പെട്രോളിയം മേഖലയില്‍ ചൈനയുമായി സഹകരിക്കാന്‍ ഇന്ത്യയുടെ തീരുമാനം
മുംബൈ: ഇന്ത്യയും ചൈനയും വ്യാപാര രംഗത്ത് പ്രത്യേകിച്ചും അസംസ്‌കൃത എണ്ണ വ്യാപാരത്തില്‍ കൈകോര്‍ക്കാന്‍ തീരുമാനം.
ഇറാനെതിരേ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആ രാജ്യത്തു നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംയുക്ത നീക്കത്തിന് ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചിരിക്കുന്നത്.
ലോകത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസം നേരിട്ടത് ഇരുരാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഉല്‍പാദകര്‍ക്ക് നല്ല വില നല്‍കി ആവശ്യത്തിന് എണ്ണ ഇറക്കുമതി ചെയ്യുന്നതുള്‍പ്പെടെ എണ്ണ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയുടെ ദേശീയ ഊര്‍ജ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി അധ്യക്ഷന്‍ ലി ഫാന്‍ റോങുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും സംയുക്തമായി എണ്ണ- പാചക വാതക മേഖലയില്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഭീകരതക്കെതിരേയും അതിര്‍ത്തി സംഘര്‍ഷവും മുന്‍നിര്‍ത്തി ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാട് തുടരുന്നതിനിടയിലാണ് അസംസ്‌കൃത എണ്ണ മേഖലയില്‍ സഹകരിക്കാന്‍ ഇന്ത്യ-ചൈന തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 26ന് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു.
ഊര്‍ജമേഖലയില്‍ സഹകരണമെന്നത് മുഖ്യ അജന്‍ഡയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായ നീക്കത്തിന് പ്രേരിപ്പിച്ചത് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."