അഹങ്കാരം ദുര്യോധനന്റെ അന്ത്യംകുറിച്ച കാര്യം മോദി മറക്കരുത്: പ്രിയങ്ക
അംബാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു നാശമുണ്ടായതുപോലെ നരേന്ദ്ര മോദിയും തകരുമെന്നു പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തിനു വേണ്ടി രക്തസാക്ഷ്യംവരിച്ച തന്റെ പിതാവ് രാജീവ് ഗാന്ധിയെ നരേന്ദ്ര മോദി അപമാനിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഹരിയാനയിലെ അംബാലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മറ്റൊരു വിഷയവും ഇല്ലാഞ്ഞിട്ട് അവരെന്റെ കുടുംബത്തെ അപമാനിച്ചു. ഈ രാജ്യം ഒരിക്കലും അഹങ്കാരികള്‍ക്കു മാപ്പു നല്‍കില്ല.
ചരിത്രം ഇതു പലതവണ തെളിയിച്ചതാണ്. മഹാഭാരതത്തിലും ഇതിനു തെളിവുണ്ട്. ദുര്യോധനനും ഇത്തരം അഹങ്കാരത്തിലായിരുന്നു. ദുര്യോധനനെ ഭഗവാന്‍ കൃഷ്ണന്‍ നേര്‍വഴി നടത്താന്‍ ശ്രമിച്ചെങ്കിലും ശ്രീകൃഷ്ണനെതിരേ തിരിയുകയായിരുന്നു ദുര്യോധനന്‍ ചെയ്തത്- പ്രിയങ്ക ഓര്‍മിപ്പിച്ചു. 'മനുഷ്യര്‍ക്ക് നാശം വരുമ്പോള്‍ അവര്‍ക്ക് ആദ്യം ഇല്ലാതാകുന്നത് വിവേകമാണ് ' എന്ന കവിതയും അവര്‍ പ്രസംഗത്തില്‍ ഉദ്ധരിച്ചു.
രാജീവ് ഗാന്ധി ആരോപണവിധേയമായ ബോഫേഴ്‌സ് ഇടപാട് കേസ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന മോദിയുടെ വെല്ലുവിളിക്കും പ്രിയങ്ക മറുപടി നല്‍കി.
വികസനവും തൊഴിലും കര്‍ഷകരുടെ വിഷയവും സ്ത്രീസുരക്ഷയും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രിക്കു ധൈര്യമുണ്ടോയെന്ന് പ്രിയങ്ക വെല്ലുവിളിച്ചു.
ഇതിനു തൊട്ടുപിന്നാലെ പ്രിയങ്കക്ക് മറുപടിയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ രംഗത്തുവന്നു. ഇതു ജനാധിപത്യമാണെന്നും ആരും ഇവിടെ ദുര്യോധനന്‍ ആവേണ്ടെന്നും ആരാണ് അര്‍ജുനനെന്നും ദുര്യോധനനെന്നും മെയ് 23ന് അറിയുമെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."