പെരുമാറ്റച്ചട്ട ലംഘനം: നീതി ആയോഗിനോട് തെര. കമ്മിഷന്‍ വിശദീകരണം തേടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീതി ആയോഗിനോട് വിശദീകരണം തേടി. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് നീതി ആയോഗ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതു പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് പരാതി. നീതി ആയോഗിലെ മുതിര്‍ന്ന സാമ്പത്തികകാര്യ ഉദ്യോഗസ്ഥ പിങ്കി കപൂര്‍ ആണ് നരേന്ദ്രമോദിക്കു വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചത്. നരേന്ദ്രമോദി സന്ദര്‍ശിക്കുന്നതിന് മുന്‍പായി അതതു പ്രദേശങ്ങളിലെ സാമൂഹ്യ സാമ്പത്തിക സവിശേഷതകള്‍ വിശദമാക്കുന്ന കുറിപ്പ് നല്‍കാനാണ് കത്തില്‍ പിങ്കി കപൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന് (പി.എം.ഒ) വിവരങ്ങള്‍ നല്‍കാനായിരുന്നു കത്തിലെ നിര്‍ദേശം.
ഇത് രണ്ടാംതവണയാണ് പൊതുതെരഞ്ഞെടുപ്പ് വേളയില്‍ നീതി ആയോഗ് കമ്മിഷന്റെ നടപടി നേരിടുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടനപത്രികയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനോട് കമ്മിഷന്‍ വിശദീകരണം ആരാഞ്ഞിരുന്നു. സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്തിരുന്നു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ നയത്തെ വിമര്‍ശിച്ച നടപടിയിലാണ് അന്ന് കമ്മിഷന്‍ വിശദീകരണം തേടിയത്.
ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 49 പരാതികളാണ് ലഭിച്ചത്. ഇതില്‍ 43ഉം തീര്‍പ്പാക്കിയതായി ഉപതെരഞ്ഞെടുപ്പ് കമ്മിഷനര്‍ സന്ദീപ് സക്‌സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."