മന്താര്‍കൊല്ലി ശാന്തിനഗര്‍ നിവാസികള്‍ക്ക് ദുരിതയാത്ര
മാനന്തവാടി: മഴക്കാലമായാല്‍ മന്താര്‍കൊല്ലി ശാന്തിനഗര്‍ നിവാസികള്‍ യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കസിലെ മെയ്യഭ്യാസം പഠിച്ചിരിക്കണം. ഇല്ലെങ്കില്‍ ചളിയില്‍ പുതഞ്ഞ് യാത്ര ചെയ്യേണ്ടി വരും. മാനന്തവാടി നഗരസഭയിലെ 22ാം ഡിവിഷനായ ചെറ്റപ്പാലത്തെയും 21ാം ഡിവിഷനില്‍ ഉള്‍പ്പെട്ട മൈത്രി നഗര്‍ വഴി ശാന്തിനഗറുമായി ബന്ധപ്പെടുന്നതാണ് മന്താര്‍കൊല്ലി റോഡ്. ഏകദേശം ഒരു കി.മീ ദൂരം ചതുപ്പ് നിറഞ്ഞതാണ്.
മഴക്കാലമായാല്‍ ഈ റോഡ് ചളിക്കുളമാകും, ഇതോടെ നാട്ടുകാര്‍ ചെങ്കല്ല് സ്ഥാപിച്ച് അതിന് മുകളിലൂടെ ചാടിയാണ് യാത്ര. കാലൊന്ന് തെറ്റിയാല്‍ ചെളിക്കുളത്തില്‍ വീണ് മുങ്ങുന്ന സ്ഥിതിയാണ്. 35 ഓളം വീട്ടുകാരാണ് ഈ റോഡിന്റെ പ്രധാന ഗുണഭോക്താക്കള്‍. ചളിക്കുളമായതിന് പിന്നാലെ വെള്ളപ്പൊക്കത്തില്‍ ചെറ്റപ്പാലത്ത് നിന്ന് ഇറങ്ങുന്ന ഭാഗം ഇടിഞ്ഞുതാന്നതോടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ഇതോടെ കാല്‍നടയാത്രയും ദുഷ്‌ക്കരമായി. പലക ഇട്ടാണ് നാട്ടുകാര്‍ കടന്നു പോകുന്നത്.
കാല്‍ തെറ്റിയാല്‍ തോട്ടില്‍ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. തോട്ടില്‍ കൈതച്ചെടികള്‍ തിങ്ങിനില്‍ക്കുന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട നിലയിലാണ്.
കൈതകള്‍ വെട്ടിമാറ്റിയാല്‍ തന്നെ റോഡില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനാകും.
ഡിവിഷന്‍ കൗണ്‍സിലര്‍ ഈ റോഡിനോട് ചിറ്റമ്മനയമാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."