു ഫാഷിസം ഉറവയെടുക്കുന്നത്. എന്നാല്‍, ഫാഷിസത്തിനെതിരേ ശക്തമായ നിലപാടെടുക്കാറുള്ള എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ ഭരണച്ചുമതലയിലുള്ള കോളജുകളിലെ ക്ലാസുകളില്‍ മുഖംമറയ്ക്കുന്ന വേഷവുമായി ഹാജരാവാന്‍ അനുവദിക്കില്ലെന്നു നിഷ്‌കര്‍ഷിക്കുന്ന ഏപ്രില്‍ 17ന്റെ സര്‍ക്കുലറിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കേണ്ടത് ആ ശാസനയിലടങ്ങിയ മനുഷ്യാവകാശ ലംഘനത്തിലാവണമായിരുന്നു.


കേരളത്തില്‍ ന്യൂനപക്ഷപദവി നിഷ്പ്രയാസം നേടിയെടുത്ത സ്ഥാപനങ്ങള്‍ എം.ഇ.എസിന്റേതായിരിക്കും. അത്തരം ന്യൂനപക്ഷസ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് അവരുടെ വിശ്വാസവും അഭിരുചിയുമനുസരിച്ചുള്ള വേഷത്തിന് അനുമതിയില്ലെന്നു വരുന്നതിലെ വിരോധാഭാസം, ഒരുപക്ഷേ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.


ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇടപെടല്‍ ക്ഷണിച്ചുവരുത്തുന്ന മേഖലയാണിത്. ഭരണഘടനയുടെ 29, 30 ഖണ്ഡികകള്‍ പ്രദാനം ചെയ്യുന്ന സാംസ്‌കാരിക, വിദ്യാഭ്യാസ അവകാശം ഭാഷാ, മതന്യൂനപക്ഷങ്ങളുടെ സ്വത്വവും സമുദ്ധാരണവും ലക്ഷ്യമിട്ടുള്ളതാണെന്ന് അറിയാത്തയാളല്ല ഡോ. ഫസല്‍ ഗഫൂര്‍. ടി.എം.എ പൈ കേസില്‍ ഏഴംഗ ബെഞ്ച് ആഴത്തില്‍ പരിശോധിച്ചതു മതേതരത്വം കൊണ്ടു വിവക്ഷിക്കുന്നതെന്താണെന്നും ആരാണു ന്യൂനപക്ഷമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലക്ഷ്യംവയ്‌ക്കേണ്ടത് എന്തൊക്കെയാണെന്നുമാണ്.
ഇന്ത്യയുടെ മതേതര വിവക്ഷയനുസരിച്ചു സംസ്‌കാരങ്ങള്‍ ഉരുക്കിയെടുക്കുന്ന ചട്ടിയായി (മെല്‍റ്റിങ് പോട്ട്) വിദ്യാലയങ്ങള്‍ മാറണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് കൃപാലിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ ബെഞ്ച് അഭിപ്രായപ്പെട്ടപ്പോള്‍, ജസ്റ്റിസ് റുമാപാല്‍ അതിനോടു വിയോജിച്ചു. മെല്‍റ്റിങ് പോട്ടായല്ല, 'സലാഡ് ബൗളാ'യാണു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാറേണ്ടതെന്ന് അവര്‍ വാദിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സ്വത്വമുദ്രകള്‍ പരിലാളിക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്താനാണ്.


അതിന്റെ അടിസ്ഥാനത്തില്‍, ന്യൂനപക്ഷപദവിയുള്ള സ്ഥാപനത്തില്‍, സാംസ്‌കാരിക സമേകതകൊണ്ടുവരാന്‍ മെനക്കെടുന്നത് അതിരുകടന്ന നടപടിയാവില്ലേ. അതേസമയം, നിഖാബിനെതിരേ പടപൊരുതാനുള്ള ഫസലിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.
എത്രയോ പെണ്‍കുട്ടികള്‍ നിഖാബ് ഇന്നൊരു ഫാഷനായി കൊണ്ടുനടക്കുന്നതായി തോന്നിയിട്ടുണ്ട്. 'പര്‍ദയും ഹിജാബും നിഖാബുമൊക്കെ ഒരു നാഗരികതയുമായി അഭേദ്യമായി ബന്ധപ്പെട്ട പ്രതീകവും പ്രതിനിധാനവുമാണിന്ന്. പടിഞ്ഞാറ്, ഒരുവേള, മുസ്‌ലിം നാഗരികതയെ പഠിക്കാന്‍ ശ്രമിച്ചതും അതിന്റെ സാംസ്‌കാരിക സവിശേഷതകളെ സ്വാംശീകരിക്കാന്‍ മുന്നിട്ടിറങ്ങിയതും തങ്ങള്‍ക്ക് അന്യമായ ലോകത്തിന്റെ കൗതുകമുണര്‍ത്തുന്ന സംസ്‌കാരം എന്ന നിലയ്ക്കാണ്. യൂറോപ്യന്‍ സ്വത്വം വികാസപരിണാമങ്ങളിലൂടെ കടന്നുപോയപ്പോള്‍ ശത്രുപക്ഷത്തു നിര്‍ത്തപ്പെട്ട മുസ്‌ലിംകളുടെ അടയാളപ്പെടുത്തലുകളായാണു പര്‍ദയും ബുര്‍ഖയും മറ്റും അവതരിപ്പിക്കപ്പെടുന്നത്.


കോളനിവാഴ്ചക്കാലത്ത് കണ്ടുമുട്ടിയ ഈ സ്വത്വചിഹ്നങ്ങളെ വെറുക്കാനും തകര്‍ക്കാനും തുടങ്ങിയപ്പോഴാണു തലമറയ്ക്കുന്നതും മുഖംമൂടുന്നതുമെല്ലാം 'അപരിഷ്‌കൃത, പ്രാക്തനസമൂഹത്തിന്റെ പ്രതീകങ്ങളായി മുദ്രയടിക്കപ്പെട്ടതും ആ ദിശയില്‍ യുദ്ധം പ്രഖ്യാപിച്ചതും. ഇതെല്ലാം അറബ് ഗോത്രവര്‍ഗ സംസ്‌കൃതിയുടെ പ്രാഥമികചിഹ്നങ്ങളാണെന്ന ധാരണ വിവരമില്ലായ്മയാണ്. റോമന്‍, ഗ്രീക്ക് സമൂഹത്തില്‍നിന്നാണ് ആധുനികസ്ത്രീകളിലേയ്ക്കു മൂടുപടം കടന്നുവരുന്നത്. പേര്‍ഷ്യയില്‍നിന്നു ലോകം കടമെടുത്ത ബുര്‍ഖ ഇറാനിയന്‍ സാസാനിദ് സംസ്‌കാരത്തിന്റെ അവശിഷ്ടമാണ്.


ഇന്ത്യയില്‍ കുലീനതയുടെ അടയാളമാണു മുഖംമറച്ച മഹിളാമണികള്‍. കാലപ്രവാഹത്തില്‍ വഴിവക്കില്‍ കണ്ടതെല്ലാം തങ്ങളുടേതാക്കി വികസിപ്പിച്ചെടുക്കുന്ന മുസ്‌ലിം നാഗരികപ്രഭാവമാണ് ഇന്നും ഇത്തരം വേഷങ്ങള്‍ നിലനിര്‍ത്തുന്നത്. കാലത്തോടൊപ്പം മാറുന്നതും അല്ലാത്തതുമായ സാംസ്‌കാരികതയുണ്ട്. ഇന്നു പര്‍ദയും ഹിജാബുമൊക്കെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ആയുധം കൂടിയാണ്. തങ്ങള്‍ ജീര്‍ണസംസ്‌കാരമെന്നു കരുതുന്ന പടിഞ്ഞാറിന്റെ ഫാഷന്‍ഭ്രമത്തോടു പൊരുതിനില്‍ക്കുന്ന ബദല്‍ സംസ്‌കാരത്തെയാണു കുടിയേറ്റസമൂഹം ഹിജാബിലൂടെ അവതരിപ്പിക്കുന്നത്.


അതുകൊണ്ടാണു നിയമത്തിലൂടെ അതു നിരോധിക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും തിടുക്കം കാട്ടിയത്. ഫ്രാന്‍സിലും ബെല്‍ജിയത്തിലും പര്‍ദ ധരിച്ചു പുറത്തിറങ്ങിയാല്‍ ഏഴുദിവസത്തെ ജയില്‍ശിക്ഷ കിട്ടും. കുടിയേറ്റവിരുദ്ധ വികാരം ആളിക്കത്തുന്നതിനിടയിലാണു ജര്‍മനി ഹിജാബ് നിരോധിക്കുന്നത്. എട്ടുകോടി ജനങ്ങള്‍ അധിവസിക്കുന്ന ആ രാജ്യത്തു കേവലം നൂറില്‍ കുറഞ്ഞ സ്ത്രീകള്‍ (അതായത് 0.000125 ശതമാനം) മാത്രമേ ഹിജാബ് ധരിച്ചിരുന്നുള്ളൂ.
അസഹിഷ്ണുതയുടെ തീവ്രത നോക്കണം. കോളനിവാഴ്ചയ്ക്കു ന്യായീകരണം കണ്ടെത്താനും 'വിമോചക' വേഷം എടുത്തണിയാനും സ്ത്രീവേഷത്തെ പടിഞ്ഞാറന്‍ ശക്തികള്‍ ഉപയോഗിച്ചപ്പോള്‍ പോരാട്ടത്തിന്റെ പ്രത്യക്ഷ ഉപകരണമായി മുഖാവരണങ്ങള്‍ മാറിയെന്നതിന് അള്‍ജീരിയയുടെ ചരിത്രം സാക്ഷിയാണ്.
അള്‍ജീരിയന്‍ സ്വാതന്ത്ര്യസമര കാലത്ത് അന്നാട്ടിലെ സ്ത്രീകളുടെ അബായ വലിച്ചൂരിയെറിയുന്ന ചടങ്ങുകള്‍ പോലും സൈനികമേധാവികള്‍ അവരുടെ പത്‌നിമാരുടെ സഹായത്തോടെ സംഘടിപ്പിച്ചിരുന്നു. പാരീസില്‍ അതിന്റെ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ ഫ്രഞ്ച് നുകത്തിനടിയില്‍ ജീവിക്കാനാണ് അല്‍ജീരിയന്‍ ജനത ആഗ്രഹിക്കുന്നതെന്നുവരെ തെറ്റിദ്ധരിപ്പിച്ചു. അല്‍ജീരിയ സ്വതന്ത്രമായപ്പോള്‍ ഹിജാബും സമാന സാംസ്‌കാരികചിഹ്നങ്ങളും കൂടുതല്‍ നിറഭംഗിയോടെ തിരിച്ചുവരുന്ന കാഴ്ചയ്ക്കും നാം സാക്ഷിയായി.
കേരളീയ സാംസ്‌കാരിക, വിദ്യാഭ്യാസമണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നാന്ദി കുറിച്ച പ്രസ്ഥാനമാണ് എം.ഇ.എസ്. എന്നാല്‍, നവോത്ഥാനത്തെക്കുറിച്ചും സ്ത്രീവിമോചനത്തെക്കുറിച്ചും എം.ഇ.എസ് മുന്നോട്ടുവയ്ക്കുന്ന 'പുരോഗമനാശയങ്ങള്‍ ഒരുവേള കേരളീയ മുസ്‌ലിംസമൂഹത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിംലീഗും എം.ഇ.എസും തമ്മില്‍ അകലുന്നത് സുന്നിചിന്താധാരയെ യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടാതെ, നിഷ്‌കരുണം കൈകാര്യം ചെയ്തപ്പോഴാണ്.


മാപ്പിള മുസ്‌ലിംസ് ഓഫ് കേരള എന്ന ഗ്രന്ഥത്തില്‍ റോളാണ്ട് ഇ. മില്ലര്‍ എവിടെയാണ് എം.ഇ.എസിനു പിഴച്ചതെന്നു മര്‍മത്തില്‍ തൊട്ടുകാണിക്കുന്നുണ്ട്. എല്ലാറ്റിനും ഉപരിയായി ന്യൂനപക്ഷങ്ങളുടെ നിസ്സാര സാംസ്‌കാരിക ചിഹ്നം പോലും ഇന്നു പരിരക്ഷയും പരിലാളനയും ആവശ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷങ്ങളെ ഒന്നടങ്കം ഉന്മൂലനം ചെയ്യുക സ്വപ്നമായി കൊണ്ടുനടക്കുന്ന വര്‍ഗിയ ഫാസിസം രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുത്തു കഴിഞ്ഞ ദുരന്തമുഖത്ത് തലയ്ക്കു തന്നെ ഭീഷണി നേരിടുമ്പോള്‍ കണ്ണുകളേ കാണുന്നുള്ളൂവെന്നു പരിഭവിക്കുന്നതില്‍ എന്തര്‍ഥം.


അത്തര്‍ വില്‍പ്പനക്കാരനായ ഒരു മുസ്‌ലിം ചാവേറാക്രമണത്തിലൂടെ കേരളത്തെ ചുട്ടുചാമ്പലാക്കാന്‍ ഒരുക്കം നടത്തുകയാണെന്ന 'ഔദ്യോഗിക ഭാഷ്യം' കേട്ടിട്ടും നിഖാബിന്റെ വിടവിലൂടെ പ്രശ്‌നങ്ങളെ നോക്കിക്കാണുന്ന സമൂഹത്തെ കാത്തിരിക്കുന്ന ദുരന്തം എത്രമാത്രമായിരിക്കുമെന്ന് ആലോചിക്കുന്നതു നന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago