പത്തുലക്ഷം ജീവിവര്‍ഗങ്ങള്‍ വംശനാശത്തിന്റെ വക്കിലെന്ന് പഠനം
ലണ്ടന്‍: ഭൂമുഖത്തെ പത്തുലക്ഷം ജീവിവര്‍ഗങ്ങള്‍ വംശനാശത്തിന്റെ വക്കിലെന്ന് പഠനറിപ്പോര്‍ട്ട്. 80 ലക്ഷം വരുന്ന ജീവിവര്‍ഗങ്ങളില്‍ എട്ടിലൊന്നും വംശനാശഭീഷണിയിലാണെന്ന് യു.എന്‍ സമിതിയായ ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോ സിസ്റ്റം സര്‍വിസസ് (ഐ.പി.ബി.ഇ.എസ് ) റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിവേഗം വളരുന്ന ജനസംഖ്യ, അത്യാര്‍ത്തിയോടെയുള്ള പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം, പ്രകൃതിനാശം തുടങ്ങിയവ ഭൂമിയുടെ താളംതെറ്റിക്കുകയാണെന്ന് 50 രാജ്യങ്ങളില്‍ നിന്നുള്ള 145 വിദഗ്ധര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യന്റെ പ്രവൃത്തികള്‍ ഭൂമിയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിന്റെ തോത് സംബന്ധിച്ച് ഇതുവരെ തയാറാക്കിയതില്‍ വച്ച് ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടാണിത്.
ആവാസവ്യവസ്ഥ ചുരുങ്ങിവരുന്നതും കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, പ്രകൃതിചൂഷണം എന്നിവയാണ് ജീവിവര്‍ഗങ്ങള്‍ക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത്.
40 ശതമാനം ഉഭയജീവികള്‍, 33 ശതമാനം പവിഴപ്പുറ്റുകള്‍, സമുദ്ര സസ്തനികളില്‍ മൂന്നിലൊരു ഭാഗം എന്നിവ വംശനാശത്തിന്റെ വക്കിലാണ്.
പത്തുശതമാനം പ്രാണിവര്‍ഗങ്ങളും വംശനാശഭീഷണി നേരിടുന്നു.
ജൈവവൈവിധ്യ നാശത്തിലും പ്രതിസ്ഥാനത്ത് മനുഷ്യര്‍ തന്നെയാണ്. വ്യാവസായിക വിപ്ലവാനന്തരം കരഭാഗത്തിന്റെ 75 ശതമാനവും കടലിന്റെ 66 ശതമാനവും മാറ്റിമറിക്കപ്പെട്ടു. 1992നു ശേഷം നഗരമേഖല വ്യാപിച്ചത് നൂറുശതമാനമാണ്.
50 വര്‍ഷത്തിനിടെ ജനസംഖ്യ ഇരട്ടിയായി. പ്രതിശീര്‍ഷ ഉല്‍പാദനം നാലിരട്ടി വര്‍ധിച്ചു.
ഭക്ഷ്യ ഉല്‍പാദനം 1970ലേതില്‍ നിന്ന് 300 ശതമാനമാണ് വര്‍ധിച്ചത്. ശുദ്ധജല സ്രോതസിന്റെ 75 ശതമാനവും ഭക്ഷ്യവിള ഉല്‍പാദനത്തിനും കന്നുകാലികള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഇതെല്ലാം മറ്റു ജീവിവര്‍ഗങ്ങളുടെ നിലനില്‍പിനെ ഗുരുതരമായി ബാധിച്ചതായി റിപോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."