കോടതിയില്‍ ഹാജരാകണം; ശ്രീറാം വെങ്കിട്ടരാമന് അന്ത്യശാസനം; വഫയ്ക്ക് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറം വെങ്കിട്ടരാമന്‍ ഐ.എ.എസ് കോടതിയില്‍ ഹാജരായില്ല. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്ത്യശാസനം നല്‍കി.
അതേസമയം, രണ്ടാംപ്രതി വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ബഷീര്‍ മരിച്ചു. ഇതിനുശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ച് തെളിവുനശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫയ്ക്കെതിരേ കുറ്റം ചുമത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ചാല്‍ വാഹനമിടിച്ച് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്നും അറിവും ബോധ്യവുമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരേ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."