തൂശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി കൊടിമരം ഉയര്‍ത്തുന്നതോടെയാണ് പൂരത്തിന് കൊടിയേറുക. 13നാണ് പൂരം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15 നും 11.45 നും ഇടയിലും പാറമേക്കാവ് ക്ഷേത്രത്തില്‍ 12 നും 12.30നും ഇടയിലുമാണ് കൊടിയേറ്റം. ഉച്ചയ്ക്ക് മൂന്നിന് പൂരം പുറപ്പാടിറങ്ങും.
നായ്ക്കനാലിലും നടുവിലാലിലും ദേശക്കാര്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റങ്ങള്‍ നടക്കും. ഇത്തവണ ശക്തമായ സുരക്ഷയാണ് പൂരത്തിനായി നഗരത്തിലൊരുക്കിയിരിക്കുന്നത്. ഇലഞ്ഞിത്തറ മേളം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നവരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമെ കടത്തിവിടൂ.
നഗരത്തില്‍ കൂടുതല്‍ സി.സി.ടി.വി കാമറകളും സ്ഥാപിക്കും. കൂടുതല്‍ പൊലിസിനേയും വിന്യസിക്കും. പൂരം കാണാനെത്തുന്നവര്‍ ഹാന്‍ഡ് ബാഗ്, തോള്‍ ബാഗ് എന്നിവയുമായി വരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്.
ബാഗുകള്‍ സൂക്ഷിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൗണ്ടറുകള്‍ തുറക്കാനും ശ്രമിക്കുന്നുണ്ട്. പൊലിസ് സ്‌കാന്‍ ചെയ്തശേഷം ബാഗുകള്‍ സൂക്ഷിക്കും. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതല്‍ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കില്ല.
വെടിക്കെട്ടിന് ഓലപ്പടക്കം ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലെങ്കിലും വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും സംഘാടകര്‍ പൂര്‍ത്തിയാക്കി. സുപ്രിംകോടതി അനുമതി ലഭിച്ച ശേഷമേ ഓലപ്പടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനുമുണ്ടാകൂ. വെടിക്കെട്ട് നടക്കുന്ന സ്ഥലം എക്‌സ്പ്‌ളോസീവ് സംഘം പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."