കണ്ണൂര്‍ വിമാനത്താവളം ലക്ഷ്യത്തിലേക്ക് ചുവപ്പുനാടയില്‍ കുരുങ്ങി റോഡ് വികസനം
അഞ്ചരക്കണ്ടി: കണ്ണുര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങാനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുമ്പോഴും ഇതിനൊപ്പം പൂര്‍ത്തിയാക്കേണ്ട റോഡ് വികസനത്തിന്റെ കാര്യത്തില്‍ അവ്യക്തതുടരുന്നു.
വിമാനത്താവളത്തിന് അന്തിമ ലൈസന്‍സ് ലഭിക്കേണ്ട നടപടിക്രമങ്ങള്‍ അടുത്ത മാസം പകുതിയോടെ പൂര്‍ത്തികരിക്കുമ്പോഴാണ് രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച റോഡ് വികസനം സര്‍വേയിലും ഫയലിലും ഒതുങ്ങുന്നത്.
വിമാനത്താവളം വരുന്നതോടെ ഇതുമായി ബന്ധപ്പെടുന്ന മുഴുവന്‍ റോഡുകളിലും വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കും. ഇപ്പോള്‍തന്നെ കണ്ണൂര്‍-മട്ടന്നൂര്‍, തലശ്ശേരി-മട്ടന്നൂര്‍ റോഡുകളില്‍ മണിക്കൂറോളം ഗതാഗതക്കുരുക്ക് പതിവാണ്. ഇതിന് പരിഹാരമെന്ന് നിലയിലാണ് രണ്ടുവര്‍ഷം മുമ്പ് റോഡ് നവീകരിച്ച് നാലുവരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ തലശ്ശേരി, കൊടുവള്ളി ഗേറ്റ്-മമ്പറംഎയര്‍പോര്‍ട്ട് റോഡ് (24.50 കി.മി), കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ് (52.20 കി.മി), മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് (63.5 കി.മി), കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ് (32 കി.മി), തളിപ്പറമ്പ്‌നണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ് (27.2 കി.മി), മേലെചൊവ്വ-ചാലോട്-വായാന്തോട്-എയര്‍പോര്‍ട്ട് റോഡ് (26.30 കി.മി) എന്നിവയാണ് ഉള്‍പ്പെടുത്തിയത്.
ഇതില്‍ മാനന്തവാടി-മട്ടന്നൂര്‍ നാലുവരിപ്പാത, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ് എന്നിവയുടെ സര്‍വേ മാത്രമാണ് നടന്നത്. നിലവിലെ റോഡ് വീതികൂട്ടി നാലുവരിപ്പാത നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. 22 ലക്ഷം രൂപയാണ് സര്‍വേയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.
എകദേശം 65 കിലോമീറ്റാണ് മാനന്തവാടി-മട്ടന്നൂര്‍ റോഡിന്റെ നീളം. ഭൂമി ഏറ്റെടുക്കുന്നതിനായി 917 കോടിയും പദ്ധതി പൂര്‍ത്തികരിക്കാന്‍ 413 കോടിയുമാണ് കണക്കാക്കുന്നത്. കണ്ണൂരില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-മേലെചൊവ്വ റോഡ്. ഒരുവര്‍ഷം മുമ്പ് മെക്കാഡം ടാറിങ് നടത്തിയത് മാത്രമാണ് ഈ റോഡില്‍ നടത്തിയ എക വികസനം.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവളത്തിലേക്ക് കണ്ണൂരില്‍ നിന്ന് ഏളുപ്പത്തില്‍ എത്തിച്ചേരുന്നതിന് വേണ്ടി ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കാന്‍ നിര്‍ദേശം വന്നപ്പോള്‍ ചൊവ്വ-മട്ടന്നൂര്‍ റോഡ് പഴയ വീതിയില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചത്.
സ്ഥലവാസികളുടെ എതിര്‍പ്പ് കാരണം ഗ്രീന്‍ഫീല്‍ഡ് പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിക്കുകയും ചെയ്തു.പുതിയ നിര്‍ദേശപ്രകാരം ഗ്രീന്‍ഫീല്‍ഡ് ഒഴിവാക്കി മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് നാലുവരിപ്പാതയായി ഉയര്‍ത്താണ് കഴിഞ്ഞവര്‍ഷം തീരുമാനിച്ചത്.
വിമാനത്താവളം ഉദ്ഘാടനത്തിന് മുമ്പ് മുഴുവന്‍ റോഡുകളും രണ്ട് വരികളാക്കി മെക്കാഡം ടാറിങ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുപോലും നടക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അനുബന്ധറോഡുകളുടെ വികസനം പൂര്‍ത്തിയായില്ലെങ്കില്‍ ഭീകരമായ ഗതാഗത സ്തംഭനമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."