ഹാരി രാജകുമാരന് ആണ്‍കുഞ്ഞ് പിറന്നു
ലണ്ടന്‍: ഇംഗ്ലണ്ടിനെ ആഹ്ലാദത്തിലാഴ്ത്തി ആ വാര്‍ത്ത പുറത്തുവന്നു. ഹാരി രാജകുമാരനും മേഗന് മര്‍ക്കിളിനും ആണ്‍കുഞ്ഞ്. രാജാവിന്റെ പദവിയിലേക്കുള്ള ഊഴത്തില്‍ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്റെയും മകന്. ഹാരി രാജകുമാരന് തന്നെയാണ് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ സസക്സ് കൊട്ടാരത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പും പുറത്തുവന്നു.
ഹാരി- മേഗന് ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിത്- ചിരിച്ചുകൊണ്ട് ഹാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ രാജ്ഞിയായ ക്വീന്‍ എലിസബത്തിന്റെ പേരക്കുട്ടിയാണ് ഹാരി. പ്രശസ്തയായിരുന്ന ഡയാന രാജകുമാരിയുടെയും അടുത്ത രാജാവായി അധികാരമേല്‍ക്കുന്ന ചാള്‍സ് രാജകുമാരന്റെയും രണ്ടാമത്തെ മകന്. കഴിഞ്ഞ വര്‍ഷം മെയിലാണ് വലിയ ആഘോഷത്തോടെ വിന്ഡ്സോര് കൊട്ടാരത്തില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 ആണ് പ്രായം. അമേരിക്കയിലെ മുന്‍നിര നടിയായിരുന്ന മേഗന് 37 വയസും.
ക്വീന്‍ എലിസബത്തിന്റെ പേരക്കുട്ടികളുടെ കുട്ടികളില്‍ എട്ടാമത്തെയാളാകും ഇപ്പോള്‍ പിറന്ന കുഞ്ഞ്. 93 വയസുള്ള എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജ്ഞിമാരില്‍ ഒരാളാണ്. ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വം ഒരുപോലെ സ്വന്തമായുണ്ട് ക്വീന്‍ എലിസബത്തിന്. ഹാരി രാജകുമാരന്റെയും മേഗന് മര്ക്കിളിന്റെയും ഔദ്യോഗികപദവികള്‍ സസക്സ് പ്രഭുവെന്നും പ്രഭ്വി എന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."